കിടിലൻ കം ബാക്ക്; ന്യൂസിലാന്‍റിനെ തകർത്ത ഈജിപ്തിന് ലോകകപ്പ് ചരിത്രത്തിലെ ആദ്യജയം
text_fieldsവാങ്കൂവർ : ലോകകപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങിയ ഈജിപ്തിന് ഉജ്ജ്വല വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്നശേഷം രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയ ഈജിപ്ത്, ന്യൂസിലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തകർത്തത്. ലോകകപ്പ് ചരിത്രത്തിൽ ഈജിപ്തിന്‍റെ ആദ്യ ജയമാണിത്. ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഈജിപ്തിന്റെ ക്യാപ്റ്റൻ മുഹമ്മദ് സലാഹിന്‍റെ നേതൃത്വത്തിലുള്ള മുന്നേറ്റനിരയാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. ജയത്തോടെ ഗ്രൂപ്പ് ജി യിൽ ഒന്നാമതെത്തിയ ഈജിപ്ത് നോക്കൗട്ട് സാധ്യതകൾ സജീവമാക്കി.
മത്സരത്തിന്റെ തുടക്കം മുതൽ അച്ചടക്കമുള്ള പ്രതിരോധവും ഒത്തിണക്കമുള്ള നീക്കങ്ങളുമായി 'ഓൾ വൈറ്റ്സ്' എന്നറിയപ്പെടുന്ന ന്യൂസിലന്‍റാണ് കളം നിറഞ്ഞത്. 16-ാം മിനിറ്റിൽ ലഭിച്ച ഒരു കോർണർ കിക്ക് മുതലെടുത്ത് ഫിൻ സർമാൻ തൊടുത്ത തകർപ്പൻ ഹെഡർ ഈജിപ്ത് വലയിൽ തുളച്ചു കയറി. ഈ ഗോൾ ന്യൂസിലൻഡ് ആരാധകരിൽ വലിയ ആവേശമാണ് നിറച്ചത്. ആദ്യ പകുതിയിലുടനീളം ഈജിപ്തിന്റെ മുന്നേറ്റങ്ങളെ പഴുതടച്ചുള്ള പ്രതിരോധത്തിലൂടെ ന്യൂസിലൻഡ് നേരിട്ടു. ക്യാപ്റ്റൻ മുഹമ്മദ് സലാഹിന് പോലും ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ ലഭിച്ചില്ല.
എന്നാൽ രണ്ടാം പകുതിയിൽ കഥ മാറി. തോൽവി സമ്മതിക്കാൻ തയ്യാറാകാതെ ഇറങ്ങിയ ഈജിപ്ത്, തുടക്കം മുതൽ തന്നെ ആക്രമണം ശക്തമാക്കി. 59-ാം മിനിറ്റിൽ മുഹമ്മദ് ഹാനി വലതുവിങ്ങിൽ നിന്ന് നൽകിയ മനോഹരമായ ഒരു ക്രോസ്, ബോക്സിനുള്ളിൽ കാത്തുനിന്ന മൊസ്തഫ സിക്കോ മികച്ചൊരു ഹെഡറിലൂടെ വലയിലാക്കി. 1-1 എന്ന നിലയിലായതോടെ മത്സരം കൂടുതൽ വാശിയേറി.
പിന്നാലെ 68-ാം മിനിറ്റിൽ ഈജിപ്തിന്റെ വിജയമുറപ്പിച്ച ഗോൾ പിറന്നു. മൊസ്തഫ സിക്കോയുമായി ചേർന്ന് നടത്തിയ മനോഹരമായ വൺ-ടു പാസിലൂടെ ന്യൂസിലൻഡ് പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറിയ മുഹമ്മദ് സലാഹ്, അനായാസം പന്ത് വലയിലെത്തിച്ചു. ഈ ഗോളോടെ മത്സരത്തിന്റെ നിയന്ത്രണം പൂർണമായും ഈജിപ്ത് ഏറ്റെടുത്തു. കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, സലാഹ് എടുത്ത കോർണർ കിക്കിൽ നിന്ന് ട്രെസെഗെറ്റ് കൂടി ലക്ഷ്യം കണ്ടതോടെ ഈജിപ്തിന്റെ വിജയം പൂർത്തിയായി.
ഈ വിജയത്തോടെ ലോകകപ്പ് പ്രീ-ക്വാർട്ടർ യോഗ്യതയ്ക്കായുള്ള സാധ്യത ഈജിപ്ത് സജീവമാക്കി. ഗ്രൂപ്പിലെ മറ്റ് ടീമുകൾക്കെതിരെ നടക്കുന്ന മത്സരങ്ങൾക്കൊപ്പം ഈ വിജയം ഈജിപ്തിന് വലിയ ആത്മവിശ്വാസം നൽകും. മറുഭാഗത്ത്, ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും പ്രതിരോധത്തിലെ ചെറിയ പിഴവുകൾ ന്യൂസിലൻഡിന് തിരിച്ചടിയായി. അടുത്ത മത്സരങ്ങളിൽ ഈ പോരായ്മകൾ പരിഹരിച്ചാൽ മാത്രമേ ന്യൂസിലൻഡിന് മുന്നേറാൻ സാധിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

