വിവാഹത്തിന് മുമ്പ് ആരോഗ്യ പരിശോധന വേണം; പുതിയ നിയമനിർമാണത്തിനൊരുങ്ങി ബഹ്റൈൻ
text_fieldsമനാമ: വിവാഹത്തിനു മുൻപുള്ള ആരോഗ്യ പരിശോധനകൾ നിർബന്ധമാക്കുന്ന പുതിയ നിയമനിർമാണത്തിനൊരുങ്ങി ബഹ്‌റൈൻ. നിലവിൽ പാരമ്പര്യരോഗങ്ങളും പകർച്ചവ്യാധികളും കണ്ടെത്താനുള്ള പരിശോധനകൾക്ക് പുറമെ, മാനസികാരോഗ്യ പരിശോധനകളും മയക്കുമരുന്ന് ഉപയോഗത്തിനുള്ള പരിശോധനകളും ഉൾപ്പെടുത്താനാണ് പുതിയ നിർദേശം. ബഹ്‌റൈൻ കൗൺസിൽ ഓഫ് റെപ്രസെന്റേറ്റീവ്സിലെ സേവന സമിതിയാണ് ബിൽ പരിഗണിക്കുന്നത്.
വിവാഹത്തിനൊരുങ്ങുന്ന ദമ്പതികൾക്ക് പാരമ്പര്യ, പകർച്ചവ്യാധികൾ, മാനസികാരോഗ്യം, നിയമവിരുദ്ധമായ മയക്കുമരുന്നുകളുടെ ഉപയോഗം എന്നിവ കണ്ടെത്താനുള്ള പരിശോധനകൾ നിർബന്ധമാക്കാനാണ് നിയമം ലക്ഷ്യമിടുന്നത്. ആവശ്യമെങ്കിൽ കൂടുതൽ പരിശോധനകൾ കൂട്ടിച്ചേർക്കാൻ ആരോഗ്യ മന്ത്രിക്ക് നിയമം അധികാരം നൽകുന്നു. കൂടാതെ, വിവാഹത്തിന് മുമ്പ് പരിശോധനകൾ പൂർത്തിയാക്കിയെന്ന് ഉറപ്പുവരുത്തേണ്ടത് വിവാഹ രജിസ്ട്രാർമാരുടെ ചുമതലയായിരിക്കും. ഡോക്ടർമാർ ദമ്പതികൾക്ക് ആവശ്യമായ ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകണം.
ബഹ്റൈനിലെ നിയമനിർമാണം ആധുനികവൽക്കരിക്കാനും ആരോഗ്യമുള്ള കുടുംബങ്ങൾക്ക് ശക്തമായ അടിത്തറ ഉണ്ടാക്കാനുമാണ് ഈ ഭേദഗതി ലക്ഷ്യമിടുന്നതെന്ന് എം.പി ബസ്മ മുബാറക് പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. പരമ്പരാഗതമായ പരിശോധനകളിൽ മാത്രം ഒതുങ്ങാതെ, മാനസികവും സാമൂഹികവുമായ ക്ഷേമം കൂടി കണക്കിലെടുത്ത് സമഗ്രമായ ആരോഗ്യപരിശോധനയാക്കി മാറ്റേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു.
“നിയമത്തിന്റെ ലക്ഷ്യം വൈദ്യപരമായ പ്രതിരോധം മാത്രമല്ല, കുടുംബ ഭദ്രതയും സമൂഹത്തിന്റെ ക്ഷേമവും സംരക്ഷിക്കുക കൂടിയാണെന്നും മുബാറക് പറഞ്ഞു. പല വിവാഹമോചന കേസുകൾക്കും കുടുംബത്തകർച്ചയ്ക്കും കാരണം ശരിയായ രീതിയിൽ കൈകാര്യം ചെയ്യാത്ത ആരോഗ്യപരമോ പെരുമാറ്റപരമോ ആയ പ്രശ്നങ്ങളാണ്. മയക്കുമരുന്ന് ഉപയോഗം പോലെയുള്ള കാര്യങ്ങൾ നേരത്തേ കണ്ടെത്തുന്നത് ഒരു വിവാഹം സാധ്യമാണോ എന്ന് തീരുമാനിക്കാൻ സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
നിലവിൽ ബഹ്റൈനിലെ നിയമം പാരമ്പര്യരോഗങ്ങളിലും പകർച്ചവ്യാധികളിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലെ വിപുലീകരിച്ച വിവാഹപൂർവ പരിശോധനാ പരിപാടി ആറ് വർഷത്തിനുള്ളിൽ പ്രതിസന്ധിയിലാകേണ്ടിയിരുന്ന നിരവധി വിവാഹങ്ങൾ കുറച്ചതായി അവർ ഉദാഹരണമായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

