ബഹ്‌റൈൻ കേരളീയ സമാജം ആരോഗ്യമിത്രം അവാർഡ് ഡോ. വി.പി. ഗംഗാധരന് സമ്മാനിച്ചു
text_fieldsബഹ്‌റൈൻ കേരളീയ സമാജം ആരോഗ്യമിത്രം അവാർഡ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ഡോ. വി.പി. ഗംഗാധരന് സമ്മാനിക്കുന്നു
മനാമ: മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ബഹ്‌റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ 'ആരോഗ്യ മിത്രം' അവാർഡ് പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. വി.പി. ഗംഗാധരന് സമ്മാനിച്ചു. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയാണ് ലക്ഷം രൂപയും മെമന്റോയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിച്ചത്.
അവാർഡ് കമ്മിറ്റിയിൽ വന്ന നിരവധി പേരുകൾക്കിടയിൽ നിന്ന് നിസ്സംശയം ഡോ. വി.പി. ഗംഗാധരനെ തിരഞ്ഞെടുക്കാനായെന്നും രോഗികളുമായി അദ്ദേഹം നിലനിർത്തുന്ന സ്നേഹബന്ധം ഊഷ്മളമാണെന്നും പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു.
ബഹ്‌റൈൻ കേരളീയ സമാജം പുതുതായി രൂപവത്കരിക്കുന്ന കാൻസർ അസിസ്റ്റൻസ് ഫോറത്തിന്റെ ഉദ്ഘാടനം ഡോ. വി.പി. ഗംഗാധരൻ നിർവഹിച്ചു. സമാജത്തിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, അർബുദ രോഗികളുടെ സഹായത്തിനുവേണ്ടിയുള്ള സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. പ്രശസ്ത ഓങ്കോളജിസ്റ്റും ഡോ. വി.പി. ഗംഗാധരന്റെ ഭാര്യയുമായ ഡോ. കെ. ചിത്രതാര, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

