ഭക്ഷണത്തിൽ പാറ്റകളും പല്ലികളും! കേടായ ഇറച്ചിയും വിൽപ്പനക്ക്; ബ്ലിങ്കിറ്റ്, ഇൻസ്റ്റാമാർട്ട്, സെപ്റ്റോ സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ദാക്കി
text_fieldsമുംബൈ: മഹാരാഷ്ട്ര എഫ്.ഡി.എ നടത്തിയ വ്യാപക മിന്നൽ പരിശോധനയിൽ ജനപ്രിയ ഓൺലൈൻ ഗ്രോസറി വിതരണ പ്ലാറ്റ്‌ഫോമുകളായ ബ്ലിങ്കിറ്റ്, സെപ്റ്റോ, ഇൻസ്റ്റാമാർട്ട് എന്നിവയുടെ കീഴിലുള്ള 14 വിതരണ കേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കി. പാറ്റയും പല്ലിയും നിറഞ്ഞ അന്തരീക്ഷം, കാലാവധി കഴിഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിക്കൽ, വൃത്തിഹീനമായ പശ്ചാത്തലം തുടങ്ങിയ ഗുരുതരമായ ശുചിത്വ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ കർശന നടപടി. സംസ്ഥാനത്തുടനീളമുള്ള 86 ഓൺലൈൻ ഭക്ഷ്യ സംഭരണ വിതരണ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയ എഫ്.ഡി.എ നിയമലംഘനങ്ങൾ കണ്ടെത്തിയ 60 കേന്ദ്രങ്ങൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
മുംബൈ മാൽവാഡിലുള്ള ബ്ലിങ്കിറ്റിന്റെ സംഭരണ കേന്ദ്രത്തിൽ ശീതീകരണ മുറിയുടെ താപനില നിർദ്ദിഷ്ട അളവിലും കൂടുതലായിരുന്നു. കൂടാതെ ഇവിടെയുള്ള നാൽപ്പതോളം ജീവനക്കാരുടെ ആരോഗ്യ പരിശോധനാ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഇവർ ഗ്ലൗസുകളോ മാസ്കോ ധരിക്കാതെയാണ് ജോലി ചെയ്തിരുന്നതെന്നും എഫ്ഡിഎ ചൂണ്ടിക്കാട്ടി. ഘാട്‌കോപ്പറിലെ മറ്റൊരു കേന്ദ്രത്തിൽ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങളുടെ കുറവും പാറ്റകളുടെ ശല്യവും കണ്ടത്തി. പൂനെയിലെ ലോഹെഗാവിൽ പ്രവർത്തിക്കുന്ന സെപ്റ്റോ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ വിൽക്കാൻ വെച്ചതായും എഫ്ഡിഎ കണ്ടെത്തി.
ഇൻസ്റ്റാമാർട്ടിന്റെ വിതരണ കേന്ദ്രങ്ങളിലാണ് കൂടുതൽ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടായത്. ബാംദ്രയിലെ കേന്ദ്രത്തിൽ ഭക്ഷ്യസാധനങ്ങളുടെ തൊട്ടടുത്തുനിന്ന് വലിയ അളവിൽ എലിയുടെ കാഷ്ടവും പല്ലികളെയും കണ്ടെത്തി. ആൻധേരിയിലെ മറ്റൊരു ഇൻസ്റ്റാമാർട്ട് കേന്ദ്രത്തിൽ കേടായ കോഴിയിറച്ചി സൂക്ഷിച്ചിരുന്നതായും പരിശോധനയിൽ വ്യക്തമായി. ഉപഭോക്താക്കൾക്ക് അതിവേഗം സാധനങ്ങൾ എത്തിച്ചുനൽകുന്ന ഈ പ്ലാറ്റ്‌ഫോമുകളുടെ പശ്ചാത്തലത്തിലെ ഇത്തരം വൃത്തിഹീനമായ സാഹചര്യങ്ങൾ വലിയ ആരോഗ്യ ആശങ്കയാണ് ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

