ബഹ്റൈൻ-യു.എസ് ഹെൽത്ത് ഫോറത്തിന് തുടക്കമായി
text_fieldsമനാമ: അമേരിക്കൻ കോഓപറേഷൻ സൊസൈറ്റിയുമായി സഹകരിച്ച് യു.എസ് ചേംബർ ഓഫ് കോമേഴ്സിന് കീഴിൽ യു.എസ്-ബഹ്റൈൻ
സംയുക്ത ഹെൽത്ത് ഫോറത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. ആരോഗ്യ കാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ രക്ഷാധികാരത്തിലായിരുന്നു ഫോറം.
യു.എസ് കോഓപറേറ്റിവ് അസോസിയേഷൻ ഫോർ ഇന്റർനാഷനൽ പേഷ്യന്റ് പ്രോഗ്രാമിന്റെ സഹകരണത്തോടെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഫോറത്തിൽ വിവിധ ഹോസ്പിറ്റലുകളുടെ സഹകരണവുമുണ്ട്. ബഹ്റൈനും അമേരിക്കയും തമ്മിൽ ആരോഗ്യ പരിചരണ മേഖലയിൽ നീണ്ടകാലത്തെ സഹകരണം നിലനിൽക്കുന്നതായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈനിലെ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ രാജ്യത്തെ പഴക്കം ചെന്ന ആശുപത്രികളിലൊന്നാണ്. ഏറ്റവും പുതിയ ചികിത്സ രീതികളും മെഡിക്കൽ ഉപകരണങ്ങളും മേഖലക്ക് സംഭാവന ചെയ്യുന്നതിൽ പ്രസ്തുത സ്ഥാപനത്തിന്റെ പങ്ക് ചെറുതല്ല.
ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ മുന്നോട്ടുവന്ന നടപടിയെ അദ്ദേഹം പ്രത്യേകം പ്രശംസിക്കുകയും ഫോറം വിജയത്തിലെത്തട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ആരോഗ്യ പരിചരണ മേഖലയിൽ അമേരിക്കയുടെ പരിചയ സമ്പത്ത് ഉപയോഗപ്പെടുത്തുന്നതിൽ ബഹ്റൈന് അത്യധികം താൽപര്യമുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളിൽനിന്നുമായി ആരോഗ്യ മേഖലയിൽനിന്നുളള 80 ഓളം വിദഗ്ധരും വിവിധ ആരോഗ്യ സ്ഥാപനങ്ങളും ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്.