മൊറോക്കോയുടെ പോരാട്ടവീര്യത്തെ പ്രശംസിച്ച് യു.എ.ഇ നേതാക്കൾ
text_fieldsകാനഡയെ പരാജയപ്പെടുത്തി ലോകകപ്പ് ക്വാർട്ടർ ഫൈനലിലെത്തിയ മൊറോക്കൻ താരങ്ങൾ കാണികളെ അഭിവാദ്യം ചെയ്യുന്നു
ദുബൈ: സഹ-ആതിഥേയരായ കാനഡയെ തകർത്ത് തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ച മൊറോക്കോ ടീമിന് അഭിനന്ദനങ്ങളുമായി യു.എ.ഇ നേതാക്കൾ. ശനിയാഴ്ച വൈകുന്നേരം ഹൂസ്റ്റണിൽ നടന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ, തുടക്കത്തിലെ പതർച്ചയ്ക്ക് ശേഷം മികച്ച തിരിച്ചുവരവ് നടത്തിയ മെറോക്കോ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് കാനഡയെ പരാജയപ്പെടുത്തിയത്. ഇതോടെ, ടൂർണമെന്റിലെ ഫേവറിറ്റുകളായ ഫ്രാൻസുമായുള്ള ആവേശകരമായ ക്വാർട്ടർ ഫൈനലിനാണ് വഴിയൊരുങ്ങിയത്. നാല് വർഷം മുമ്പ് ഖത്തറിൽ നടന്ന ലോകകപ്പിൽ തങ്ങളുടെ അവിശ്വസനീയ കുതിപ്പിന് സെമി ഫൈനലിൽ തടയിട്ട ഫ്രഞ്ച് പടയോട് പ്രതികാരം വീട്ടാനുറച്ചാണ് വ്യാഴാഴ്ച ബോസ്റ്റണിൽ മൊറോക്കോ കളത്തിലിറങ്ങുക.
ആഗോള വേദിയിൽ പരിചയസമ്പന്നരായ പോരാളികളായി വളർന്ന മൊറോക്കൻ ടീമിനെ ദുബൈ ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രശംസിച്ചു. ‘ഇന്നത്തെ വിജയത്തിനും ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയതിനും അറ്റ്ലസ് ലയൺസിന് അഭിനന്ദനങ്ങൾ. നമ്മൾ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന രീതിയിലുള്ള ശക്തമായ പ്രകടനവും പോരാട്ടവീര്യവുമാണ് അവർ കാഴ്ചവെച്ചത്. മൊറോക്കോയിലെ സഹോദര ജനങ്ങൾക്കും എന്റെ സഹോദരൻ കിങ് മുഹമ്മദ് ആറാമനും അഭിനന്ദനങ്ങൾ. വരാനിരിക്കുന്ന മത്സരങ്ങളിൽ വിജയത്തിനായി പ്രാർഥിക്കുന്നു’ -ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഈ വർഷത്തെ ലോകകപ്പിൽ ആസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ നോക്കൗട്ട് ഘട്ട വിജയം സ്വന്തമാക്കിയ ഈജിപ്തിനെയും അദ്ദേഹം പ്രശംസിച്ചിരുന്നു. ചൊവ്വാഴ്ച നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ ലയണൽ മെസ്സിയുടെ അർജന്റീനയാണ് ഈജിപ്തിന്‍റെ എതിരാളികൾ.
വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനും മൊറോക്കോയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘ശക്തമായ പ്രകടനത്തിലൂടെയും നിശ്ചയദാർഢ്യം വിളിച്ചോതുന്ന പോരാട്ട വീര്യത്തിലൂടെയും ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയ അറ്റ്ലസ് ലയൺസിന് ഇത് അർഹിച്ച സന്തോഷമാണ്. ഈ നേട്ടത്തിൽ കിങ് മുഹമ്മദ് ആറാമനെയും മൊറോക്കൻ ജനതയെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ അഭിമാനകരമായ യാത്ര തുടരാൻ മൊറോക്കോക്ക് എല്ലാ വിജയാശംസകളും നേരുന്നു’ -അദ്ദേഹം എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

