ഉപഗ്രഹ ഡിഷുകൾ ഒഴിവാക്കാനുള്ള കാമ്പയിനുമായി കാപിറ്റൽ ട്രസ്റ്റീസ് ബോർഡ്
text_fieldsമനാമ: വീടുകൾക്ക് മുകളിൽ സ്ഥാപിച്ച ഉപയോഗ ശൂന്യമായതും പഴയതുമായ ഉപഗ്രഹ ഡിഷുകൾ ഒഴിവാക്കാനുള്ള കാമ്പയിനുമായി കാപിറ്റൽ ട്രസ്റ്റീസ് ബോർഡ്. വർഷാവസാനത്തോടെ വീടുകളിലോ കെട്ടിടങ്ങളിലോ സ്ഥാപിച്ച ഉപയോഗ ശൂന്യമായ ഇത്തരം ഡിഷുകൾ പൂർണമായും നീക്കം ചെയ്യുക എന്നതാണ് ബോർഡ് ചെയർമാൻ സാലിഹ് തരാദയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ സംരംഭത്തിന്റെ ലക്ഷ്യം. ഇത്തരത്തിൽ ആവശ്യമില്ലാതെ കിടക്കുന്ന ഡിഷുകൾ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുകയും രാജ്യം നിലവിൽ ആവിഷ്കരിക്കുന്ന ആധുനിക സൗന്ദര്യ നടപടികളെ ദുർബലപ്പെടുത്തുന്നതാണെന്നും തറാദ പറഞ്ഞു.
തെരുവുകൾ, പൊതു ഇടങ്ങൾ, നഗരപ്രദേശങ്ങൾ എന്നിവ മനോഹരമാക്കുന്നതിനുള്ള ദേശീയ ശ്രമങ്ങൾക്കിടെ, കാലഹരണപ്പെട്ട ഇത്തരം വസ്തുക്കൾ സൃഷ്ടിക്കുന്ന ദൃശ്യ മലിനീകരണം രാജ്യത്തിന് മോശമായ പ്രതിഫലനമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർദേശം അനുസരിച്ച് ഇത്തരം ഡിഷുകൾ പൂർണമായും നീക്കം ചെയ്യാനോ, സാറ്റലൈറ്റ് സേവനങ്ങൾ ഇപ്പോഴും സബ്സ്ക്രൈബ് ചെയ്യുന്നുണ്ടെങ്കിൽ പഴകിയതിനുപകരം ആധുനിക ബദലുകൾ സ്ഥാപിക്കുകയോ ചെയ്യാൻ പ്രോപ്പർട്ടി ഉടമകളെ പ്രോത്സാഹിപ്പിക്കും.നീക്കത്തെ പിന്തുണച്ചുകൊണ്ട്, ബോർഡിന്റെ സാമ്പത്തിക, ഭരണ, നിയമനിർമാണ സമിതി ചെയർമാൻ ഡോ. അബ്ദുൾഹസ്സൻ അൽ ഡയറി രംഗത്തെത്തി. കെട്ടിട ഉടമകൾക്ക് ഔദ്യോഗിക അറിയിപ്പുകൾ നൽകണമെന്നും, നിയമങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കണമെന്നും, നടപടിയെടുക്കാത്തവർക്ക് പിഴ ചുമത്തണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

