സൗദിയുടെ പാചക പൈതൃകത്തിന് ദേശീയ അംഗീകാരം
text_fieldsദമ്മാം : സൗദി അറേബ്യയുടെ പരമ്പരാഗത ഭക്ഷണസംസ്കാരവും പാചകപൈതൃകവും സംരക്ഷിക്കുന്നതിനായി രാജ്യത്തുടനീളം നടത്തിയ പഠനത്തിലൂടെ 1,476 പാചകപാരമ്പര്യങ്ങളും അനുബന്ധ ആചാരങ്ങളും രേഖപ്പെടുത്തി.
സൗദി കുലിനറി ആർട്സ് കമ്മീഷൻ 42 മാസം നീണ്ടുനടത്തിയ പദ്ധതിയിൽ രാജ്യത്തെ 94 നഗരങ്ങളിലും ഗവർണറേറ്റുകളിലുമായി 2,746 പേർ പങ്കാളികളായി. തലമുറകളായി കൈമാറിവന്ന പരമ്പരാഗത പാചകക്കുറിപ്പുകൾ, പാചകരീതികൾ, പ്രാദേശിക ഭക്ഷണവിഭവങ്ങൾ എന്നിവ ശേഖരിച്ച് ഗവേഷണത്തിനും പഠനത്തിനും ഭാവിതലമുറകൾക്കുമായി ദേശീയ രേഖാശേഖരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
രേഖപ്പെടുത്തിയ വിവരങ്ങൾ പരമ്പരാഗത വിഭവങ്ങളുടെ പുനരുജ്ജീവനത്തിനും പ്രാദേശിക ചേരുവകൾ ഉപയോഗിച്ചുള്ള പുതിയ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വികസനത്തിനും സഹായകമാകുമെന്ന് കമ്മീഷൻ സി.ഇ.ഒ മയാദ ബദർ പറഞ്ഞു.
ചെറുകിട ഭക്ഷണശാലകൾക്കും വീട്ടിലിരുന്ന് ഭക്ഷ്യ ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിൽക്കുന്ന സംരംഭകർക്കും പരിശീലനം, ഉൽപ്പന്ന വികസനം, വിപണനസഹായം എന്നിവയും കമ്മീഷൻ നൽകിവരുന്നുണ്ട്.
പരമ്പരാഗത സൗദി പാചകരീതികൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി പരിശീലന ശിൽപശാലകളും സംഘടിപ്പിക്കുന്നു.
സൗദിയുടെ തനതായ ഭക്ഷണവിഭവങ്ങളെ അന്തർദേശീയ തലത്തിൽ പരിചയപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പദ്ധതി സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
വരുന്ന വർഷങ്ങളിൽ പാചക പൈതൃകത്തിന്റെ രേഖപ്പെടുത്തലിൽനിന്ന് അതിന്റെ പ്രായോഗിക പ്രചാരണത്തിലേക്ക് കടക്കുകയാണ് പ്രധാന ലക്ഷ്യമെന്നും പരമ്പരാഗത വിഭവങ്ങളെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, റെസ്റ്റോറന്റുകൾ, വിവിധ പ്രാദേശിക-അന്തർദേശീയ പരിപാടികൾ എന്നിവയുമായി ബന്ധിപ്പിക്കുമെന്നും മയാദ ബദർ പറഞ്ഞു.
ഇതിലൂടെ പരമ്പരാഗത പാചകരീതികളുടെ തുടർച്ചയും അവ ഭാവിതലമുറകളിലേക്ക് കൈമാറുന്നതും ഉറപ്പാക്കാനാകുമെന്നും അവർ കൂട്ടിച്ചേർത്തു. സൗദി ഭക്ഷണവിഭവങ്ങൾക്ക് രാജ്യത്തിനകത്തും അന്തർദേശീയ തലത്തിലും വർധിച്ചുവരുന്ന സ്വീകാര്യതയുണ്ടെന്നും വിവിധ ഭൂപ്രകൃതികളും പരിസ്ഥിതികളും സാംസ്കാരിക അനുഭവങ്ങളും രൂപപ്പെടുത്തിയ സവിശേഷമായ പാചകപാരമ്പര്യം ആഗോള ഭക്ഷണസംസ്കാരത്തിൽ സൗദിയുടെ വ്യക്തിത്വം ശക്തിപ്പെടുത്തുന്നുവെന്നും മയാദ ബദർ പറഞ്ഞു.

