ബഹ്‌റൈൻ-കേരള എയർ ഇന്ത്യ സർവിസുകൾ മുടങ്ങുന്നു: കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് കൈമാറി ഷാഫി പറമ്പിൽ എം.പി
text_fieldsമനാമ/ന്യൂഡൽഹി : ബഹ്‌റൈൻ-കേരള റൂട്ടിൽ എയർ ഇന്ത്യ വിമാന സർവീസുകൾ അടിക്കടി റദ്ദാക്കുന്നതിനെ തുടർന്ന് ആയിരക്കണക്കിന് പ്രവാസി മലയാളികൾ നേരിടുന്ന കടുത്ത ദുരിതത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വടകര എം.പി ഷാഫി പറമ്പിൽ കേന്ദ്ര വ്യോമയാന മന്ത്രി കിൻജരാപ്പു രാംമോഹൻ നായിഡുവിന് കത്ത് കൈമാറി.
ചികിത്സ ആവശ്യങ്ങൾ, കുട്ടികളുടെ സ്കൂൾ-കോളേജ് പ്രവേശനം, കുടുംബപരമായ ചടങ്ങുകൾ എന്നിവയ്ക്കായി ലീവിനെത്തി തിരികെ മടങ്ങാനിരിക്കുന്ന സാധാരണക്കാരായ പ്രവാസികളെയാണ് വിമാനങ്ങൾ പെട്ടെന്ന് റദ്ദാക്കുന്നത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. കൃത്യസമയത്ത് ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തൊഴിലും വർക്ക് വിസയും നഷ്ടപ്പെടാൻ ഇടയുള്ള സാഹചര്യമാണ് നിലവിലുള്ളത്.
ഷാഫി പറമ്പിൽ എം.പി
അവസാന നിമിഷം മറ്റ് എയർലൈനുകളിൽ ടിക്കറ്റ് എടുക്കുന്നത് തുച്ഛമായ വരുമാനമുള്ള തൊഴിലാളികൾക്ക് സാമ്പത്തികമായി താങ്ങാൻ കഴിയില്ലെന്നും, മറ്റ് വിമാനങ്ങളിൽ ടിക്കറ്റുകൾ പൂർണ്ണമായും ബുക്ക് ചെയ്ത അവസ്ഥയിലാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇതേ റൂട്ടിൽ മറ്റ് വിമാന കമ്പനികൾ തടസ്സമില്ലാതെ സർവീസ് നടത്തുമ്പോഴാണ് എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് തുടർച്ചയായി വീഴ്ചയുണ്ടാകുന്നത്. ആദ്യം ജൂലൈ അവസാന വാരത്തിലേക്ക് മാറ്റിയ സർവീസുകൾ പിന്നീട് ഓഗസ്റ്റ് 2-ലേക്കും, ഇപ്പോൾ ആഗസ്റ്റ് 13 വരെയുമാണ് റദ്ദാക്കിയിരിക്കുന്നത്.
ഓണം അടുത്തെത്തിയിരിക്കെ യാത്രക്കാരുടെ എണ്ണം ഇനിയും വർധിക്കാനിടയുണ്ടെന്നും ഇത് പ്രവാസികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നും എം.പി വ്യക്തമാക്കി. അതിനാൽ വിഷയം മാനുഷിക പരിഗണനയോടെ കണ്ട്, ബഹ്‌റൈൻ-കേരള റൂട്ടിലെ എയർ ഇന്ത്യ സർവീസുകൾ അടിയന്തരമായി പുനഃസ്ഥാപിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. വേണ്ട് നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും ഷാഫി പറമ്പിൽ പറഞ്ഞു.
അടിയന്തര പരിഹാരത്തിന് കേന്ദ്രവ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രവാസി വെൽഫെയർ
മനാമ: ബഹ്‌റൈൻ-ഇന്ത്യ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ആവർത്തിച്ച് റദ്ദാക്കുന്നതിനെതിരെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവിന് കത്തയച്ച് പ്രവാസി വെൽഫെയർ. ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന യാത്രാ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് മജീദ് തണൽ കത്ത് അയച്ചത്. അവധിക്കാലങ്ങളിലും പീക്ക് സീസണുകളിലും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ യാത്ര പുറപ്പെടുന്നതിന് കുറഞ്ഞ ദിവസങ്ങൾക്ക് മുമ്പ് സർവീസ് റദ്ദാക്കുന്നത് ബഹറൈനിൽ നിന്നും നാട്ടിലേക്കും നാട്ടിൽ നിന്നും ബഹ്റൈനിലേക്കും ഉള്ള യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയും മാനസിക സമ്മർദ്ദവും ഉണ്ടാക്കുന്നു. പകരം ടിക്കറ്റുകൾ എടുക്കാൻ ശ്രമിക്കുമ്പോൾ ഇരട്ടിയിലധികം നിരക്കാണ് ഈടാക്കുന്നത്. 2-3 വർഷത്തിലൊരിക്കൽ മാത്രം നാട്ടിൽ പോകാൻ അവസരം കിട്ടുന്ന പ്രവാസികളുടെ കാത്തിരിപ്പിന് ഇത് വലിയ തിരിച്ചടിയാണ്.
മേഖലയിലെ സാഹചര്യം കാരണം ചില ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും മറ്റ് എയർലൈനുകൾ സർവീസ് തുടരുമ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് മാത്രം സർവീസുകൾ ആവർത്തിച്ചു റദ്ദാക്കുന്നത് ദുരൂഹമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. അതുകൊണ്ട് ബഹ്‌റൈൻ-ഇന്ത്യ സെക്ടറിലെ ആവർത്തിച്ചുള്ള റദ്ദാക്കലുകളുടെ കാരണങ്ങൾ അന്വേഷിക്കണം എന്നും യാത്രക്കാർക്ക് സമയബന്ധിതമായ അറിയിപ്പ് നൽകാൻ ഡി.ജി.സി.എ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നിർദ്ദേശം നൽകുകയും വിമാനം റദ്ദായാൽ ബദൽ ക്രമീകരണം ഉറപ്പാക്കണം എന്നും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ഗൾഫിലെ അവധിക്കാലങ്ങളിൽ പ്രവാസികളുടെ താൽപര്യം സംരക്ഷിക്കാൻ ആവശ്യമായ വിമാന സർവീസുകൾ വർദ്ധിപ്പിക്കണം. ഇത് ഒരു എയർലൈനെതിരായ പരാതിയല്ലെന്നും വിദേശത്തുള്ള സാധാരണ ഇന്ത്യൻ പൗരന്മാരുടെ താൽപര്യം സംരക്ഷിക്കാനുള്ള വിനീതമായ അഭ്യർത്ഥനയാണെന്നും പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ അയച്ച നിവേദനത്തിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


