ആരോഗ്യ ഭക്ഷണം; കൊള്ളാം, പക്ഷേ വില?
text_fieldsആരോഗ്യ ഭക്ഷണം കഴിക്കണമെന്ന് നാനാഭാഗങ്ങളിൽ നിന്ന് ഉപദേശം കേൾക്കാറുണ്ടല്ലോ. പക്ഷേ, ഈ ആരോഗ്യ ഭക്ഷണമെന്ന് പറയുന്നത് എല്ലാവർക്കും താങ്ങാൻ കഴിയുന്ന ഒന്നാണോ? വിപണിയിലെ ആരോഗ്യ ഭക്ഷണങ്ങൾ കീശയുടെ ആരോഗ്യം തകർക്കുമെന്നതാണ് വിദേശത്തും നമ്മുടെ നാട്ടിലേയുമെല്ലാം അവസ്ഥ.
ഓർഗാനിക് പഴവും പച്ചക്കറിയും പ്രോട്ടീൻ ഭക്ഷണങ്ങളുമെല്ലാം ആരോഗ്യ ഭക്ഷണങ്ങളാണെങ്കിലും സാധാരണക്കാർക്ക് അപ്രാപ്യമായ വിലയാണ്.
അതുകൊണ്ടുതന്നെ ഇടത്തരക്കാർ വരെ ‘അനാരോഗ്യ ഭക്ഷണം’ വാങ്ങി ഉപയോഗിക്കാൻ നിർബന്ധിതരാകും. സാമ്പത്തിക ശേഷിയുള്ള ചിലർക്ക്, കുറഞ്ഞ വിലക്ക് ഭക്ഷണം കിട്ടുമ്പോൾ എന്തിന് ‘ധൂർത്ത്’ അടിക്കണമെന്ന് ചിന്തയുമുണ്ട്.
യു..കെയിൽ ഈയിടെ നടന്ന ഫുഡ് ഫൗണ്ടേഷൻ സർവേയിൽ സാധാരണ ഭക്ഷണത്തിന് ചെലവഴിക്കുന്നതിന്റെ ഇരട്ടി ആരോഗ്യ ഭക്ഷണത്തിനായി ചെലവഴിക്കണമെന്നാണ് കണ്ടെത്തിയത്. അതായത്, ഫാസ്റ്റ് ഫുഡും സംസ്കരിച്ച ഇറച്ചിയും വാങ്ങാനുള്ള തുകയേക്കാൾ ഇരട്ടി വേണം പഴവും പച്ചക്കറികളും വാങ്ങാനെന്ന്.
ആരോഗ്യ v/s അനാരോഗ്യ ഭക്ഷണം
ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ചില ഭക്ഷ്യവസ്തുക്കൾ താരതമ്യം ചെയ്ത് ആരോഗ്യ-കുറഞ്ഞ ആരോഗ്യ ഭക്ഷണങ്ങൾ തമ്മിൽ വിലയിലുള്ള അന്തരം മനസ്സിലാക്കാം
ബ്രൗൺ റൈസ് v/s വൈറ്റ് റൈസ്: കുറഞ്ഞ രൂപത്തിൽ സംസ്കരണത്തിനു വിധേയമായതിനാൽ, പൂർണമായും സംസ്കരിച്ച വൈറ്റ് റൈസിനേക്കാൾ ബ്രൗൺ റൈസിൽ പോഷകങ്ങൾ കൂടുതലാണ്. എന്നാൽ, വൈറ്റ് റൈസിനേക്കാൾ ഇരട്ടി വില നൽകണം ബ്രൗൺ റൈസിന്.
ബ്രൗൺ ബ്രെഡ് v/s വൈറ്റ് ബ്രെഡ് v/s സോർ ഡോ ബ്രെഡ്: ഏറ്റവും ആരോഗ്യദായകമായ സോർ ഡോ (പുളിപ്പിച്ച) ബ്രെഡിന് 350-400 ഗ്രാമിന് 150 രൂപ വില വരുമ്പോൾ ബ്രൗണിന് 60ഉം വൈറ്റിന് 30ഉം വരുന്നു.
പ്രോട്ടീൻ ഗ്രീക്ക് യോഗർട്ട് v/s തൈര്: സ്വാഭാവിക പ്രോ ബയോട്ടിക് ഭക്ഷണമായ തൈരിന് (400-450 ഗ്രാം) 35 രൂപ വില വരുമ്പോൾ കൂടുതൽ ആരോഗ്യ ഭക്ഷണമായ പ്രോട്ടീൻ/ഗ്രീക്ക് യോഗർട്ടിന് 300നു മുകളിലാണ് വില.
എന്തുകൊണ്ട് ഇത്ര വില; പരിഹാരമെന്ത്?
‘‘ സാമ്പത്തിക പ്രശ്നം കാരണം വില കുറഞ്ഞ പ്രൊസസ്ഡ്/ഫാസ്റ്റ് ഫുഡ് കഴിക്കുന്നവർ, ആരോഗ്യ ഭക്ഷണം കഴിക്കുന്നവരേക്കാൾ വേഗം രോഗത്തിന് അടിപ്പെടുന്ന അവസ്ഥയുണ്ട്. അതുകൊണ്ട് ആരോഗ്യ ഭക്ഷണത്തിനായി ചെലവിടുന്നത് ഒരു ദീർഘകാല നിക്ഷേപമായി കാണണം’’ -ഡയറ്റീഷ്യൻ കനിക മൽഹോത്ര അഭിപ്രായപ്പെടുന്നു.
ഒപ്പം സാധാരണക്കാർക്കുകൂടി വാങ്ങാൻ സാധിക്കുന്ന ചില ആരോഗ്യ ഭക്ഷണ ഉപദേശങ്ങളും അവർ നൽകുന്നു:
- താങ്ങാനാകുന്ന വിലയിൽ പ്രോട്ടീൻ: പയർ/പരിപ്പുകൾ, കടല, ബീൻസ്, മുട്ട, പനീർ, ടോഫു, തൈര്.
- ആരോഗ്യ കാർബോഹൈഡ്രേറ്റ് ഹോൾ വീറ്റ് റൊട്ടി, ഓട്സ്, മധുരക്കിഴങ്ങ്, മില്ലറ്റ്.
- ഓരോ സീസണിൽ ലഭിക്കുന്ന പഴങ്ങൾക്ക് ആ സമയത്ത് വിലക്കുറവായിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.