Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_right‘ഞങ്ങൾ ലോകത്തിന്റെ...

‘ഞങ്ങൾ ലോകത്തിന്റെ രാജാക്കന്മാരല്ല, ടിക്കറ്റ് നിരക്കുകൾ സ്വാഭാവികം’; ലോകകപ്പ് വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ഫിഫ

text_fields
bookmark_border
Gianni Infantino
cancel
camera_alt

ജിയാനി ഇൻഫാന്റിനോ

മെക്സിക്കോ സിറ്റി: ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങൾ അണിനിരക്കുന്ന, 104 മത്സരങ്ങൾ ഉൾപ്പെടുത്തിയ ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്പ് ടിക്കറ്റ് നിരക്കുകൾ ഉൾപ്പെടെയുള്ള ആഗോള വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ലോകകപ്പ് ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങളെ ശക്തമായി പ്രതിരോധിച്ച ഇൻഫാന്റിനോ, സോമാലിയൻ റഫറിക്ക് യു.എസ് വിസ നിഷേധിച്ച സംഭവത്തിൽ ഫിഫക്ക് പരിമിതികളുണ്ടെന്നും തുറന്നുപറഞ്ഞു.

‘യു.എസ്-ഇറാൻ രാഷ്ട്രീയ പ്രതിസന്ധിക്കിടയിലും ഇറാനെ ലോകകപ്പിൽ പങ്കെടുപ്പിക്കാനായത് ഫിഫയുടെ വിജയമാണ്. കുറഞ്ഞ വിലക്ക് ടിക്കറ്റ് വിറ്റാൽ അത് ബ്ലാക്ക് മാർക്കറ്റ് മാഫിയകൾ ചൂഷണം ചെയ്യും. ഉയർന്ന നിരക്കിലൂടെ ലഭിക്കുന്ന പണം ഫുട്ബോളിന്റെ വളർച്ചക്കാണ് ഉപയോഗിക്കുന്നത്’ ഇൻഫാന്റിനോ പറഞ്ഞു.

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ കുറഞ്ഞ നിരക്ക് 140 ഡോളറാണ് (ഏകദേശം 13,300 രൂപ). ഫൈനൽ മത്സരത്തിന് റെഗുലർ ടിക്കറ്റിന് 8,680 മുതൽ 32,970 ഡോളർ വരെയും, ഹോസ്പിറ്റാലിറ്റി സീറ്റുകൾക്ക് 73,200 ഡോളർ വരെയുമാണ് നിരക്ക്. ഖത്തറിൽ ഇത് 69 മുതൽ 1,607 ഡോളർ വരെയായിരുന്നു. എന്നാൽ വിമർശനങ്ങൾ ഉയർന്നതോടെ സാധാരണക്കാർക്കായി 60 ഡോളറിന്റെ 1,30,000 ടിക്കറ്റുകൾ ഫെഡറേഷനുകൾ വഴി മാറ്റിവെച്ചിട്ടുണ്ടെന്നും ഫിഫ വ്യക്തമാക്കി.

അമേരിക്കയിലെ മറ്റ് പ്രമുഖ കായിക ടൂർണമെന്റുകളായ എൻ.ബി.എ, എൻ.എഫ്.എൽ, മേജർ ലീഗ് ബേസ്ബോൾ എന്നിവയുടെ പ്ലേ ഓഫ് മത്സരങ്ങളിലെ ടിക്കറ്റ് നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ലോകകപ്പ് നിരക്കുകൾ സ്വാഭാവികമാണെന്നാണ് ഫിഫയുടെ വാദം. കാലിഫോർണിയ, ന്യൂജേഴ്‌സി, ന്യൂയോർക്ക്, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ ടിക്കറ്റ് നിരക്കുകളെക്കുറിച്ച് നടത്തുന്ന അന്വേഷണങ്ങളിൽ ഫിഫക്ക് യാതൊരു ആശങ്കയുമില്ലെന്നും, മികച്ച നിയമവിദഗ്ദ്ധരുമായി ആലോചിച്ചാണ് ടിക്കറ്റ് വിൽപന തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി മത്സരം നിയന്ത്രിക്കാൻ യോഗ്യത നേടിയ സോമാലിയൻ റഫറി ഉമർ അർതാന് യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ മിയാമി വിമാനത്താവളത്തിൽ വെച്ച് പ്രവേശനം നിഷേധിച്ച സംഭവം നിർഭാഗ്യകരമാണെന്ന് ഇൻഫാന്റിനോ പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ കടുത്ത ഇമിഗ്രേഷൻ സുരക്ഷാ പരിശോധനകളെ തുടർന്നാണ് ആഫ്രിക്കയിലെ മികച്ച റഫറിയായ ഉമറിനെ തിരിച്ചയച്ചത്. ഈ വിഷയത്തിൽ എല്ലാവരും ശാന്തരാകണമെന്നാണ് ഇൻഫാന്റിനോ ആവശ്യപ്പെട്ടത്.

‘ഞങ്ങൾക്ക് എല്ലാ കാര്യങ്ങളിലും നിയന്ത്രണമില്ല. ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്, ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ ചിലപ്പോൾ ഇത്തരം കാര്യങ്ങളിൽ പെട്ടെന്ന് ബഹളം വെയ്ക്കുന്നത് പരിഹാരത്തിന് പകരമായി വിപരീത ഫലമാകും ഉണ്ടാക്കുക. ഫിഫ എല്ലാത്തിനും പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഞങ്ങൾ സർക്കാരുകൾക്കോ പൊലീസ് സേനകൾക്കോ മുകളിൽ ഭരണം നടത്തുന്ന ലോകത്തിന്റെ രാജാക്കന്മാരല്ല എന്ന യാഥാർത്ഥ്യം എല്ലാവരും മനസ്സിലാക്കണം. സുരക്ഷക്കാണ് ലോകത്ത് ഒന്നാം സ്ഥാനമെന്നും ഇൻഫാന്റിനോ പറഞ്ഞു.

അമേരിക്കയുമായി കടുത്ത യുദ്ധപ്രതീതി നിലനിൽക്കുന്ന സാഹചര്യത്തിലും ഇറാൻ ദേശീയ ഫുട്ബാൾ ടീമിനെ യു.എസിൽ കളിപ്പിക്കാൻ കഴിഞ്ഞത് ഫിഫയുടെ വലിയ നയതന്ത്ര വിജയമാണെന്ന് ഇൻഫാന്റിനോ അവകാശപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ഇറാൻ ടീം തങ്ങളുടെ പരിശീലന ക്യാമ്പ് യു.എസിൽ നിന്നും മെക്സിക്കോയിലേക്ക് മാറ്റിയിരിക്കുകയാണ്. മത്സര ദിവസങ്ങളിൽ മാത്രമായിരിക്കും അവർ യുഎസിലേക്ക് വിമാനമാർഗ്ഗം എത്തുക.

അതുപോലെ തന്നെ, ഡോണൾഡ് ട്രംപിന്റെ ഇടപെടലുകളില്ലായിരുന്നെങ്കിൽ അമേരിക്കയിൽ ഇത്രയും വലിയൊരു ലോകകപ്പ് സംഘടിപ്പിക്കുക അസാധ്യമാകുമായിരുന്നുവെന്നും ഇൻഫാന്റിനോ അഭിപ്രായപ്പെട്ടു. ടൂർണമെന്റിലൂടെ 11 ബില്യൺ ഡോളറിന്റെ വരുമാനമാണ് ഫിഫ പ്രതീക്ഷിക്കുന്നത്. പേ-പെർ-വ്യൂ സംവിധാനത്തിലാക്കിയിരുന്നെങ്കിൽ 30 ബില്യൺ ഡോളർ വരെ നേടാമായിരുന്നുവെന്നും എന്നാൽ ലോകത്തിലെ കോടിക്കണക്കിന് ആളുകൾക്ക് കളി കാണാനാണ് ഫിഫ മുൻഗണന നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gianni Infantinofifa presidentTicket PricesFIFA World Cup 2026
News Summary - FIFA president defends high football World Cup ticket prices
Next Story