ബഹ്‌റൈൻ ഈത്തപ്പഴ മേളക്ക് പരിസമാപ്തി
text_fieldsആലിയിലെ ഫാർമേഴ്സ് മാർക്കറ്റിൽ സംഘടിപ്പിച്ച ഈത്തപ്പഴമേളയിൽനിന്നുള്ള ദൃശ്യങ്ങൾ (ഫോട്ടോ: ശ്രീജിത്ത് കൂത്തുപറമ്പ്)
മനാമ: ബഹ്‌റൈന്റെ കാർഷിക പെരുമയും പൈതൃകവും വിളിച്ചോതി ഏഴാമത് ബഹ്‌റൈൻ പാം ട്രീ ഫെസ്റ്റിവലിന് ആലി ഫാർമേഴ്‌സ് മാർക്കറ്റിൽ പരിസമാപ്തി. പ്രാദേശിക കർഷകരുടെയും കരകൗശല വിദഗ്ധരുടെയും വിളകളും ഉൽപന്നങ്ങളും കൊണ്ട് സമൃദ്ധമായ മേള ജൂലൈ 30 മുതൽ മൂന്ന് ദിവസങ്ങളിലായാണ് സംഘടിപ്പിച്ചത്.
നൂറിലധികം ഈന്തപ്പഴ ഇനങ്ങൾ, പരമ്പരാഗത കരകൗശല വസ്തുക്കൾ, ഹൽവ, അച്ചാറുകൾ, പലഹാരങ്ങൾ, ചെടികൾ തുടങ്ങി ഒട്ടേറെ ബഹ്‌റൈനി ഉൽപന്നങ്ങൾ മേളയെ ധന്യമാക്കി. സ്വദേശികളെപ്പോലെ തന്നെ കനത്ത വേനൽച്ചൂടിനെ വകവെക്കാതെ നിരവധി പ്രവാസി കുടുംബങ്ങളും മേളയിലേക്ക് ഒഴുകിയെത്തി.
രാജ്യത്തെ കാർഷിക മേഖലയുടെ വികസനത്തിനായി പ്രവർത്തിക്കുന്ന നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രിക്കൽചറൽ ഡെവലപ്‌മെന്റിന്റെ കൺസൾറ്റേറ്റീവ് കൗൺസിൽ ചെയർപേഴ്സണും രാജാവിന്റെ പത്നിയുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നിർദ്ദേശപ്രകാരമാണ് മേള ഒരുക്കിയത്. ബഹ്‌റൈന്റെ കാർഷിക പൈതൃകത്തിന്റെ പ്രതീകമായ ഈന്തപ്പനയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിൽ മേള നിർണായക പങ്കുവഹിച്ചു.
തദ്ദേശീയമായ ഈന്തപ്പഴ പൈതൃകം വിളിച്ചോതുന്ന ബാസ്‌കറ്റ് നിർമ്മാണം, മൺപാത്ര നിർമ്മാണം തുടങ്ങിയ പരമ്പരാഗത കരകൗശല വസ്തുക്കളുടെ പ്രദർശനം മേളയുടെ പ്രധാന ആകർഷണമായി. ഈന്തപ്പനയോലകൾ കൊണ്ടുണ്ടാക്കിയ കയറുകൾ, ഫർണിച്ചറുകൾ, മീൻപിടിത്ത ഉപകരണങ്ങൾ, പ്രശസ്തമായ മൺപാത്രങ്ങൾ, ഊദ്, സുഗന്ധദ്രവ്യങ്ങൾ, കുട്ടികൾക്കായുള്ള വിനോദസ്ഥലം, റസ്റ്റോറന്റുകൾ എന്നിവയും മേളയെ കൂടുതൽ ആകർഷകമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

