ഇറാനിൽ കുടുങ്ങിയ 667 ബഹ്റൈൻ പൗരന്മാരെ നാട്ടിലെത്തിച്ചു
text_fieldsഇറാനിൽ കുടുങ്ങിയ പൗരന്മാർ ബഹ്റൈനിലെത്തിയപ്പോൾ
മനാമ: ഇറാനിൽ അകപ്പെട്ട 667 ബഹ്റൈൻ പൗരന്മാരെ വിജയകരമായി നാട്ടിലെത്തിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ഉത്തരവുകളനുസരിച്ചാണ് ഈ നടപടി. ഗൾഫ് എയർ വിമാനം തുർക്മെനിസ്താനിൽനിന്നെത്തി ഇറാനിലുണ്ടായിരുന്ന 163 പേരെ നാട്ടിലെത്തിച്ചു.
കൂടാതെ വിദേശകാര്യ മന്ത്രാലയം ഒരുക്കിയ ഗതാഗത ക്രമീകരണങ്ങളനുസരിച്ച് ഇറാനിലെ മഷ്ഹദ് നഗരത്തിൽനിന്ന് 504 പൗരന്മാരെ കരമാർഗവും നാട്ടിലെത്തിച്ചു. സംഘർഷം ബാധിച്ച രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ശേഷിക്കുന്ന എല്ലാ ബഹ്റൈനികളുടെയും തിരിച്ചുവരവ് ഉറപ്പാക്കാൻ വിദേശരാജ്യങ്ങളിലെ ബഹ്റൈന്റെ നയതന്ത്ര കാര്യാലയങ്ങളും ആ രാജ്യങ്ങളിലെ ബന്ധപ്പെട്ട അധികാരികളും ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ട്. സംഘർഷബാധിത രാജ്യങ്ങളിലേക്കുള്ള യാത്ര മാറ്റിവെക്കാനും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും മന്ത്രാലയം ബഹ്റൈൻ പൗരരോട് അഭ്യർഥിച്ചു. സഹായവും അന്വേഷണങ്ങൾക്ക് മറുപടിയും നൽകാൻ മന്ത്രാലയത്തിന്റെ അടിയന്തര ഹോട്ട് ലൈൻ (+973 17227555) 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

