ബ്രിക്സ് ഉച്ചകോടിക്കെത്തുന്ന അതിഥികൾക്കായി ഇന്ത്യ വിളമ്പുന്ന ഭക്ഷണങ്ങൾ; മെനുവിൽ താമര മുതൽ തമിഴ്നാട് മുറുക്ക് വരെ...
text_fieldsഭാരത് മണ്ഡപത്തിൽ നടക്കാനിരിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. ഈ വർഷം ബ്രിക്സ് അധ്യക്ഷപദം വഹിക്കുന്ന ഇന്ത്യയിലേക്ക് ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും മറ്റ് പങ്കാളിത്ത രാജ്യങ്ങളുടെ പ്രതിനിധികളും എത്തും. ഈ ചരിത്രപരമായ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന ലോകനേതാക്കളെ സ്വീകരിക്കാൻ ഡൽഹിയിലെ ആഡംബര ഹോട്ടലുകൾ വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. പ്രതിനിധികളുടെ വിവിധ തരത്തിലുള്ള ഭക്ഷണരീതികൾക്കൊപ്പം ഇന്ത്യൻ രുചിവൈവിധ്യങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് ഈ ഹോട്ടലുകൾ ലക്ഷ്യമിടുന്നത്. ഡൽഹിയിലെ താജ് മഹൽ, ദി ലീല പാലസ്, ദി ലളിത് എന്നീ പ്രമുഖ ഹോട്ടലുകൾ തങ്ങളുടെ അടുക്കളയിലെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു.
1. താജ് മഹൽ -ന്യൂഡൽഹി
'ട്രെഡിഷൻ ടു ടേബിൾ' എന്ന ആശയത്തിലാണ് താജ് മഹൽ ഹോട്ടൽ ബ്രിക്സ് പ്രതിനിധികളെ സ്വീകരിക്കുന്നത്. ഷെഫുമാരുടെ കുട്ടിക്കാലത്ത് അവരുടെ അമ്മമാർ തയാറാക്കിക്കൊടുത്തിരുന്ന പരമ്പരാഗത പാചകക്കുറിപ്പുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ വിഭവങ്ങൾ തയാറാക്കിയിരിക്കുന്നത്. ഇന്ത്യയുടെ ആറ് വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള രുചിക്കൂട്ടുകൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കശ്മീരിലെ മസാല ചേർത്ത വാൽനട്ട്, പുരാനി ദില്ലിയിലെ മൈദ കാജു, മഹാരാഷ്ട്രയുടെ ഭകർവാടി, രാജസ്ഥാനിലെ മിനി കച്ചോരി, ബംഗാളിലെ കുച്ചോ നിംകി, തമിഴ്‌നാട്ടിലെ മുറുക്ക് തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ്. ഇന്ത്യയുടെ സമ്പന്നമായ പ്രാദേശിക സംസ്കാരവും വ്യത്യസ്തതകളും അന്താരാഷ്ട്ര അതിഥികൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
2. ദി ലീല പാലസ് -ന്യൂഡൽഹി
ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയുടെ പ്രതീകാത്മകതയെ മുൻനിർത്തിയാണ് ദി ലീല പാലസിന്റെ ആതിഥേയത്വം. റോസാപ്പൂവ്, കുങ്കുമപ്പൂവ്, ഏലക്കാ എന്നിവയും തദ്ദേശീയമായ ഇന്ത്യൻ പഴങ്ങളും ചേർത്ത് കൈകൊണ്ട് നിർമിച്ച പ്രത്യേക താമര രൂപത്തിലുള്ള ഭക്ഷ്യവിഭവമാണ് ഇവർ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമേ, 'ഓജസ്യ ബൈ ദി ലീല' എന്നറിയപ്പെടുന്ന മില്ലറ്റ് കുക്കികൾ, കൈകൊണ്ട് നിർമിച്ച ഗ്രനോള ബാറുകൾ, ആരോഗ്യകരമായ പാനീയങ്ങൾ എന്നിവയും പ്രതിനിധികൾക്കായി നൽകുന്നുണ്ട്. പരമ്പരാഗത ഇന്ത്യൻ ചേരുവകളുടെ നന്മയും സമകാലികമായ ആരോഗ്യ സമീപനവും സമന്വയിപ്പിച്ചാണ് ഈ വിഭവങ്ങൾ തയാറാക്കിയിരിക്കുന്നത്.
3. ദി ലളിത് -ന്യൂഡൽഹി
ഇന്ത്യയുടെ തനത് പ്രാദേശിക പാചക പാരമ്പര്യത്തോടൊപ്പം ആഗോള സ്വാധീനം കൂടി ഉൾക്കൊള്ളുന്ന പ്രത്യേക മെനുവാണ് ദി ലളിത് ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത വിഭവങ്ങളായ ഗലൂട്ടി കബാബുകൾ, തന്തൂരി റൊട്ടികൾ എന്നിവക്ക് പുറമെ പോഷകസമൃദ്ധമായ മില്ലറ്റ് (സിറധാന്യങ്ങൾ) വിഭവങ്ങൾക്കും ഇവിടെ മുൻഗണന നൽകിയിട്ടുണ്ട്. ഇതിനുപുറമേ മിസോ പേസ്റ്റ് ചേർത്ത ബ്രെയ്സ്ഡ് വഴുതനങ്ങ, ചൈനീസ് കാബേജ്, ആംബർ സോസോടുകൂടിയ ജാപ്പനീസ് ശൈലിയിലുള്ള കിഡ്നി ബീൻസ് വിഭവങ്ങൾ എന്നിവയും അന്താരാഷ്ട്ര അതിഥികൾക്കായി പ്രത്യേകമായി തയാറാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന നേതാക്കൾക്ക് ഒരു മേൽക്കൈയിൽ തങ്ങളുടെ തനതായ സംസ്കാരം അനുഭവവേദ്യമാക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

