Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുടക്കമിട്ട് ബെല്ലിംഗ്ഹാം, ഫിനിഷ് ചെയ്ത് 'കിങ്' കെയ്ൻ; പനാമയെ വീഴ്ത്തി ഇംഗ്ലണ്ട് നോക്കൗട്ടിൽ

text_fields
bookmark_border
തുടക്കമിട്ട് ബെല്ലിംഗ്ഹാം, ഫിനിഷ് ചെയ്ത് കിങ് കെയ്ൻ; പനാമയെ വീഴ്ത്തി ഇംഗ്ലണ്ട് നോക്കൗട്ടിൽ
cancel

ന്യൂജഴ്സി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട് റൗണ്ട് ഓഫ് 32-ൽ പ്രവേശിച്ചു. ഗോളടിച്ചും അടിപ്പിച്ചും യുവതാരം ജൂഡ് ബെല്ലിംഗ്ഹാം കളം നിറഞ്ഞപ്പോൾ, ഇംഗ്ലണ്ടിന്റെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന ചരിത്രനേട്ടം ക്യാപ്റ്റൻ ഹാരി കെയ്ൻ സ്വന്തമാക്കി. വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ത്രീ ലയൺസിന്റെ നോക്കൗട്ട് പ്രവേശനം.

ആദ്യ പകുതിയിലെ വിരസമായ പ്രകടനത്തിന് ശേഷം, രണ്ടാം പകുതിയിലാണ് ഇംഗ്ലണ്ട് ആവേശത്തിലേക്ക് ഉണർന്നത്. ഘാനയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ ഗോൾരഹിത സമനിലയുടെ നിരാശയിലായിരുന്ന ഇംഗ്ലീഷ് ആരാധകർക്ക് ആശ്വാസമേകി 62-ാം മിനിറ്റിൽ ആദ്യ ഗോൾ പിറന്നു. ബുക്കായോ സാക്കയെടുത്ത കോർണർ കിക്കിൽ നിന്ന് പനാമൻ പ്രതിരോധത്തെ കബളിപ്പിച്ച് ജൂഡ് ബെല്ലിംഗ്ഹാം പന്ത് വലയിലെത്തിക്കുകയായിരുന്നു. പനാമൻ ഗോളി ഒർലാൻഡോ മോസ്ക്വേരയ്ക്ക് പ്രതിരോധിക്കാൻ അവസരം ലഭിക്കുന്നതിന് മുൻപേ ബെല്ലിംഗ്ഹാമിന്റെ ഇടങ്കാലൻ ഷോട്ട് വലയിൽ പതിച്ചു.

റെക്കോർഡുകൾ കടപുഴക്കി കെയ്ൻ

ആദ്യ ഗോളിന്റെ ആവേശം കെട്ടടങ്ങും മുൻപേ ഇംഗ്ലണ്ട് ലീഡ് ഉയർത്തി. അഞ്ച് മിനിറ്റുകൾക്കകം (67-ാം മിനിറ്റിൽ) ബെല്ലിംഗ്ഹാം നൽകിയ മനോഹരമായ ക്രോസ്സ് ഒരു കിടിലൻ ഹെഡറിലൂടെ ഹാരി കെയ്ൻ വലയിലാക്കി. ഡൈവ് ചെയ്ത ഗോളി മോസ്ക്വേരയ്ക്ക് യാതൊരു അവസരവും നൽകാതെയായിരുന്നു കെയ്നിന്റെ ക്ലാസിക് ഫിനിഷിങ്. ഈ ഗോളോടെ ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ഇതിഹാസ താരം ഗാരി ലിനേക്കറുടെ (10 ഗോളുകൾ) റെക്കോർഡ് കെയ്ൻ പഴങ്കഥയാക്കി. ലോകകപ്പിൽ കെയ്നിന്റെ സമ്പാദ്യം ഇപ്പോൾ 11 ഗോളുകളാണ്.

രണ്ട് മികച്ച സേവുകളുമായി ഇംഗ്ലീഷ് ഗോളി ജോർദാൻ പിക്ഫോർഡ് ക്ലീൻ ഷീറ്റ് സ്വന്തമാക്കിയപ്പോൾ, പനാമയ്ക്കായി ഗോളി മോസ്ക്വേര നാല് സേവുകൾ നടത്തി. തോൽവിയോടെ പനാമ ലോകകപ്പിൽ നിന്ന് പുറത്തായി. റൗണ്ട് ഓഫ് 32-ൽ മികച്ച മൂന്നാം സ്ഥാനക്കാരായി എത്തുന്ന ടീമിനെയാകും ഇംഗ്ലണ്ട് നേരിടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bellingham Shines as Kane Makes History: England Storm into Knockouts with Win Over Panama
Next Story