ബഹ്‌റൈനിൽ ലോകോത്തര സൂപ്പർകാർ മ്യൂസിയം നിർമാണത്തിന് നിർദേശം
text_fieldsമനാമ: ബഹ്‌റൈന്റെ മോട്ടോർ സ്‌പോർട്‌സ് ചരിത്രത്തിന് പുതിയ പൊൻതൂവൽ ചാർത്താനൊരുങ്ങി അധികൃതർ. ലോകത്തിലെ അതിവേഗമേറിയതും ആഡംബരപൂർണ്ണവുമായ കാറുകൾക്കായി ലോകോത്തര നിലവാരത്തിലുള്ള ഒരു മ്യൂസിയം സ്ഥാപിക്കാനുള്ള നിർദ്ദേശത്തിന് തെക്കൻ മുനിസിപ്പൽ കൗൺസിൽ ഐകകണ്ഠ്യേന അംഗീകാരം നൽകി. കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് ആണ് ഈ ആശയം മുന്നോട്ടുവെച്ചത്.
ഇതൊരു സാധാരണ മ്യൂസിയം എന്നതിലുപരി സന്ദർശകർക്ക് കാറുകളുമായി അടുത്തിടപഴകാനും വിവിധ പരിപാടികളിൽ പങ്കുചേരാനും കഴിയുന്ന ഒരു ഇന്ററാക്ടീവ് കേന്ദ്രമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മക്ലാരൻ, ഫെറാറി, ലംബോർഗിനി, ആൽഫ റോമിയോ, പഗാനി, ഹെന്നസി തുടങ്ങിയ പ്രശസ്തമായ സൂപ്പർകാർ ബ്രാൻഡുകളെ ഇവിടെ പ്രദർശിപ്പിക്കും. ഇത്തരത്തിലുള്ള ആഡംബര കാറുകൾക്കായി മാത്രമായി ലോകത്ത് ഒരു മ്യൂസിയം നിലവിലില്ലാത്തതിനാൽ ഇത് രാജ്യത്തിന്റെ ടൂറിസം മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതിക്കായി രണ്ട് പ്രധാന സ്ഥലങ്ങളാണ് കൗൺസിൽ പരിഗണിക്കുന്നത്. സാഖിർ റേസിംഗ് കോംപ്ലക്സ് അല്ലെങ്കിൽ സനാബീസിലെ മുൻ ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ എന്നിവയാണ് സാധ്യതയുള്ള വേദികൾ. സനാബീസിലെ കേന്ദ്രം നിലവിൽ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിന്റെ അധീനതയിലാണ് ഉള്ളത്.
പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനായി ഇതിനകം തന്നെ പാർലമെന്റിന്റെ സാമ്പത്തിക-സാമ്പത്തിക കാര്യ സമിതിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കൂടാതെ, ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ്, ബഹ്‌റൈൻ മുംതലകാത് ഹോൾഡിംഗ് കമ്പനി എന്നിവർക്കും നിർദ്ദേശം കൈമാറും. പദ്ധതി ബഹ്‌റൈന്റെ അന്താരാഷ്ട്ര പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നും, ഒക്ടോബറിൽ പാർലമെന്റിന്റെ പുതിയ സമ്മേളനം തുടങ്ങുന്നതിന് മുൻപ് വിശദമായ സാങ്കേതിക, സാമ്പത്തിക പഠനങ്ങൾ പൂർത്തിയാക്കുമെന്നും പാർലമെന്റ് സാമ്പത്തിക സമിതി ചെയർമാൻ അഹമ്മദ് അൽ സലൂം വ്യക്തമാക്കി.
2004-ൽ ഗൾഫിൽ ആദ്യമായി ഫോർമുല വൺ റേസിന് ആതിഥേയത്വം വഹിച്ച ബഹ്‌റൈൻ, ഈ പദ്ധതിയിലൂടെ മോട്ടോർ സ്‌പോർട്‌സ് രംഗത്ത് ലോകത്തെ മുൻനിര വിനോദസഞ്ചാര കേന്ദ്രമായി മാറാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

