ഇറച്ചിക്കറിയേക്കാൾ രുചിയിൽ കൂൺ വറ്റിച്ചതുണ്ടാക്കാം
text_fieldsകൂൺ വറ്റിച്ചത്
രോഗപ്രതിരോധശക്തിയും പോഷകമൂല്യവുമുള്ള ആരോഗ്യപ്രദമായ ഗുണങ്ങൾ ഒരുപാട് അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് കൂൺ. കൂൺ ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. നോൺ വെജിറ്റേറിയന്സിനും വെജിറ്റേറിയന്സിനും ഒരുപോലെ പ്രിയപ്പെട്ടതാണ് കൂൺ എന്നത് നാം എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമാണ്. കൂൺ പലതരത്തിലും നമ്മൾ ഉപയോഗിക്കാറുണ്ട്. നോൺ വെജിറ്റേറിയൻ വിഭവങ്ങളുടെ ഗുണങ്ങൾ എല്ലാം നല്കുന്നുണ്ടെങ്കിലും ഇറച്ചി വിഭവങ്ങളിൽ അടങ്ങിയ കൊഴുപ്പ് ഇതിൽ ഇല്ല. എന്നാൽ, ഇറച്ചിക്കറിയേക്കാൾ രുചിയിൽ നമുക്ക് കൂൺ ഒന്നു വറ്റിച്ചെടുത്താലോ?
ചേരുവകൾ:
- കൂൺ (മഷ്റൂം) - 200 ഗ്രാം
- ചെറിയ ഉള്ളി - 1 കപ്പ്
- പച്ചമുളക് - 4 എണ്ണം
- കറിവേപ്പില - ആവശ്യത്തിന്
- വെളിച്ചെണ്ണ - 1 & 1/2 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- ഉപ്പ് - (ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം:
ചട്ടിയിൽ എണ്ണ ചൂടാക്കുക, അരിഞ്ഞു വെച്ച ചെറിയുള്ളി ചേർക്കുക. നന്നായി വഴറ്റുക. പച്ചമുളക് ചേർക്കുക. പിന്നീട് മഞ്ഞൾപ്പൊടി ചേർക്കുക. നന്നായി ഇളക്കി മുളകുപൊടി ചേർക്കുക. ഉപ്പ് ചേർക്കുക. അതിനുശേഷം കറിവേപ്പില ചേർക്കുക. നന്നായി വഴറ്റുക. ശേഷം ചെറുതായി അരിഞ്ഞ കൂൺ ചേർക്കുക. നന്നായി ഇളക്കി വെള്ളം വറ്റും വരെ വേവിക്കുക. അതിനുശേഷം കറിവേപ്പില ചേർത്ത് കുറച്ച് വെളിച്ചെണ്ണ തളിച്ച് കൊടുക്കാം. നമ്മുടെ മഷ്റൂം വറ്റിച്ചത് റെഡി

