ഹുർമുസ് പ്രതിസന്ധി: ഇറാൻ ഉൾപ്പെടുന്ന കൂട്ടായ്മകളിൽ പങ്കെടുക്കില്ലെന്ന് ബഹ്‌റൈൻ
text_fieldsമനാമ: ഇറാനുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതുവരെ ആ രാജ്യത്തിനൊപ്പമുള്ള യാതൊരു കൂട്ടായ്മകളിലും പങ്കെടുക്കില്ലെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഹുർമുസ് കടലിടുക്കിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള നിർദ്ദിഷ്ട മന്ത്രിതല യോഗത്തിൽ പങ്കെടുക്കുമെന്ന തരത്തിലുള്ള മാധ്യമ വാർത്തകളെ തുടർന്നാണ് ബഹ്‌റൈന്റെ ഈ ഔദ്യോഗിക വിശദീകരണം.
ഒമാൻ സുൽത്താനേറ്റിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെ ബഹ്‌റൈൻ മാനിക്കുന്നുണ്ടെങ്കിലും, യാഥാർത്ഥ്യങ്ങളെ കണ്ണടച്ചുരുട്ടിക്കൊണ്ടുള്ള ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് ഓയിൽ പൈപ്പ്‌ലൈനിന് നേരെയുണ്ടായ ആക്രമണവും, ബഹ്‌റൈന്റെ അമോണിയ ടാങ്കിനെ ലക്ഷ്യമിട്ടുണ്ടായ നീക്കങ്ങളും പൗരന്മാരുടെയും സാമ്പത്തിക കേന്ദ്രങ്ങളുടെയും സുരക്ഷക്ക് ഇന്നും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് മേലുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക, ആക്രമണങ്ങൾക്ക് ഉത്തരവാദികളായവർ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയരായി നഷ്ടപരിഹാരം നൽകുക, അയൽരാജ്യങ്ങൾക്കെതിരെ സ്വന്തം ഭൂപ്രദേശം ആക്രമണങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുക, തർക്കങ്ങൾ നിയമപരമായ മാർഗ്ഗങ്ങളിലൂടെ മാത്രം പരിഹരിക്കുക എന്നീ നാല് പ്രധാന സ്തംഭങ്ങളിലാണ് സമാധാനം നിലകൊള്ളേണ്ടതെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഹുർമുസ് കടലിടുക്കിലെ നാവിഗേഷൻ ക്രമീകരണങ്ങൾ 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കൺവെൻഷനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും, അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ അംഗീകാരമുള്ളതായിരിക്കണമെന്നും ബഹ്‌റൈൻ ആവർത്തിച്ചു. ജി.സി.സി രാജ്യങ്ങളുടെ പിന്തുണയും പങ്കാളിത്തവും ഇല്ലാത്ത ഒരുക്കങ്ങളും ബഹ്‌റൈൻ അംഗീകരിക്കുന്നില്ല. നീതിപൂർവ്വമല്ലാത്ത ഒരു സമാധാനവും രാജ്യത്തിന് സ്വീകാര്യമല്ലെന്ന് പ്രസ്താവന വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

