‘ഗൾഫുഡി’ൽ ശ്രദ്ധേയനായി മാഹി സ്വദേശിയായ മാസ്റ്റർ ബേക്കർ
text_fieldsടി.കെ ഖലീൽ
ദുബൈ: ലോക രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യോൽപന്ന വിദഗ്ദർ ഒത്തുചേരുന്ന ‘ഗൾഫുഡ്’ വേദിയിൽ ശ്രദ്ധേയനായി മലയാളി മാസ്റ്റർ ബേക്കർ. പരമ്പരാഗത ബ്രഡ് നിർമാണത്തിന്‍റെ രീതിയായ ‘ആർടിസാനൽ ബേക്കിങ്ങി’ന്റെ ആഴവും ശാസ്ത്രീയതയും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചാണ് ടി.കെ. ഖലീൽ എന്ന മാഹി സ്വദേശി ശ്രദ്ധിക്കപ്പെടുന്നത്.
അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ ഷെഫുമാരോടൊപ്പം ‘ഗൾഫുഡ്’ വേദി പങ്കിടുന്ന അപൂർവം മലയാളി സാന്നിധ്യമാണ് ഇദ്ദേഹം. 45 വർഷത്തിലധികമായി ബേക്കിങ് മേഖലയിൽ പ്രവർത്തിക്കുന്ന ഖലീൽ, വലിയ അനുഭവസമ്പത്തുണ്ടായിട്ടും ഈ രംഗത്തെ പഠനം തുടരുന്ന വ്യക്തിത്വം കൂടിയാണ്.
ഖത്തർ, യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലായി 45 വർഷത്തിലധികമായി ഖലീൽ ബേക്കറി ജോലികൾക്ക് നേതൃത്വം നൽകി വരികയാണ്. ബ്ലൂം ബേക്ഹൗസ്, ആർടിസാൻ ബേകേഴ്സ് തുടങ്ങിയ ബ്രാൻഡുകൾ വിജയകരമായി വികസിപ്പിച്ച അദ്ദേഹം, മേഖലയിലെ ആദ്യകാലത്തു തന്നെ ഫ്രോസൻ ബേക്കറി സിസ്റ്റങ്ങളും ‘ഗ്ലൂട്ടൻ ഫ്രീ’ ബേക്കറി യൂനിറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്.
21-ാം വയസ്സിൽ ഔപചാരിക ബേക്കിങ് പരിശീലനവുമില്ലാതെയാണ് ഖലീൽ ഈ മേഖലയിലേക്ക് പ്രവേശിച്ചത്. നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയുമാണ് പഠനം ആരംഭിച്ചത്. 2007ൽ അദ്ദേഹം നിർമിച്ച ‘സവർഡോ സ്റ്റാർട്ടറി’ന്റെ അപൂർവമായ പൈതൃക മൂല്യം തിരിച്ചറിഞ്ഞ്, ബെൽജിയത്തിലെ പ്രശസ്തമായ പുരാടോസ് സവർഡോ ലൈബ്രറിയിൽ സ്ഥാനം നേടിയിട്ടുണ്ട്. മാവും വെള്ളവും ചേർത്ത് സ്വാഭാവികമായി നിർമിക്കുന്ന ഒരു തരം ബ്രെഡാണ് സോർദോ. ഒരു ബേക്കറുടെ വ്യക്തിഗത സൃഷ്ടി ആഗോള പൈതൃകമായി അംഗീകരിക്കപ്പെടുന്ന അപൂർവ നേട്ടമാണിത്.
2025ലെ ‘ഗൾഫ്‌ഫുഡി’ൽ ഖലീൽ നയിച്ച മാസ്റ്റർക്ലാസുകൾ വലിയ ശ്രദ്ധയും മികച്ച പ്രേക്ഷക പ്രതികരണവും നേടിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇത്തവണയും മുഴുവൻ അഞ്ച് ദിവസവും ക്ലാസുകൾ നയിക്കുന്നത്. ഖലീൽ സ്ഥാപിച്ച ‘ബേക്മാർട്’ ബ്രാൻഡ് 15 വർഷത്തിലധികമായി ഗൾഫുഡ് വേദിയിൽ തുടർച്ചയായി പങ്കെടുക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വിജയകഥകളിലൊന്നായി മാറിയത് ‘ബേക്മാർട്’ ബ്രാൻഡ് സൗദി അറേബ്യയിലെ പ്രമുഖ ഫുഡ് ഗ്രൂപ്പായ അൽ മറായ് ഏറ്റെടുത്തതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

