ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളിൽ 12-ാം സ്ഥാനം ഇന്ത്യക്ക്; ലോക പ്രശസ്തമായ ഇന്ത്യൻ വിഭവങ്ങൾ...
text_fieldsഇന്ത്യൻ ഭക്ഷണവിഭവങ്ങൾക്ക് എപ്പോഴും ഒരു പ്രത്യേക മാസ്മരികതയുണ്ട്. കേവലം സുഗന്ധവ്യഞ്ജനങ്ങളുടെ കടുപ്പമുള്ള രുചി മാത്രമല്ല, ഓരോ വിഭവത്തിന് പിന്നിലും പറയാൻ ആഴത്തിലുള്ള ഒരു കഥയോ വലിയൊരു ചരിത്രമോ ഉണ്ടാകും. മുഗളന്മാരുടെ കൊട്ടാര അടുക്കളകളിൽ നിന്ന് ഉത്ഭവിച്ച ബിരിയാണിയും ദക്ഷിണേന്ത്യൻ തെരുവുകളിലെ മൊരിഞ്ഞ ദോശയും നാവിൽ കപ്പലോടിക്കുന്ന ചാറ്റ് വിഭവങ്ങളും ഒപ്പം ഒരു ഗ്ലാസ് മസാലചായയും നൽകുന്ന ആശ്വാസം വാക്കുകൾക്ക് അതീതമാണ്. ഈ സുഗന്ധവും രുചിക്കൂട്ടുകളും തന്നെയാണ് രാജ്യാന്തരതലത്തിലും ഇന്ത്യൻ ഭക്ഷണത്തെ ജനപ്രിയമാക്കുന്നത്. ആഗോള ഫുഡ് ഗൈഡായ 'ടേസ്റ്റ് അറ്റ്‌ലസിന്റെ' റേറ്റിങിൽ ലോകത്തിലെ മികച്ച വിഭവങ്ങളുടെ പട്ടികയിൽ 12-ാം സ്ഥാനം നേടി ഇന്ത്യ അഭിമാനമായി മാറിയിരിക്കുകയാണ്. ലണ്ടനിലും ന്യൂയോർക്കിലും ടോക്കിയോയിലുമൊക്കെ ഇന്ന് ഇന്ത്യൻ വിഭവങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ലോകശ്രദ്ധ നേടിയ പ്രധാന ഇന്ത്യൻ രുചികൾ ഏതൊക്കെയാണെന്ന് നോക്കാം:
ബിരിയാണിയും ചോലെ ബട്ടൂരയും
ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെ ഏത് കോണിലെത്തിച്ചേർന്നാലും ആളുകൾ ആദ്യം അന്വേഷിക്കുന്ന ഒന്നാണ് ബിരിയാണി. മുഗളൈ രുചികളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ബിരിയാണി അരിയും സുഗന്ധവ്യഞ്ജനങ്ങളും ഇറച്ചിയും ചേർത്ത് തയാറാക്കുന്ന ഒന്നാണ്. വടക്കേന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായ ചോലെ ബട്ടൂരയും വിദേശരാജ്യങ്ങളിൽ ഹിറ്റാണ്. കട്ടികൂടിയ കടലക്കറിയും ചൂടുള്ള പൊന്തിയ ബട്ടൂരയും ചേർന്ന ഈ കോംബോ പ്രാതലായും ഉച്ചഭക്ഷണമായും ആളുകൾ ഒരുപോലെ ആസ്വദിക്കുന്നു.
സമൂസയും ദോശയും
മൊരിഞ്ഞതും ത്രികോണാകൃതിയിലുള്ളതുമായ സമൂസ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലഘുഭക്ഷണമാണ്. ഉരുളക്കിഴങ്ങും പച്ചപ്പട്ടാണിയും മസാലകളും നിറച്ച് എണ്ണയിൽ വറുത്തെടുക്കുന്ന സമോസ ലണ്ടനിലെയും ന്യൂയോർക്കിലെയും കഫേകളിൽ വൻ ഡിമാന്റുള്ള പലഹാരമാണ്. ദക്ഷിണേന്ത്യയുടെ സ്വന്തം ദോശയും ആഗോളതലത്തിൽ തരംഗമായിക്കഴിഞ്ഞു. അരിയും ഉഴുന്നും അരച്ച് പുളിപ്പിച്ച് ഉണ്ടാക്കുന്ന ഈ കനം കുറഞ്ഞ വിഭവം അതിന്റെ ആരോഗ്യഗുണങ്ങൾ കൊണ്ടും ഗ്ലൂട്ടൻ-ഫ്രീ ആയതുകൊണ്ടും വിദേശികൾക്കിടയിൽ പെട്ടെന്ന് പ്രിയങ്കരമായി മാറി.
ചിക്കൻ ടിക്ക മസാലയും ബട്ടർ ചിക്കനും
ചിക്കൻ ടിക്ക മസാല ബ്രിട്ടീഷ് വിഭവമാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ടെങ്കിലും ഇതിന്റെ യഥാർഥ വേരുകൾ ഇന്ത്യൻ പാചകരീതികളിലാണ് ഉള്ളത്. പാകം ചെയ്ത ചിക്കൻ കഷണങ്ങൾ ഗ്രേവിയിൽ ചേർത്തുണ്ടാക്കുന്ന ഈ വിഭവം അധികം എരിവില്ലാത്തതിനാൽ വിദേശികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. ഡൽഹിയിൽ നിന്ന് തുടക്കമിട്ട ബട്ടർ ചിക്കനും ആഗോളതലത്തിൽ മുൻപന്തിയിലാണ്. തക്കാളിയും വെണ്ണയും ക്രീമും ചേർത്തുള്ള ഇതിന്റെ ഗ്രേവി നാവിൽ അലിചേരുന്ന രുചിയാണ് സമ്മാനിക്കുന്നത്.
ഡാൽ മഖനിയും ബട്ടർ ഗാർലിക് നാനും
സാധാരണ ചെറുപയറും ഉഴുന്നുമൊക്കെ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു സാധാരണ വിഭവത്തെ ആഡംബര പൂർണമാക്കുന്ന ഒന്നാണ് ഡാൽ മഖനി. കറുത്ത ഉഴുന്ന് മണിക്കൂറുകളോളം വേവിച്ച് വെണ്ണയും ക്രീമും മസാലകളും ചേർത്തുണ്ടാക്കുന്ന ഈ പഞ്ചാബി വിഭവം വിദേശങ്ങളിലെ ഇന്ത്യൻ റെസ്റ്റോറന്റുകളിൽ പ്രധാന വിഭവമാണ്. ഇതിനൊപ്പം കഴിക്കാൻ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് ബട്ടർ ഗാർലിക് നാനാണ്.
മാംഗോ ലസ്സിയും ഗുലാബ് ജാമൂനും
രുചികരമായ ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ചതാണ് ഗുലാബ് ജാമൂൻ. പാൽപ്പാട ഉപയോഗിച്ച് ഉണ്ടാക്കുന്ന ചെറിയ പന്തുകൾ എണ്ണയിൽ വറുത്ത് റോസ് വാട്ടർ ചേർത്ത പഞ്ചസാരപ്പാനിയിൽ മുക്കിവെച്ചാണ് ഇത് തയാറാക്കുന്നത്. ഇന്ത്യയിലെ ആഘോഷങ്ങളിലെ പ്രധാനിയായ ഈ മധുരപലഹാരം വിദേശികളുടെയും മനം കവർന്നു കഴിഞ്ഞു. തൈരും മാമ്പഴവും പഞ്ചസാരയും ചേർത്ത് തണുപ്പിച്ച് തയ്യാറാക്കുന്ന മാംഗോ ലസ്സി വേനൽക്കാലത്ത് ശരീരത്തിന് തണുപ്പേകുന്ന ഏറ്റവും മികച്ച പാനീയമായി ലോകമെമ്പാടും ജനശ്രദ്ധ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

