ബഹ്റൈൻ തൊഴിൽനിയമം: രാജി, പിരിച്ചുവിടൽ, ആനുകൂല്യങ്ങൾ
text_fields?നിലവിലുള്ള തൊഴിൽ കരാർ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ഞാൻ ജോലി രാജിവെച്ചാൽ, എനിക്ക് നിയമപരമായ എന്തെങ്കിലും സാമ്പത്തിക ബാധ്യതകൾ ഉണ്ടാകുമോ? കൂടാതെ, ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ എന്റെ അവസാന സർവിസ് ആനുകൂല്യങ്ങൾ നിയമപ്രകാരം എങ്ങനെയൊക്കെയാണ് കണക്കാക്കുന്നത്?
വിനോദ് വടകര
• തൊഴിൽ കരാർ കാലാവധി പൂർത്തിയാകുന്നതിനുമുമ്പ്, കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ള നോട്ടീസ് കാലാവധി കൃത്യമായി നൽകി രാജിവെക്കുകയാണെങ്കിൽ, തൊഴിലാളിക്ക് തൊഴിൽ നിയമപ്രകാരം പൊതുവെ സാമ്പത്തികബാധ്യതകളൊന്നും ഉണ്ടാകില്ല. തിരികെ പോകുന്നതിനുള്ള ടിക്കറ്റിന്റെ വ്യവസ്ഥകൾ തൊഴിൽ കരാറിൽ വ്യക്തമായി പറയുന്നില്ലെങ്കിൽ, യാത്രച്ചെലവ് തൊഴിലാളി സ്വന്തമായി വഹിക്കണം.
നോട്ടീസ് നൽകാതെ ജോലിയിൽ നിന്ന് മനഃപൂർവം മാറി നിൽക്കുകയാണെങ്കിൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ തൊഴിലുടമക്ക് നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാൻ അർഹതയുണ്ട്. എന്നാൽ, അത്തരം സന്ദർഭങ്ങളിൽ നഷ്ടപരിഹാരത്തുക തീരുമാനിക്കാനുള്ള അധികാരം കോടതിക്കാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽ കരാറിൽ കരാർ വ്യവസ്ഥപ്രകാരം തൊഴിലാളി തൊഴിലുടമക്ക് ഏതെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് വ്യവസ്ഥയുണ്ടെങ്കിൽ, ആ വ്യവസ്ഥ പാലിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്.
വിസയുടെ ചിലവ് തിരികെ നൽകാമെന്നുള്ള വ്യവസ്ഥ നിയമപരമല്ല. ജോലിയിൽ നിന്നും പിരിച്ചുവിട്ടാൽ പിരിഞ്ഞുപോകുമ്പോൾ ലഭിക്കുന്ന ആനുകൂല്യം ഇപ്പോൾ സോഷ്യൽ ഇൻഷുറൻസിൽ നിന്നാണ് ലഭിക്കുന്നത്.
2024 മാർച്ച് വരെയുള്ള ആനുകൂല്യം തൊഴിലുടമ തരണം. അതിന് ശേഷമുള്ള ആനുകൂല്യം ഗോസിയിൽ നിന്ന് ലഭിക്കും. ആനുകൂല്യം കണക്കാക്കുന്നത് ആദ്യത്തെ മൂന്ന് വർഷം ഓരോ വർഷത്തിനും 15 ദിവസത്തെ അടിസ്ഥാന ശമ്പളവും മൂന്ന് വർഷത്തിന് ശേഷം ഓരോ വർഷത്തിനും ഒരു മാസത്തെ അടിസ്ഥാന ശമ്പളവും ആണ് ലഭിക്കുക. ജോലിയിൽ നിന്ന് രാജിവെച്ചാലും ഈ ആനുകൂല്യം ലഭിക്കും.
വിസ കാലാവധി കഴിഞ്ഞിട്ടും ഇവിടെ താമസിക്കുന്നവർ
? എന്റെ താമസാനുമതി അഥവാ വിസയുടെ കാലാവധി കഴിഞ്ഞാൽ ഞാൻ രാജ്യം വിടുന്നതിന് മുമ്പ് എന്ത് നിയമനടപടികൾ പൂർത്തിയാക്കണം? വിസ പുതുക്കാൻ കഴിയാത്ത സാഹചര്യത്തിൽ രാജ്യത്ത് തുടരുന്നത് വഴി എനിക്ക് നേരിടേണ്ടി വരുന്ന പിഴകൾ അല്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കും?
മുനീർ മുഹമ്മദ്
• നിലവിൽ വിസ സ്പോൺസർ ചെയ്ത വ്യക്തി/സ്ഥാപനം മുഖേന, വിസയുടെ കാലാവധിതീയതി മുതൽ നിങ്ങൾ തിരികെ പോകുന്ന ദിവസം വരെയുള്ള കാലയളവിലേക്കുള്ള പിഴ അടച്ച് വിസ പുതുക്കണം. ഇങ്ങനെ പിഴ അടച്ച് വിസ പുതുക്കിയാൽ മാത്രമേ നിങ്ങൾക്ക് നിയമപരമായി രാജ്യത്ത് നിന്ന് പുറത്തുപോരാൻ സാധിക്കൂ. വിസ കഴിഞ്ഞ് ഇവിടെ താമസിക്കുന്നത് നിയമപരമല്ല. അതുകൊണ്ട് നിലവിലെ വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ രാജ്യത്ത് നിന്ന് മടങ്ങുന്നതാണ് ഉചിതം. രാജ്യത്ത് തുടരണമെങ്കിൽ, കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ പുതിയ ജോലി കണ്ടെത്തി നിയമപരമായ മറ്റ് വിസയിലേക്ക് മാറാൻ ശ്രമിക്കുക. വിസ ഇല്ലാതെ പൊലീസ് പിടിച്ചാൽ ജയിൽ ശിക്ഷയുണ്ട്. ശിക്ഷക്കുശേഷം അധികൃതർ നിങ്ങളെ രാജ്യത്ത് നിന്ന് ഡിപോർട്ട് ചെയ്താൽ പിന്നീട് ബഹ്റൈനിലേക്ക് തിരികെ പ്രവേശിക്കാൻ സാധിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

