Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഫോർമുല മിൽക്കിൽ ഷുഗർ കട്ട്'; ആറ് മാസം വരെയുള്ള കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പന്നങ്ങളിൽ പഞ്ചസാര വേണ്ടെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി

text_fields
bookmark_border
ഫോർമുല മിൽക്കിൽ ഷുഗർ കട്ട്; ആറ് മാസം വരെയുള്ള കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പന്നങ്ങളിൽ പഞ്ചസാര വേണ്ടെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി
cancel

ന്യൂഡൽഹി: ആറുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്ന ഫോർമുല മിൽക്ക് ഉൾപ്പെടെയുള്ള പോഷകാഹാര ഉൽപന്നങ്ങളിൽ അമിതമായി പഞ്ചസാര ചേർക്കുന്ന നടപടിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം. ഇത്തരം ഉൽപന്നങ്ങളിൽ സുക്രോസ്, ഫ്രക്ടോസ് എന്നീ പഞ്ചസാരകൾ ചേർക്കുന്നത് പൂർണമായി വിലക്കാനാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (എഫ്.എസ്.എസ്.എ.ഐ) നീക്കം.

കുട്ടികളിൽ ചെറുപ്പത്തിലേയുള്ള അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും അമിതവണ്ണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നതും തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇതുസംബന്ധിച്ച കരട് ചട്ടഭേദഗതി പുറത്തിറക്കി.

കുഞ്ഞുങ്ങളുടെ ആദ്യ ആറുമാസം ശാരീരികവും മാനസികവുമായ വളർച്ചയിൽ ഏറെ നിർണായകമായ ഘട്ടമാണ്. ഈ കാലയളവിൽ അനാവശ്യമായി പഞ്ചസാര അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങളുടെ ശരീരത്തിൽ എത്തുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഭക്ഷണങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും പ്രായത്തിന് അനുയോജ്യമായ പോഷകങ്ങൾ ഉറപ്പുവരുത്തുകയുമാണ് പുതിയ നിയന്ത്രണത്തിന്റെ ലക്ഷ്യം.

2020ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളിലെ ശിശുപോഷകാഹാര നിയന്ത്രണ ചട്ടങ്ങളിലാണ് ഭേദഗതി നിർദേശിച്ചിരിക്കുന്നത്. ഒക്ടോബർ 16ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച കരട് ഭേദഗതിയനുസരിച്ച് ആറുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്കുള്ള ഭക്ഷ്യോൽപന്നങ്ങളിൽ സുക്രോസും ഫ്രക്ടോസും അധികമായി ചേർക്കുന്നത് നിരോധിക്കും.

നിലവിലുള്ള ചട്ടങ്ങൾ പ്രകാരം ലാക്ടോസ്, ഗ്ലൂക്കോസ് പോളിമറുകൾ തുടങ്ങിയവയാണ് ആറ് മാസം വരെ പ്രായമുള്ള കുട്ടികൾക്ക് നൽകുന്ന പോഷകാഹാര ഉൽപന്നങ്ങളിൽ കാർബോഹൈഡ്രേറ്റിന്റെ പ്രധാന ഉറവിടങ്ങളായി പരിഗണിക്കുന്നത്. എന്നാൽ ചില നിബന്ധനകളോടെ സുക്രോസും ഫ്രക്ടോസും ചേർക്കാനും ഇപ്പോൾ അനുമതിയുണ്ട്. ഈ വ്യവസ്ഥയിലാണ് കൂടുതൽ കർശനമായ നിയന്ത്രണം കൊണ്ടുവരുന്നത്.

കുട്ടിക്കാലത്തെ അമിതവണ്ണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാവുന്ന ഭക്ഷണശീലങ്ങൾ ചെറുപ്രായത്തിൽത്തന്നെ ഒഴിവാക്കുകയെന്ന ലക്ഷ്യവും പുതിയ നിർദേശത്തിനുണ്ട്. ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകണമെന്ന പൊതുജനാരോഗ്യ നിർദേശങ്ങൾക്ക് പിന്തുണ നൽകുന്നതാണ് പുതിയ നീക്കമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

അതേസമയം ഉൽപന്നങ്ങളുടെ പോഷകഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും കുഞ്ഞുങ്ങളുടെ പ്രായത്തിനും വളർച്ചക്കും അനുയോജ്യമായ ചേരുവകൾക്ക് മുൻഗണന നൽകണമെന്നും എഫ്.എസ്.എസ്.എ.ഐ കമ്പനികൾക്ക് നിർദേശം നൽകി.

കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും അഭിപ്രായങ്ങളും എതിർപ്പുകളും സമർപ്പിക്കാൻ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ലഭിക്കുന്ന നിർദേശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ ചട്ടഭേദഗതി നടപ്പാക്കുക. അതിനാൽ പഞ്ചസാര ചേർക്കുന്നതിനുള്ള നിരോധനം നിലവിൽ പ്രാബല്യത്തിൽ വന്നിട്ടില്ല.

ശാസ്ത്രീയമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനും കുഞ്ഞുങ്ങളുടെ ദീർഘകാല ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിയന്ത്രണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New Rules Against Baby Formula Sugar
Next Story