ലാൽ ജോസിന്റെ തേനീച്ചകൾ
text_fieldsലാൽ ജോസ്
മനാമ: നിറയെ തേനുള്ള തേനീച്ചക്കൂടുപോലെയാണ് ലാൽ ജോസിന്റെ സിനിമകൾ. പ്രേക്ഷകരെ ആവോളം തേനൂട്ടുന്ന ചേരുവകൾ അതിലുണ്ടാകും. ഒരു നിറകൺ ചിരി സമ്മാനിക്കുന്നതാണ് തന്റെ സിനിമകൾ എന്ന് അദ്ദേഹം തന്നെ പറയാറുണ്ട്.
കണ്ണീരും പുഞ്ചിരിയും പ്രണയവും വിരഹവും തമാശയുമെല്ലാം ഇഴുകിച്ചേർന്നുകിടക്കുന്ന കാഴ്ചവസന്തമാണ് ലാൽ ജോസ് ഒരുക്കുന്ന സിനിമകൾ. അതുകൊണ്ടുതന്നെ തന്റെ പുതിയ സിനിമക്ക് അദ്ദേഹം തിരഞ്ഞെടുത്ത പേരും തേൻമധുരമുള്ളതാണ്; 'സോളമന്റെ തേനീച്ചകൾ'. ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ ലാൽ ജോസ് തന്റെ പുതിയ സിനിമയെക്കുറിച്ചും മാറുന്ന കാലത്തെ സിനിമാ രീതികളെക്കുറിച്ചും 'ഗൾഫ് മാധ്യമ'ത്തോട് സംസാരിച്ചു:
പേരിലെ അഴക്
ആദ്യ സിനിമയായ 'ഒരു മറവത്തൂർ കനവ്' തൊട്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ തൊട്ടുവിളിക്കുന്ന പേരുകൾ നൽകുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നയാളാണ് ലാൽ ജോസ്. അഴകും ലാളിത്യവും നിറഞ്ഞുനിൽക്കുന്ന പേരുകളോടാണ് അദ്ദേഹത്തിന് താൽപര്യം. മീശ മാധവൻ, ചാന്തുപൊട്ട്, ക്ലാസ്മേറ്റ്സ്, എത്സമ്മ എന്ന ആൺകുട്ടി, അയാളും ഞാനും തമ്മിൽ, മ്യാവൂ തുടങ്ങിയ പേരുകൾ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയതാണ്. പുതിയ സിനിമയിൽ ജോജു അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേര് സോളമൻ എന്നാണ്.
ആലോചനകൾക്കൊടുവിൽ സിനിമക്ക് 'സോളമന്റെ തേനീച്ചകൾ' എന്ന പേര് തലയിലുദിച്ചപ്പോഴാണ് ഇതേ പേരിൽ ജസ്റ്റിസ് കെ.ടി. തോമസിന്റെ ഓർമക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യം അറിയുന്നത്. ഒടുവിൽ അദ്ദേഹത്തെ ചെന്നുകണ്ട് സമ്മതം വാങ്ങിയശേഷമാണ് സിനിമക്ക് ഈ പേരിട്ടത്. ലാൽജോസ് ഇതുവരെ ചെയ്ത 26 സിനിമകളിൽനിന്നും വ്യത്യസ്തമായ രുചിവഴികളിലൂടെ സഞ്ചരിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. റൊമാന്‍റിക് ത്രില്ലർ എന്ന് ഇതിനെ വിശേഷിപ്പിക്കാമെന്ന് അദ്ദേഹം പറയുന്നു.
റിയാലിറ്റി ഷോയിലെ കണ്ടെത്തൽ
പുതുമുഖങ്ങളെവെച്ച് സിനിമ ചെയ്യാനുള്ള ധൈര്യം എന്നും കാണിച്ചിട്ടുള്ളയാളാണ് ലാൽ ജോസ്. സിനിമയിൽ ആരുണ്ട് എന്നതിനപ്പുറും സിനിമ എങ്ങനെയുണ്ട് എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറയുന്നു.
സിനിമ എന്നതിന് ഒരു ചൂതാട്ട സ്വഭാവമുണ്ട്. നല്ല സിനിമയാണ് പ്രേക്ഷകർക്ക് നൽകുന്നതെങ്കിൽ തീർച്ചയായും കാണാൻ ആളുണ്ടാകും.
മൂന്നുവർഷം മുമ്പ് ചെയ്ത ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിൽനിന്ന് തിരഞ്ഞെടുത്ത നാലുപേരാണ് പുതിയ സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
ജോജു ജോർജ്, ജോണി ആന്‍റണി എന്നിവർക്കൊപ്പം റിയാലിറ്റി ഷോയിലെ കണ്ടെത്തലുകളായ ശംഭു മേനോൻ, ആഡിസ് അക്കര, വിൻസി അലോഷ്യസ്, ദർശന എസ്. നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പുതിയ കാലത്തെ പ്രേക്ഷകർ
മൂന്ന് പതിറ്റാണ്ടിലധികമായി സിനിമ മേഖലയിലുള്ളയാളാണ് ലാൽ ജോസ്. സംവിധായകൻ കമലിന്റെ കൂടെ ഒമ്പതുവർഷം സഹസംവിധായകനായി പ്രവർത്തിച്ചശേഷമാണ് 1998ൽ സ്വന്തമായി സിനിമ സംവിധാനം ചെയ്തത്.'പുതിയ തലമുറയുടെ വികാരങ്ങളും ബന്ധങ്ങളും മാറി. അച്ഛനോടും അമ്മയോടും പെരുമാറിയിരുന്ന രീതിയിലും മാറ്റം വന്നു. ഞാൻ ആസ്വദിക്കുന്ന പാട്ടല്ല എന്റെ മക്കൾ ആസ്വദിക്കുന്നത്. ഞാൻ കാണാൻ ഇഷ്ടപ്പെടുന്ന സിനിമകളല്ല മക്കൾ കാണാൻ ഇഷ്ടപ്പെടുന്നത്. എന്താണ് അവരെ ആകർഷിക്കുന്നത് എന്നാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. ആ പഠനം നമുക്ക് നിർത്താൻ പറ്റില്ല.'
'അതോടൊപ്പം മതത്തിന്റെയും ജാതിയുടെയും ചിന്തകൾ തിരിച്ചുവരുകയും ചെയ്തു. വസ്ത്രധാരണത്തിലൂടെ തന്റെ മതം വ്യക്തമാക്കാനാണ് ഇപ്പോൾ ആളുകളുടെ ശ്രമം. രാഷ്ട്രീയമായും സംസ്കാരികമായും വൈരുധ്യം നിറഞ്ഞ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരുഭാഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുമ്പോൾ മറുഭാഗത്ത് യാഥാസ്ഥിതികതയും സങ്കുചിതത്വവും പിടിമുറുക്കുന്നു. ഇതൊക്കെ സിനിമയെയും ബാധിക്കുന്നുണ്ട്. ഈ വൈരുധ്യത്തിന് നടുവിലാണ് പഴയ തലമുറയുടെയും പുതിയ തലമുറയുടെയും ഇടയിലുള്ള ഒരു വിഭാഗം.
മാറുന്ന സിനിമാ രീതികൾ
10 വർഷം കൂടുമ്പോൾ മാറ്റങ്ങൾ സംഭവിക്കുന്നു എന്നത് സിനിമയുടെ പൊതുസ്വഭാവമാണെന്ന് ലാൽ ജോസ് പറയുന്നു. 'ഡിജിറ്റൽ യുഗത്തിന്റെ വരവോടെ സിനിമയിൽ ഏതെങ്കിലും ആളുകളുടെ അപ്രമാദിത്വം ഇല്ലാതായി. ഇന്ന് മൊബൈലിൽ ഷൂട്ട് ചെയ്തുപോലും സിനിമ ഇറങ്ങുന്നുണ്ട്. .
ഒരുദശകം മുമ്പ് ഒരുവർഷം 60 സിനിമകളാണ് ഇറങ്ങിയിരുന്നതെങ്കിൽ ഇന്ന് 200ലധികം സിനിമകളാണ് ഇറങ്ങുന്നത്. കഴിഞ്ഞ മേയ് അവസാനത്തെ രണ്ടാഴ്ച മാത്രം 24 സിനിമകൾ പുറത്തിറങ്ങി. ഇതിൽ പ്രേക്ഷകരുടെ ഓർമയിലുള്ളത് ഒന്നോ രണ്ടോ പേരുകളായിരിക്കും. അതേസമയം, എല്ലാവർക്കും അവസരം കിട്ടുന്നു എന്നതാണ് ഇതുകൊണ്ടുണ്ടായ ഗുണകരമായ മാറ്റം. അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും കൂടുതൽ പ്രവർത്തന പരിചയവും നേടാനാകുന്നു. മറുവശത്ത് നിരവധി പേർ പാപ്പരാകുന്നുമുണ്ട്. 200 സിനിമകളിൽ 160 എണ്ണവും പൂർണ നഷ്ടമായിരിക്കും. ചില സിനിമകൾ റിലീസ് ചെയ്ത് ആദ്യദിവസം ഒറ്റ ഷോ പോലും നടക്കാത്ത തിയറ്ററുകളുണ്ട്.'
'ഒ.ടി.ടിയിൽ സിനിമ വന്നാൽ നിർബന്ധമായും ആളുകൾ കാണും എന്നൊരു ധാരണയുണ്ടായിരുന്നു. അത് തെറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞു. പയറ്റിത്തെളിഞ്ഞ സംവിധായകരുടെയും അഭിനേതാക്കളുടെയും സിനിമകൾക്കേ അവിടെയും സാധ്യതയുള്ളൂ. ഒരു സിനിമ കണ്ടേക്കാം എന്ന് പ്രേക്ഷകർ തീരുമാനിക്കുന്നത് എന്തുകൊണ്ടാണെന്ന് പിടികിട്ടുന്നില്ല. എല്ലാ കാലത്തും പ്രേക്ഷകന്റെ കരുത്ത് അതാണ്. സിനിമകളുടെ കുത്തൊഴുക്കിനെയൊന്നും അവൻ മൈൻഡ് ചെയ്യുന്നില്ല.
സിനിമകളുടെ ഇപ്പോഴുള്ള ഈ കുത്തൊഴുക്ക് അടുത്ത അഞ്ചോ ആറോ വർഷം കൊണ്ട് ഇല്ലാതാകും. ഗൾഫിൽനിന്നുള്ള വിസിറ്റിങ് പ്രൊഡ്യൂസർമാരുടെ വരവും അധികം വൈകാതെ നിൽക്കാനാണ് സാധ്യത. ഒ.ടി.ടി പ്ലാറ്റ്ഫോമിലും മാറ്റങ്ങൾ വരും. ഒരു സിനിമ കാണണമെങ്കിൽ അതിനുള്ള ടിക്കറ്റ് എടുത്താൽ മതിയെന്ന സ്ഥിതി വരുന്നതോടെ എല്ലാ ഒ.ടി.ടി പ്ലാറ്റ്ഫോമിലും അക്കൗണ്ട് എടുക്കേണ്ട അവസ്ഥ ഒഴിവാകും'.
സിനിമകളോടുള്ള ഇഷ്ടം പോലെ യാത്രയെയും ഏറെ ഇഷ്ടപ്പെടുന്ന ലാൽ ജോസിന്റെ പുതിയ ആഗ്രഹം ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങുക എന്നതാണ്. മുമ്പ് കൊച്ചിയിൽനിന്ന് കാർമാർഗം ലണ്ടനിലേക്ക് സഞ്ചാരം നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് ഇത് ചെറിയൊരു ആഗ്രഹം മാത്രം.