ഒരു ദിവസത്തിൽ എത്ര നേരം ഭക്ഷണം കഴിക്കണം? ആരോഗ്യകരമായ ഭക്ഷണക്രമത്തെക്കുറിച്ച് സദ്ഗുരു പറയുന്നത്
text_fieldsഇന്നത്തെ തിരക്കുപിടിച്ച ജീവിതശീലങ്ങൾക്കിടയിൽ നമ്മുടെ ആരോഗ്യത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഒന്നാണ് നാം കഴിക്കുന്ന ഭക്ഷണവും അതിന്റെ രീതിയും. ദിവസത്തിൽ എത്ര തവണ ഭക്ഷണം കഴിക്കണം എന്നതിനെക്കുറിച്ചും ഭക്ഷണങ്ങൾക്കിടയിൽ എത്രത്തോളം ഇടവേള നൽകണം എന്നതിനെക്കുറിച്ചും ആത്മീയ ഗുരു സദ്ഗുരു പങ്കുവെച്ച പുതിയ അഭിപ്രായങ്ങൾ ഇപ്പോൾ സമൂഹത്തിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ശരീരത്തിന്റെ സ്വാഭാവികമായ ദഹനപ്രക്രിയയെയും കുടലിന്റെ ആരോഗ്യത്തെയും കുറിച്ച് അദ്ദേഹം മുന്നോട്ടുവെച്ച ഈ ആശയങ്ങൾ ആരോഗ്യ രംഗത്തും പുതിയ സംവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.
നമ്മുടെ ദഹനവ്യവസ്ഥക്ക് ആവശ്യത്തിന് വിശ്രമം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സദ്ഗുരു പ്രധാനമായും ഒരു നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. രണ്ട് പ്രധാന ഭക്ഷണങ്ങൾ തമ്മിൽ അഞ്ച് മുതൽ എട്ട് മണിക്കൂർ വരെ ഇടവേള നിർബന്ധമായും പാലിക്കണമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇടക്കിടെ ലഘുഭക്ഷണങ്ങൾ കൊറിച്ചുകൊണ്ടിരിക്കുന്നത് ശരീരത്തിന്റെ സ്വാഭാവികമായ ശുദ്ധീകരണ പ്രക്രിയകളെ തടസ്സപ്പെടുത്തുമെന്നും ദിവസത്തിൽ രണ്ട് തവണ മാത്രം സമൃദ്ധമായി ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥയുടെ ഭാരം കുറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. യോഗാ ദർശനങ്ങളുടെയും പരമ്പരാഗത ഇന്ത്യൻ വൈദ്യശാസ്ത്രത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ നിരീക്ഷണങ്ങൾ അദ്ദേഹം അവതരിപ്പിച്ചത്.
എങ്കിലും ഈ വാദങ്ങളെ പൂർണ്ണമായി അംഗീകരിക്കാൻ ആധുനിക വൈദ്യശാസ്ത്ര വിദഗ്ദ്ധരും ഡോക്ടർമാരും തയാറാകുന്നില്ല. ഇടവേളകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുമെങ്കിലും ഭക്ഷണം കഴിക്കുന്നതിനിടയിലെ ദീർഘമായ ഇടവേളകൾ മാത്രമാണ് വൻകുടലിലെ മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്യാൻ സഹായിക്കുന്നത് എന്നതിന് യാതൊരുവിധ ശാസ്ത്രീയ തെളിവുകളുമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. മനുഷ്യശരീരത്തിലെ മാലിന്യ നിർമാർജന സംവിധാനങ്ങൾ ഇതിലും വളരെ സങ്കീർണ്ണമായ രീതിയിലാണ് പ്രവർത്തിക്കുന്നത്.
ഭക്ഷണക്രമത്തെക്കുറിച്ചുള്ള ഹാർവാർഡ് ഹെൽത്ത് പബ്ലിഷിംഗിന്റെ പഠനങ്ങളും റിപ്പോർട്ടുകളും പറയുന്നത് ദിവസത്തിൽ എത്ര തവണ ഭക്ഷണം കഴിക്കുന്നു എന്നതിനേക്കാൾ പ്രധാനം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങളുടെ ഗുണനിലവാരമാണ് എന്നാണ്. ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കാതെ വെറുതെ ഭക്ഷണത്തിന്റെ അളവോ തവണകളോ കുറക്കുന്നത് ശരീരത്തിന് ക്ഷീണവും പോഷകക്കുറവും മാത്രമേ ഉണ്ടാക്കൂ. അതിനാൽ കഠിനമായ ശാരീരിക അധ്വാനം ഉള്ളവർക്കും കായികതാരങ്ങൾക്കും ഉയർന്ന ഊർജ്ജം ആവശ്യമായി വരുന്നതിനാൽ കൂടുതൽ തവണ ഭക്ഷണം കഴിക്കേണ്ടി വന്നേക്കാം.
സ്വന്തം ശരീരത്തിന്റെ യഥാർത്ഥ വിശപ്പറിഞ്ഞ് സമതുലിതമായ ഭക്ഷണം തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ഗർഭിണികളും പ്രത്യേക ആരോഗ്യപ്രശ്നങ്ങളുള്ളവരും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഭക്ഷണരീതികളിൽ മാറ്റം വരുത്തുക. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഉറപ്പുവരുത്തിക്കൊണ്ട് ആരോഗ്യകരവും സന്തോഷകരവുമായ ഒരു ജീവിതശൈലി രൂപപ്പെടുത്തുക എന്നതാണ് ഇതിലെല്ലാം പ്രധാനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

