ഓർമകളിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ വഴിത്തിരിവുകൾ
text_fieldsഷഹീൻ
ബഹ്റൈനിലേക്ക് വരുന്നതിന് മുമ്പുള്ള കാലത്ത്, ഞങ്ങളുടെ ത്രിതല പഞ്ചായത്ത് വാർഡിൽ നടന്ന ചരിത്രപ്രാധാന്യമുള്ള വോട്ടെടുപ്പ് ഇന്നും ഹൃദയത്തിൽ തെളിഞ്ഞുനിൽക്കുന്നു. പാരമ്പര്യമായി കോൺഗ്രസിന്റെ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന വാർഡ് തിരികെ പിടിക്കണമെന്നത് അന്ന് ഞങ്ങൾ ഏറ്റെടുത്ത വലിയ രാഷ്ട്രീയദൗത്യമായിരുന്നു. വനിത സംവരണ വാർഡ് ആയിരുന്നതിനാൽ, പാർട്ടിനിരയിലെ പ്രവർത്തകരിൽ സജീവ സാന്നിധ്യമായിരുന്ന ബാബുവേട്ടന്റെ ഭാര്യയെ സ്ഥാനാർഥിയായി ഉയർത്തിക്കൊണ്ടുവന്നു. ‘എണ്ണയിട്ട യന്ത്രം’ പോലെ ആ തെരഞ്ഞെടുപ്പ് കാലത്ത് ഞങ്ങൾ പ്രവർത്തിച്ചു. ഓരോ വീടും ഓരോ കുടുംബവുമായും വ്യക്തിപരമായി ബന്ധപ്പെട്ടു. പ്രചാരണ യോഗങ്ങൾ, വീട്ടുപര്യടനങ്ങൾ, പങ്കാളിത്ത ചർച്ചകൾ എല്ലാം ചേർന്നൊരു കൂട്ടായ ശ്രമം. നാട്ടിലെ രാഷ്ട്രീയ കാലാവസ്ഥതന്നെ മാറ്റിമറിക്കുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് പോയിരുന്നു.
എന്നാൽ, വോട്ടെണ്ണൽ ദിനത്തിൽ വിധി ഞങ്ങളുടെ ഭാഗത്ത് നിന്നില്ല. വെറും അഞ്ച് വോട്ടിനാണ് ഞങ്ങൾ തോറ്റത്. അന്നത്തെ പരാജയം എല്ലാ പ്രവർത്തകർക്കും വലിയ മനോവിഷമം ഉണ്ടാക്കി. ഇതു മാത്രമല്ല, അതിന് മുമ്പ് അതേ വാർഡിൽതന്നെ ജനകീയനായ ഞങ്ങളുടെ ഏളാപ്പ ആർ.കെ. അബു സഖാവ് പോലും അമ്പത് വോട്ടിന്റെ കുറവിൽ പരാജയപ്പെട്ടിട്ടുണ്ട്. ഒരിക്കൽ ഞങ്ങളുടെ തറവാട്ടിൽനിന്ന് ആരെങ്കിലും മത്സരിച്ചാൽ വിജയം ഉറപ്പാണെന്ന ധാരണക്ക് ജനങ്ങൾക്കിടയിൽ വലിയ സ്ഥാനമുണ്ടായിരുന്ന കാലത്ത് ഇത്തരത്തിലുള്ള പരാജയങ്ങൾ വലിയ തിരിച്ചടികളായിരുന്നു. എന്നിരുന്നാലും, അന്ന് നട്ടുവെച്ച രാഷ്ട്രീയ അടിത്തറ പിന്നീട് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. ഒരിക്കൽ കോൺഗ്രസിന്റെ കരുത്തായിരുന്ന വാർഡ് ഇന്ന് സി.പി.എമ്മിന്റെ ഉറച്ച കോട്ടയായി തീർന്നു.
പ്രവർത്തകരുടെ പതുക്കെ പാകപ്പെടുന്ന കൂട്ടായ ശ്രമവും ജനങ്ങളുടെ മനസ്സിലുള്ള രാഷ്ട്രീയ ബോധവത്കരണവും ചേർന്ന് വാർഡിന്റെ രാഷ്ട്രീയ ഭൂപടം പുതുക്കി അടയാളപ്പെടുത്തി. ഇന്നിവിടെ, അതേ വാർഡ് വീണ്ടും തെരഞ്ഞെടുപ്പ് ചൂടിൽ ഒന്നാകുകയാണ്. ഇപ്രാവശ്യം യു.ഡി.എഫിന്റെ ഭാഗത്തുനിന്ന് ലീഗ് സ്ഥാനാർഥി പരിത്ക്കയും എൽ.ഡി.എഫിൽനിന്ന് സുഹൃത്ത് ഹക്കീമും രംഗത്തുണ്ട്. രണ്ടുപേരും വാർഡിനുള്ളിൽതന്നെ സ്വാധീനമുള്ളവരായതിനാൽ മത്സരം കടുത്തതാണെന്നത് വ്യക്തമാണ്. വികസന വാഗ്ദാനങ്ങൾ, കുടുംബ ബന്ധങ്ങൾ, പാർട്ടി പ്രവർത്തന ചരിത്രം എല്ലാം കൂടി വോട്ടർമാർ അവരുടെ നിലപാട് മാറ്റിവെക്കുന്ന തെരഞ്ഞെടുപ്പാണ് ഈ പ്രാവശ്യം. ജനങ്ങളുടെ വിധി എന്താകുമെന്ന് പറഞ്ഞുതീരാൻ ഇപ്പോൾ ആരാലും കഴിയില്ല. പക്ഷേ, ഒരുകാര്യം ഉറപ്പ്, ഈ വാർഡ് വീണ്ടുമൊരു നിർണായക രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷിയാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

