Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഒന്ന് വാങ്ങിയാൽ ഒന്ന് ഫ്രീ'; ഡൽഹിയിൽ വമ്പൻ വിലക്കിഴിവിൽ നെയ്യ് വിൽപന നടത്തിയ കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ മിന്നൽ പരിശോധന

text_fields
bookmark_border
ഒന്ന് വാങ്ങിയാൽ ഒന്ന് ഫ്രീ; ഡൽഹിയിൽ വമ്പൻ വിലക്കിഴിവിൽ നെയ്യ് വിൽപന നടത്തിയ കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ മിന്നൽ പരിശോധന
cancel

ന്യൂഡൽഹി: ഉത്സവകാല ഓഫറുകളുടെ മറവിൽ നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ഡൽഹിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. വൻ വിലക്കിഴിവ് പ്രഖ്യാപിച്ച് നെയ്യ് വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 322 കിലോ സംശയാസ്പദമായി നെയ്യ് പിടിച്ചെടുത്തു. 'ഒന്ന് വാങ്ങിയാൽ ഒന്ന് സൗജന്യം' ഉൾപ്പെടെയുള്ള നിരവധി ആകർഷക ഓഫറുകൾ നൽകുന്ന കടകളിലാണ് അധികൃതർ പരിശോധന നടത്തിയത്. പിടിച്ചെടുത്ത നെയ്യിന്റെ ഗുണനിലവാരം സ്ഥിരീകരിക്കാൻ സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വിൽക്കുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിലും കുറഞ്ഞ വിലയിലും സംശയമുയർന്നതിനെ തുടർന്നായിരുന്നു നടപടി. 'ഒന്ന് വാങ്ങിയാൽ ഒന്ന് സൗജന്യം', 60 ശതമാനം വരെ വിലക്കുറവ് തുടങ്ങിയ ഓഫറുകൾ നൽകിയ കടകളിലായിരുന്നു പ്രധാനമായും പരിശോധന. ഇത്തരം സ്ഥാപനങ്ങളിൽ വിൽക്കുന്ന ഭക്ഷ്യവസ്തുക്കൾ നിശ്ചിത ഗുണനിലവാരവും സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. മായം കലർന്നതും നിലവാരമില്ലാത്തതും കാലാവധി കഴിഞ്ഞതും തെറ്റായ വിവരങ്ങളുള്ളതുമായ ഭക്ഷ്യവസ്തുക്കളുടെ വിൽപന തടയുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.

പശ്ചിമ ഡൽഹിയിലെ വികാസ്പുരിയിലുള്ള മാക്സ്കാർട്ട് സ്റ്റോർ, അഗർവാൾ സ്റ്റോർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ വിവിധ ബ്രാൻഡുകളിലുള്ള നെയ്യിന്റെ അഞ്ച് സാമ്പിളുകളും മറ്റ് ഭക്ഷ്യവസ്തുക്കളുടെ അഞ്ച് സാമ്പിളുകളും ശേഖരിച്ചു. ഇവിടെനിന്ന് 75.53 ലിറ്റർ നെയ്യാണ് പിടിച്ചെടുത്തത്. ഹസ്തസാൽ ഗ്രാമത്തിലെ അഗർവാൾ സ്റ്റോറിലും പരിശോധന നടത്തി. ഇവിടെനിന്ന് ശ്രീ ഷാൻ, വൃന്ദ ഫാംസ്, അവതാർ എന്നീ ബ്രാൻഡുകളിലുള്ള നെയ്യിന്റെ സാമ്പിളുകൾ ശേഖരിക്കുകയും 246 കിലോ നെയ്യ് പിടിച്ചെടുക്കുകയും ചെയ്തു. ആകെ 322 കിലോയിലേറെ നെയ്യാണ് അധികൃതർ പിടിച്ചെടുത്തത്.

നെയ്യിന് പുറമെ മറ്റ് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും പരിശോധിക്കുന്നുണ്ട്. ലജ്പത് നഗറിലെ ജെയിൻ സ്റ്റോറിൽനിന്ന് മഖാന, മഞ്ഞൾപ്പൊടി എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ചു. രിഠാലയിലെ യുഗ് ബാസ്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽനിന്ന് രണ്ടിനം ബിസ്കറ്റുകൾ, മിഠായികൾ എന്നിവയുടെ സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. ആസാദ് മാർക്കറ്റിലെ സാഹിബ് സൺസ് എന്ന സ്ഥാപനത്തിൽനിന്ന് പാക്കറ്റിലെ വിവരങ്ങൾ കൃത്യമല്ലാത്തതിനാൽ രണ്ട് മിഠായികളുടെ സാമ്പിളുകളും ശേഖരിച്ചു.

ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ചില സ്ഥാപനങ്ങൾക്ക് വീഴ്ച സംഭവിച്ചതായും പരിശോധനയിൽ കണ്ടെത്തി. ലബോറട്ടറി പരിശോധനാഫലവും കണ്ടെത്തിയ ക്രമക്കേടുകളും വിലയിരുത്തിയ ശേഷമായിരിക്കും തുടർ നടപടികൾ. പിടിച്ചെടുത്ത നെയ്യ് മുഴുവനും മായം കലർന്നതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഉത്സവകാലത്ത് ജനങ്ങളുടെ ആരോഗ്യവും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സംബന്ധിച്ച് ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയാറല്ലെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ, നിലവാരമില്ലാത്ത ഉൽപന്നങ്ങളുടെ വിൽപന, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ വിൽപന, തെറ്റായ ലേബലിങ് തുടങ്ങിയ ക്രമക്കേടുകൾ തടയാൻ കർശന നടപടി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിലക്കുറവ് കണ്ട് ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും പാക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഉൽപാദന തീയതി, കാലാവധി, മറ്റ് വിവരങ്ങൾ എന്നിവ പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Festive Food Quality Crackdown Delhi
Next Story