ഇതിഹാസങ്ങളുടെ അന്ത്യയുദ്ധം: റൊണാൾഡോയോ മോഡ്രിച്ചോ? രണ്ടിൽ ഒരാൾക്ക് നാളെ കണ്ണീർ മടക്കം...
text_fieldsടൊറന്റോ : ലോകഫുട്ബോളിലെ രണ്ട് ഇതിഹാസങ്ങളുടെ കരിയറിലെ ഏറ്റവും നിർണായകമായ നിമിഷങ്ങൾക്ക് നാളെ പുലർച്ചെ കളം ഒരുങ്ങുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും നേർക്കുനേർ വരുമ്പോൾ അത് വെറുമൊരു നോക്കൗട്ട് മത്സരം മാത്രമല്ല, ഒരുപക്ഷേ ഈ രണ്ട് വിശ്വവിഖ്യാത താരങ്ങളിൽ ഒരാളുടെ അവസാന ലോകകപ്പ് മത്സരമായി ഇത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടേക്കാം. നാളെ പുലർച്ചെ ഇന്ത്യൻ സമയം 4.30-നാണ് ലോകമെമ്പടുമുള്ള ഫുട്ബോൾ ആരാധകർ ശ്വാസമടക്കിപ്പിടിച്ചു കാത്തിരിക്കുന്ന ഈ മഹാപോരാട്ടം നടക്കുക. തോൽക്കുന്നവർക്ക് കണ്ണീരോടെ മടങ്ങാം, ജയിക്കുന്നവർക്ക് കിരീടസ്വപ്നങ്ങളിലേക്ക് ഒരുപടി കൂടി മുന്നേറാം. റൊണാൾഡോയുടെ കരിയറിലെ അവസാന ലോകകപ്പാണിതെന്ന ചർച്ചകൾ സജീവമായിരിക്കെ, മറുഭാഗത്ത് ക്രോട്ടുകളുടെ നട്ടെല്ലായ മോഡ്രിച്ചിനും ഇത് അവസാന ലോകവേദിയാകാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഈ ഇതിഹാസങ്ങളിൽ ആരുടെ ലോകകപ്പ് യാത്രയ്ക്കാണ് നാളെ തിരശ്ശീല വീഴുകയെന്ന ആശങ്കയിലാണ് കായികലോകം.
റൗണ്ട് ഓഫ് 32-ലെ ഈ ജീവൻമരണ പോരാട്ടത്തിന് ഇറങ്ങുമ്പോൾ റോബർട്ടോ മാർട്ടിനെസ് പരിശീലിപ്പിക്കുന്ന പോർച്ചുഗലിന് തന്നെയാണ് ആരാധകർ കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. ഗ്രൂപ്പ് 'കെ'യിൽ നിന്ന് അഞ്ച് പോയിന്റോടെയാണ് പറങ്കിപ്പട നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. ആദ്യ മത്സരത്തിൽ അല്പം മങ്ങിപ്പോയെങ്കിലും, തുടർന്നുള്ള കളികളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഫോമിലേക്ക് ഉയർന്നത് പോർച്ചുഗലിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ടൂർണമെന്റിൽ തന്ത്രപരമായ നീക്കങ്ങളാൽ മുന്നിട്ടുനിൽക്കുന്ന പോർച്ചുഗൽ ഇതുവരെ ആറ് ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ, വെറും ഒരു ഗോൾ മാത്രമാണ് പ്രതിരോധക്കോട്ട തകർത്ത് വഴങ്ങിയത് എന്നുള്ളത് അവരുടെ കരുത്ത് വിളിച്ചോതുന്നു.
മറുഭാഗത്ത്, നോക്കൗട്ട് മത്സരങ്ങളിൽ എത്ര വലിയ വമ്പന്മാരെയും അട്ടിമറിച്ചു കെട്ടുകെട്ടിച്ച വലിയ പാരമ്പര്യവും ചരിത്രവുമുള്ളവരാണ് ക്രൊയേഷ്യ. ഗ്രൂപ്പ് 'എൽ'ൽ നിന്ന് ആറ് പോയിന്റോടെയാണ് ക്രോട്ടുകൾ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചത്. ആക്രമണത്തിൽ അങ്ങേയറ്റം മാരകമായ കളി പുറത്തെടുക്കുന്നുണ്ടെങ്കിലും, ഒരു ടീം എന്ന നിലയിൽ പൂർണ്ണമായൊരു താളം കണ്ടെത്താൻ ക്രൊയേഷ്യക്ക് ഇനിയും സാധിച്ചിട്ടില്ല. ടൂർണമെന്റിൽ അഞ്ച് ഗോളുകൾ നേടിയപ്പോൾ അത്രതന്നെ ഗോളുകൾ പ്രതിരോധ നിരയിലെ പിഴവുകൾ കാരണം അവർക്ക് വഴങ്ങേണ്ടി വന്നിട്ടുണ്ട്.
കളിക്കളത്തിൽ ലൂക്കാ മോഡ്രിച്ചിന്റെ പരിചയസമ്പന്നത തന്നെയാണ് ക്രൊയേഷ്യയുടെ ഏറ്റവും വലിയ ആയുധം. മധ്യനിരയിൽ മോഡ്രിച്ചിന് കൂട്ടായി മറ്റെയോ കൊവാസിചും അണിനിരക്കുന്നതോടെ കളി നിയന്ത്രിക്കാൻ അവർക്ക് സാധിക്കും. എന്നാൽ, ടൂർണമെന്റിൽ ഉടനീളം തകർപ്പൻ ഫോമിലുള്ള പോർച്ചുഗലിന്റെ അതിശക്തമായ മുന്നേറ്റനിരയെ തടഞ്ഞുനിർത്തുക എന്നത് ക്രൊയേഷ്യൻ പ്രതിരോധ താരം ജോഷ്കോ ഗ്വാർഡിയോളിന് വലിയൊരു പരീക്ഷണമായിരിക്കും.
പോർച്ചുഗലിന്റെ കാര്യമെടുത്താൽ, വിറ്റിഞ്ഞയും ജോവോ നെവസും അടങ്ങുന്ന യുവത്വവും തന്ത്രശാലികളുമായ മധ്യനിര ഏത് പ്രതിരോധത്തെയും കീറിമുറിക്കാൻ ശേഷിയുള്ളവരാണ്. കഴിഞ്ഞ മത്സരത്തിൽ പകരക്കാരന്റെ റോളിലായിരുന്നെങ്കിലും, പ്രതിരോധത്തിൽ റൂബൻ ഡയസിന്റെ സാന്നിധ്യം പോർച്ചുഗലിന് കൂടുതൽ കരുത്ത് പകരും. കഴിഞ്ഞ തുടർച്ചയായ എട്ട് മത്സരങ്ങളിൽ തോൽവിയറിയാതെയാണ് പോർച്ചുഗലിന്റെ വരവ് എന്നതും അവരുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു.
ഇതുവരെ അന്താരാഷ്ട്ര ഫുട്ബോളിൽ പോർച്ചുഗലും ക്രൊയേഷ്യയും പത്ത് തവണയാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ ഏഴ് മത്സരങ്ങളിലും വിജയം പോർച്ചുഗലിനൊപ്പമായിരുന്നു. ക്രൊയേഷ്യക്ക് ഒരൊറ്റ മത്സരത്തിൽ മാത്രമാണ് പറങ്കികളെ വീഴ്ത്താൻ കഴിഞ്ഞിട്ടുള്ളത്. രണ്ട് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.
ചരിത്രവും കണക്കുകളും പോർച്ചുഗലിന് അനുകൂലമാണെങ്കിലും, നോക്കൗട്ടിന്റെ സമ്മർദ്ദഘട്ടങ്ങളിൽ അത്ഭുതങ്ങൾ കാണിക്കുന്ന ക്രൊയേഷ്യയെ എഴുതിത്തള്ളാൻ കഴിയില്ല. ലോകം കണ്ട ഏറ്റവും മികച്ച രണ്ട് ഫുട്ബോൾ താരങ്ങൾ ഏറ്റുമുട്ടുന്ന ഈ നേർക്കുനേർ യുദ്ധത്തിൽ ആരാകും കളം വിടുക? ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കണ്ണീരോ അതോ ലൂക്കാ മോഡ്രിച്ചിന്റെ നിരാശയോ? നാളത്തെ പുലരി ഫുട്ബോൾ ചരിത്രത്തിലെ വികാരനിർഭരമായ ഒരു അധ്യായത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

