ഇറക്കുമതിയിൽ ഓളം തീർത്ത് കാർ വിപണി
text_fieldsമനാമ: 2025ന്റെ ആദ്യപകുതി അവസാനിച്ചപ്പോൾ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ എണ്ണത്തിൽ 15 ശതമാനത്തിന്റെ വർധന. വർധിച്ചുവരുന്ന ആവശ്യകത, കുതിച്ചുയരുന്ന പ്രാദേശിക വിപണി, ജനസംഖ്യാ വർധന, നടന്നുകൊണ്ടിരിക്കുന്ന ഭവനവികസനപദ്ധതികൾ, വാഹനമേഖലയിലെ വർധിച്ചുവരുന്ന ഉപഭോക്തൃവായ്പ പ്രവർത്തനങ്ങൾ എന്നിവയുടെ ഫലമായാണിത്.
കഴിഞ്ഞ ആറുമാസം 22,200ലധികം വാഹനങ്ങളാണ് ഇറക്കുമതി ചെയ്തത്. എന്നാൽ 2024ന്റെ ആദ്യ പകുതിയിൽ 19,400 വാഹനങ്ങളായിരുന്നു രാജ്യത്തേക്ക് കൊണ്ടുവന്നത്. അതായത് കഴിഞ്ഞവർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വർധന.
കോവിഡിനുശേഷം ഈ വളർച്ചപ്രവണത സ്ഥിരമായി വർധിച്ചു. 2017ന് ശേഷം ഏറ്റവും കൂടുതൽ കാർ ഇറക്കുമതി ചെയ്തത് 2024ലാണ്. ആകെ 44,216 വാഹനങ്ങളായിരുന്നു കഴിഞ്ഞവർഷം ഇറക്കുമതി ചെയ്തത്. 2017ൽ ഇത് 47,000 ആയിരുന്നു. 2025 ജനുവരിയിലാണ് എട്ട് വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ കാറുകൾ ഇറക്കുമതി ചെയ്തത്. ഏകദേശം 5365 വാഹനങ്ങൾ ആ മാസം മാത്രം രാജ്യത്തിറങ്ങി. വർഷാവസാന ഓഫറുകളും ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ക്രെഡിറ്റ് സൗകര്യങ്ങളും ഈ കുതിച്ചുചാട്ടത്തിന് കാരണമായതായി വിലയിരുത്തുന്നു. മേയിലാണ് ഈ വർഷത്തെ ആദ്യ പകുതിയിലെ ഏറ്റവും കുറഞ്ഞ ഇറക്കുമതി രേഖപ്പെടുത്തിയത്. വെറും 2,453 വാഹനങ്ങളാണ് മേയിൽ ഇറക്കുമതി.
ഇറക്കുമതിയിലെ വളർച്ച ഉപഭോക്തൃ ആത്മവിശ്വാസം മെച്ചപ്പെടുന്നതിനെയും കൂടുതൽ പുതിയ ഉപഭോക്താക്കൾ വിപണിയിലേക്ക് കടന്നുവരുന്നതിനെയും സൂചിപ്പിക്കുന്നു. ഖലീഫ ബിൻ സൽമാൻ പോർട്ടിലൂടെ വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതും അനുയോജ്യമായ കസ്റ്റംസ് നയങ്ങളും ഈ നേട്ടത്തിന് അനുകൂലമായി.
പ്രാദേശിക ഡീലർഷിപ് ഡേറ്റ അനുസരിച്ച് ബഹ്റൈൻ വാഹനവിപണിയിൽ ഓരോ വർഷവും 28,000 മുതൽ 35,000 വരെ പുതിയ വാഹനങ്ങൾ വിറ്റഴിയാറുണ്ട്. പുതിയ കാർ വിൽപനക്കുപുറമെ, രാജ്യത്ത് സജീവമായ ഉപയോഗിച്ച കാർ വിപണിയുമുണ്ട്. പ്രധാനമായും അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നാണ് ഇവയുടെ ഇറക്കുമതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

