ഗസ്സയിൽ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം; അപലപിച്ച് ബഹ്‌റൈൻ ജേണലിസ്റ്റ്സ് അസോസിയേഷൻ
text_fieldsമനാമ: ഗസ്സയിൽ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ ഇസ്രായേലി ആക്രമണത്തെ ബഹ്‌റൈൻ ജേണലിസ്റ്റ്സ് അസോസിയേഷൻ (ബി.ജെ.എ) ശക്തമായി അപലപിച്ചു. കഴിഞ്ഞ ദിവസം അഞ്ച് ഫലസ്തീൻ മാധ്യമപ്രവർത്തകരും ഫോട്ടോഗ്രാഫർമാരും കൊല്ലപ്പെട്ടതോടെ ഗസ്സയിൽ രക്തസാക്ഷികളായ മാധ്യമപ്രവർത്തകരുടെ എണ്ണം 237 ആയി.
സത്യം ലോകത്തെ അറിയിക്കാൻ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന എല്ലാ മാധ്യമപ്രവർത്തകർക്കും ബി.ജെ.എ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മാധ്യമപ്രവർത്തകർക്ക് സുരക്ഷിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനുള്ള അവസരം നൽകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ ശക്തമായ പിന്തുണയും ബി.ജെ.എ ആവർത്തിച്ചു.
ഫലസ്തീൻ ജേണലിസ്റ്റ്സ് സിൻഡിക്കേറ്റിലെ സഹപ്രവർത്തകരെയും സഹോദരങ്ങളെയും ബി.ജെ.എ അനുശോചനം അറിയിച്ചു. കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഗസ്സയിൽ ആറ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. അൽജസീറ റിപ്പോർട്ടർമാരായ അനസ് അൽ ശരീഫ്, മുഹമ്മദ് ഖുറൈഖ്, കാമറ ഓപറേറ്റർമായ ഇബ്രാഹീം സഹീർ, മുഹമ്മദ് നൗഫൽ, മുആമീൻ അലിവ എന്നിവരും യൂട്യൂബ് ചാനൽ പ്രവർത്തകൻ മുഹമ്മദ് അൽ ഖാലിദിയുമാണ് കൊല്ലപ്പെട്ടത്.
അൽ ശിഫ ആശുപത്രിയുടെ മെയിൻ ഗേറ്റിന് സമീപത്തുണ്ടായ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ, ഗസ്സ സിറ്റിയുടെ കിഴക്ക്, തെക്ക് ഭാഗങ്ങളിൽ ഇസ്രായേൽ ആക്രമണം രൂക്ഷമാകുന്നതായി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

