ഫെയർ പ്ലേ കളിയുടെ ആത്മാവ്'; വിവാദ ഓഫ്‌സൈഡിന് പിന്നാലെ ഇറാന്റെ വൈകാരിക കുറിപ്പ്
text_fieldsസിയാറ്റിൽ: കാൽപന്തുകളി വെറുമൊരു മത്സരമല്ലെന്നും, അതൊരു സംസ്കാരവും സ്വഭാവമഹിമയുടെ പരീക്ഷണവുമാണെന്നും ഓർമ്മിപ്പിച്ച് ഇറാൻ ദേശീയ ഫുട്ബാൾ ടീം. 2026 ലോകകപ്പിൽ ഈജിപ്തിനെതിരായ നിർണായക പോരാട്ടത്തിൽ വിവാദ ഓഫ്‌സൈഡിലൂടെ വിജയം നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് ഹൃദയം തൊടുന്ന കുറിപ്പുമായി ഇറാൻ ടീം രംഗത്തെത്തിയത്.
പോയിന്റുകൾ പലവഴികളിൽ കൂടി നേടാനാകുമെങ്കിലും ബഹുമാനം അങ്ങനെ നേടിയെടുക്കാൻ പറ്റില്ലെന്നും ഓർമ്മിപ്പിക്കുന്ന വികാരനിർഭരമായ കുറിപ്പാണ് അവർ സിയാറ്റിലിലെ ഡ്രസ്സിങ് റൂമിൽ ബാക്കിവെച്ചത്. ഇറാന്റെ കുറിപ്പ് ഇതിനോടകം ഫുട്ബാൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇതേ മത്സരത്തിൽ ഇറാനെ 1-1 ന് സമനിലയിൽ തളച്ച ഈജിപ്ത് തങ്ങളുടെ ഫുട്ബാൾ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുകയും ചെയ്തു.
ചരിത്രത്തിന് മുന്നിൽ തലയുയർത്തി നിൽക്കാൻ ന്യായവും ബഹുമാനവും വേണം
വിജയത്തേക്കാൾ ഉപരിയായി കായികക്ഷമതയ്ക്കും ഫെയർ പ്ലേയ്ക്കും നൽകുന്ന പ്രാധാന്യമാണ് തസ്നിം ന്യൂസ് ഏജൻസി എക്‌സിലൂടെ പുറത്തുവിട്ട കുറിപ്പിലുള്ളത്.
'ഞങ്ങൾ വരുന്നത് ഇറാനിൽ നിന്നാണ്... ആയിരക്കണക്കിന് വർഷങ്ങളായി വിജയത്തേക്കാൾ അഭിമാനത്തിന് വില നൽകിയ നാട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഫുട്ബാൾ വെറുമൊരു മത്സരമല്ല; അതൊരു പരീക്ഷണമാണ്. ഒരുപക്ഷേ പല വഴികളിലൂടെയും പോയിന്റുകൾ നേടാനായേക്കാം, പക്ഷേ ബഹുമാനം അങ്ങനെ നേടാനാവില്ല. ഒരു ടീമിന് ഗ്രൂപ്പ് ഘട്ടം കടക്കാനായേക്കാം, എന്നാൽ ചരിത്രത്തിന് മുന്നിൽ തലയുയർത്തി നിൽക്കാൻ ന്യായവും ബഹുമാനവും കൂടിയേ തീരൂ. ഫെയർ പ്ലേ എന്നത് ഫുട്ബാൾ നിയമങ്ങളിലെ കേവലമൊരു വരി മാത്രമല്ല, കളിയുടെ ആത്മാവാണ്. സിയാറ്റിലിന്റെ ആതിഥ്യമര്യാദയ്ക്കും, ഇറാനുവേണ്ടി തങ്ങളുടെ ഹൃദയവും ശബ്ദവും ജീവനും നൽകിയ എല്ലാ ഇറാനികൾക്കും നന്ദി. ഇറാൻ എപ്പോഴും തലയുയർത്തി നിൽക്കും," -
ഇതിനുമുമ്പ് ലോസ് ആഞ്ചലസിൽ നടന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബെൽജിയത്തോട് ഗോൾരഹിത സമനില വഴങ്ങിയപ്പോഴും സമാനമായ രീതിയിൽ ഇറാൻ നന്ദി അറിയിച്ചിരുന്നു. 'ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള പുരാതന പേർഷ്യ മുതൽ ഇന്നത്തെ പരിഷ്കൃത ഇറാൻ വരെ, ഇറാന്റെ ആത്മാവ് സജീവവും അചഞ്ചലവുമായി തുടരുന്നു. അഭിമാനത്തോടെ ഞങ്ങൾ കളിച്ചു, അന്തസ്സോടെ മടങ്ങുന്നു,' എന്നായിരുന്നു ആ കുറിപ്പിലെ വരികൾ.
കളിക്കളത്തിലെ തീപാറും പോരാട്ടം; ചരിത്രമെഴുതി ഈജിപ്ത്
ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിലാണ് ഈജിപ്ത് തങ്ങളുടെ ചരിത്രനേട്ടം കുറിച്ചത്. ഇഞ്ചുറിസമയത്ത് ഇറാന്റെ വിജയഗോൾ എന്ന് ഉറപ്പിച്ച മുന്നേറ്റം വാർ പരിശോധനയിൽ ഓഫ്‌സൈഡായി വിധിച്ചതാണ് മത്സരത്തിൽ വിവാദമായത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ മുഹമ്മദ് സലായുടെ ഷോട്ട് ഇറാൻ ഗോളി അലിറേസ ബീരാൻവന്ദ് തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ നിന്ന് മഹ്മൂദ് സാബർ ഈജിപ്റ്റിനായി വലകുലുക്കി. ഒമ്പതാം മിനിറ്റിൽ ഇറാൻ താരം മെഹ്ദി തരേമിയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഈജിപ്റ്റ് ഗോൾകീപ്പർ മുസ്തഫ ഷൊബീർ തട്ടിയകറ്റി. എന്നാൽ വൈകാതെ ബോക്സിനുള്ളിൽ നിന്ന് റാമിൻ റെസായെനിലൂടെ ഇറാൻ സമനില പിടിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത റാമിൻ റെസായെൻ തന്നെയാണ് കളിയിലെ താരം. രണ്ടാം പകുതിയിൽ ഇറാൻ മുന്നേറ്റങ്ങളെ സമർത്ഥമായി പ്രതിരോധിച്ച ഈജിപ്റ്റ് ഗോൾകീപ്പർ മുസ്തഫ ഷൊബീറിന്റെ മിന്നും പ്രകടനവും ചരിത്രനേട്ടത്തിൽ നിർണായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

