ഇന്ത്യയുടെ 'അച്ചാർ' തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം...
text_fieldsഇന്ത്യക്കാരുടെ ഭക്ഷണമേശകളിലെയും അടുക്കളകളിലെയും ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നാണ് അച്ചാർ. മാങ്ങ, നാരങ്ങ, കാരക്ക, നെല്ലിക്ക, പച്ചമുളക്, വെളുത്തുള്ളി, ഉള്ളി, മിക്സഡ് അച്ചാർ തുടങ്ങി മീനും, ഇറച്ചിയും, ബീഫും ഉൾപ്പടെ പലതരം അച്ചാറുകൾ വീടുകളിൽ സാധാരണമാണ്. ഓരോ പ്രദേശത്തും അച്ചാർ തയാറാക്കുന്ന രീതികൾ വ്യത്യസ്തമാണെങ്കിലും ഹരിയാനയിലെ പാനിപത് എന്ന നഗരം അച്ചാർ നിർമാണത്തിൽ ഒരു വലിയ വ്യവസായമായി തന്നെ വളർന്നിരിക്കുന്നു. അതുകൊണ്ടുതന്നെ പാനിപത് ഇന്ന് ഇന്ത്യയുടെ 'അച്ചാർ തലസ്ഥാനം' എന്നാണ് അറിയപ്പെടുന്നത്.
പലവിധ അച്ചാറുകൾ നിർമിക്കുന്നതിലും വിപണനം ചെയ്യുന്നതിലും മുൻപന്തിയിലുള്ള ഈ നഗരത്തിൽ നിരവധി ഫാക്ടറികളും അച്ചാർ കടകളുമുണ്ട്. ഇതിൽ എടുത്തുപറയേണ്ട ഒന്നാണ് പ്രശസ്തമായ 'പച്രംഗ അച്ചാർ' ബ്രാൻഡ്. 1943-ൽ വെറും മൂന്ന് അച്ചാർ കൂട്ടുകളുമായി ചെറിയ രീതിയിൽ ആരംഭിച്ച ഈ സംരംഭം ഇന്ന് രാജ്യത്തിനകത്തും പുറത്തും ഒരുപോലെ പ്രശസ്തമായി വളർന്നു കഴിഞ്ഞു.
നിലവിൽ ഇരുപത്തിയഞ്ചിലധികം രാജ്യങ്ങളിലേക്കാണ് ഇവിടുന്ന് അച്ചാറുകൾ കയറ്റുമതി ചെയ്യുന്നത്. പരമ്പരാഗത രീതിയിൽ ശുദ്ധമായ ചേരുവകളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് തയാറാക്കുന്ന ഈ അച്ചാറുകളുടെ രുചിവൈവിധ്യം ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളെ ആകർഷിക്കുന്നു. തുണിത്തരങ്ങൾക്കും കൈത്തറി വ്യവസായത്തിനും പേരുകേട്ട പാനിപത് ഇന്ന് ഇന്ത്യയുടെ അച്ചാർ തലസ്ഥാനം എന്ന നിലയിലും ലോകഭൂപടത്തിൽ തന്റേതായ ഇടം നേടിയിരിക്കുകയാണ്.

