വീടിനകത്തെ വായുവിനെ നിശബ്ദമായി അപകടത്തിലാഴ്ത്തും ഈ 9 കാര്യങ്ങൾ
text_fieldsഎ.ഐ ചിത്രം
നിങ്ങളുടെ വീടിന്റെ വായുവിന്റെ ഗുണനിലവാരം മികച്ചതല്ലെങ്കിൽ അത് ആരോഗ്യത്തെയും മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. എല്ലാ ദിവസവും ഉപയോഗിക്കുന്നതും ചെയ്യുന്നതുമായ കാര്യങ്ങളുടെ ഫലമായുണ്ടാകുന്ന രാസവസ്തുക്കൾ, പദാർത്ഥങ്ങൾ, ദോഷകരമായ വാതകങ്ങൾ എന്നിവയുൾപ്പെടെ പലതും വീടിനകത്തെ വായുവിനെ മലിനവും അപകടകരവുമാക്കും.
ഈ മാലിന്യങ്ങൾ നിങ്ങൾക്ക് കാണാനോ മണക്കാനോ കഴിയില്ലെങ്കിലും അവയുമായുള്ള നിരന്തര സമ്പർക്കം ഹൃദയാഘാതം, പക്ഷാഘാതം, കാൻസർ, നാഡീസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ നിരവധി ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ചുവരുകൾ, തറകൾ, ഫർണിച്ചർ
നിങ്ങളുടെ വീടിലേക്ക് പുതുതായി വരുന്നത് ഒരു കോട്ട് പെയിന്റ് ആയാലും ഫർണിച്ചർ ആയാലും വായുവിനെ മലിനമാക്കുന്ന ജൈവ സംയുക്തങ്ങൾ അവ പുറത്തുവിടും. നിങ്ങൾ ഒരു പരവതാനിയോ ചവിട്ടിയോ ഇടുമ്പോഴോ വിനൈൽ ഫ്ലോറിങ് താഴെ വിരിക്കുമ്പോഴോ ഇത് പുറന്തള്ളപ്പെടാം. ഇവയിൽ ചിലത് കുറച്ച് സമയത്തിന് ശേഷം അപ്രത്യക്ഷമാകുമെങ്കിലും, മറ്റുള്ളവ വർഷങ്ങളോളം അവിടെ തന്നെ നിലനിൽക്കും.
മെത്തയിലുമുണ്ടാവാം എന്നെന്നേക്കുമായുള്ള രാസവസ്തുക്കൾ. രാത്രിയിൽ എട്ടു മണിക്കൂറോളം നിങ്ങൾ അവയുമായി സമ്പർക്കം പുലർത്തുന്നു. അവ എല്ലാത്തിലും പറ്റിനിൽക്കും. 15 വർഷത്തിനുശേഷവും നിങ്ങളുടെ മുറിയിൽ ആ രാസവസ്തുക്കൾ ഉണ്ടായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഗ്യാസ് സ്റ്റൗ
പാചകം എളുപ്പമാക്കുമെങ്കിലും വളരെ വലിയ കുഴപ്പക്കാരാണ് ഗ്യാസ് സ്റ്റൗകൾ. അവ വളരെ സൂക്ഷ്മമായ കണികകളും നൈട്രജൻ ഡൈ ഓക്സൈഡും ഉണ്ടാക്കുന്നു. തലച്ചോറിൽ നേരിട്ട് നിക്ഷേപിക്കപ്പെടുന്ന തരത്തിലുള്ളവയായിരിക്കും ഈ കണികകൾ. അത് ഉയർന്ന അളവിൽ എത്തിയാൽ നാഡീ വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നത് കുട്ടികളിൽ ആസ്ത്മയുടെ സാധ്യത വർധിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
മെഴുകുതിരിയും സുഗന്ധ ധൂമ വർഗങ്ങളും
നല്ല സുഗന്ധമുള്ള മെഴുകുതിരി നമുക്കെല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ ഏതാനും മിനിറ്റ് കത്തിയാൽപോലും അവ വായുവിലെ സൂക്ഷ്മ കണികകളുടെ അളവ് വർധിപ്പിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വായുവിലെ ബാക്ടീരിയകളുടെ അളവും തരവും മാറ്റാനും അവക്കു കഴിയും. ആരോഗ്യ കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ ധൂപവർഗം( സുഗന്ധമുള്ള പുകക്കുന്ന ഉൽപന്നങ്ങൾ) മെഴുകുതിരികളേക്കാൾ ഉപദ്രവമുണ്ടാക്കും. അത്തരം പുകക്കലുകളും കാൻസറും തമ്മിൽ പരസ്പരബന്ധമുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
പുറം മലിനീകരണം
നിങ്ങളുടെ വീടിന് പുറത്തുള്ള മലിനീകരണ വസ്തുക്കൾ, അത് അയൽക്കാരന്റെ അടുപ്പിൽ നിന്നോ വാഹനങ്ങളിൽ നിന്നുള്ളതോ പ്ളസ്റ്റിക് കത്തിക്കുന്നതോ ആവട്ടെ. വീടിനകത്തേക്ക് കടന്ന് വായുവിന്റെ ഗുണനിലവാരത്തെ ഗുരുതരമായി ബാധിക്കും.
ക്ലീനിങ് ഉൽപന്നങ്ങൾ
വീടിനകത്തെ വായു മലിനീകരണത്തിന് ഏറ്റവും സാധ്യതയുള്ള കാരണം കടുപ്പമേറിയ ക്ലീനിങ് ഉൽപന്നങ്ങൾ മാത്രമാണെന്ന് ധരിക്കേണ്ട. പ്രകൃതിദത്ത ഉൽപന്നങ്ങൾക്ക് പോലും നിങ്ങളുടെ പരിസ്ഥിതിയിൽ ദോഷകരമായ കണികകൾ പുറന്തള്ളാൻ കഴിയും.
ഗാരേജിലെ രാസവസ്തുക്കൾ
നിങ്ങളുടേത് ഗാരേജുമായി (പുറം ഷെഡ്) ബന്ധിപ്പിച്ച ഒരു വീടാണെങ്കിൽ അവിടെ സൂക്ഷിച്ചിരിക്കുന്ന വായുവിലേക്ക് ചോർന്നേക്കാവുന്ന ഏതെങ്കിലും വസ്തുക്കളിൽ നിന്ന് അതിന്റെ വാതിലും മതിലും നിങ്ങളെ സംരക്ഷിക്കില്ല. ഗാരേജിലെ ഗ്യാസോലിൻ അപകടകരമാണ്. കാരണം ഇത് രക്താർബുദവുമായി ബന്ധപ്പെട്ട ബെൻസീൻ വീട്ടിലേക്ക് പുറന്തള്ളും.
പൂപ്പൽ, വൈറസുകൾ, ബാക്ടീരിയകൾ
വീട്ടിലെ ആരെങ്കിലും മണം പിടിക്കുകയോ തുമ്മുകയോ ചെയ്താൽ ജനലും മതിലും അടക്കമുള്ള പ്രതലങ്ങൾ വൃത്തിയാക്കുന്നതിനെക്കുറിച്ച് നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായേക്കും. പക്ഷേ വായു തന്നെ പൂപ്പൽ, ബാക്ടീരിയ, വൈറസുകൾ എന്നിവ എളുപ്പത്തിൽ വഹിക്കുകയും അവ എല്ലായിടത്തേക്കും പടർത്തുകയും ചെയ്യും.
ഫയർപ്ലേസുകൾ
ശരത്കാലത്തും ശൈത്യകാലത്തും വളരെ സുഖകരമാക്കുന്ന ഒന്നാണ് വിറക് കൂട്ടിയുള്ള തീ. നമ്മുടെ നാടുകളിൽ ഇതത്ര സാധാരണമല്ലെങ്കിലും ഇതെക്കുറിച്ചും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇവ വായുവിലേക്ക് കണികകൾ പുറത്തുവിടുകയും വീടിനകത്തെ കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം വർധിപ്പിക്കുകയും ചെയ്യും.
വളർത്തുമൃഗങ്ങളും പൂക്കളും
വളർത്തുമൃഗങ്ങളുടെ രോമങ്ങൾ, പൂമ്പൊടി എന്നിവയും വായുവിൽ ദോഷകരമായ കണങ്ങൾ ഉണ്ടാക്കും. ചിലയിനം ഡാലിയകൾ, സൂര്യകാന്തികൾ തുടങ്ങിയ പൂക്കൾ കൂടതൽ പൂമ്പൊടി ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്. മേൽപറഞ്ഞ രണ്ട് ഘടകങ്ങളും കുട്ടികളിലടക്കം അലർജിക്ക് വഴി വെച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

