ആ ഗോൾ ഓഫ്സൈഡ് തന്നെ...
text_fieldsഈജിപ്തിനെതിരെ ഇറാന്റെ വിജയ ഗോൾ വി.എ.ആറിൽ നിഷേധിച്ചത് വിവാദമായിരിക്കുകയാണ്. ഓഫ് സൈഡ് വിളിച്ച ഗോളിന്റെ വിധിയെന്തെന്ന് പരിശോധിക്കുകയാണ് മുൻ റഫറിയും ഫുട്ബാൾ കോച്ചും കോഴിക്കോട് സർവകലാശാല കായിക വിഭാഗം അസോസിയറ്റ് പ്രഫസറുമായ ഡോ. മുഹമ്മദ് അലി മൂന്നിയൂർ.
ഇറാൻ-ഈജിപ്ത് മത്സരത്തിൽ അവസാന നിമിഷം ഇറാൻ നേടിയ ഗോൾ ‘വി.എ.ആർ’ പരിശോധനയിൽ നിഷേധിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ജയത്തോടെ നോക്കൗട്ട് സ്ഥാനം ഉറപ്പായിരുന്നു. ഈ ഗോൾ നിഷേധം ഇറാൻ ആരാധകരുടെ ഹൃദയം തകർക്കുന്നതായി. എന്നാൽ, വാർചെക്ക് നിയമപ്രകാരം അത് ഓഫ്സൈഡ് തന്നെയാണ്. ടീം ഇറാനായതിനാൽ മറ്റു രാഷ്ട്രീയ മാനങ്ങൾ കൽപിക്കേണ്ടതില്ല. ഓഫ്സൈഡ് നിയമപ്രകാരം ആ സംഭവത്തിൽ ആദ്യ കളിക്കാരൻ ഷൂട്ട് ചെയ്യുമ്പോൾ ഈജിപ്ത് ഗോൾകീപ്പർ അഡ്വാൻസ് ചെയ്ത് തടുക്കാൻ ശ്രമിക്കുകയാണ്.
ഈ സമയം ഗോൾ നേടിയ കളിക്കാരന്റെ കാൽപാദം രണ്ടാം ഡിഫൻഡർ ലൈനിനേക്കാൾ അൽപം മുന്നിലായിട്ടാണ് വാറിൽ കാണുന്നത്. ഇപ്രകാരം ഈ കളിക്കാരൻ ഓഫ്സൈഡ് പൊസിഷനിലാണ് നിൽക്കുന്നത്. ഗോൾ കീപ്പർ മുന്നോട്ടു കയറി മൂന്നാം ഡിഫൻഡറായി മാറുന്നതും മറ്റൊരു ഡിഫൻഡർ പിന്നിലേക്കിറങ്ങി ഒന്നാം ഡിഫൻഡർ ആകുന്നതും കാണുന്നുണ്ട്.
ഇത് കളിയിൽ സാധാരണമാണ്. ഇപ്രകാരം ആദ്യത്തെ ഷൂട്ടിന്റെ സമയത്ത് ഗോൾ നേടിയ കളിക്കാരൻ അവസാനത്തെ രണ്ടാം ഡിഫൻഡറായി മാറിയ കളിക്കാരനേക്കാൾ കാൽപാദം മുന്നിട്ടു നിൽക്കുന്നതായാണ് വാർചെക്ക് ലൈൻ കാണിക്കുന്നത്. ഈ പൊസിഷനിൽ നിന്നതുകൊണ്ടുള്ള ആനുകൂല്യം ഉപയോഗിച്ചാണ് റീ ബൗണ്ടിൽനിന്ന് ഗോൾ നേടുന്നത്. അതിനാലാണ് വാർ നിയമപ്രകാരം ഗോൾ നിഷേധിക്കപ്പെട്ടത്. ഈ ഘട്ടത്തിൽ നമുക്ക് വാർ സാങ്കേതിക വിദ്യയെ വിശ്വസിക്കുക മാത്രമേ വഴിയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

