Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightആകാശത്തെ കീഴടക്കിയ...

ആകാശത്തെ കീഴടക്കിയ ‘മേഘ ബാനർജി’; ഇന്ത്യയിൽ ആദ്യമായി കൃത്രിമ മഴ പെയ്യിച്ച ശാസ്ത്രജ്ഞൻ!

text_fields
bookmark_border
Dr. Sudhanshu Kumar Banerjee
cancel
camera_alt

ഡോ. സുധാംശു കുമാർ ബാനർജി

വിഷലിപ്തമായ അന്തരീക്ഷ വായു ശുദ്ധീകരിക്കാൻ ഡൽഹി വിമാനങ്ങൾ ഉപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് (കൃത്രിമ മഴ) രീതി പരീക്ഷിക്കുന്നതിനും എത്രയോ മുമ്പ്, കൊൽക്കത്തയിലെ ഒരു ശാസ്ത്രജ്ഞൻ ഹൈഡ്രജൻ ബലൂണുകളും രാസവസ്തുക്കളും സ്വന്തം നിശ്ചയദാർഢ്യവും ഉപയോഗിച്ച് ആകാശത്ത് നിന്ന് മഴ പെയ്യിക്കാൻ ശ്രമിച്ചിരുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുൻ ഡയറക്ടർ ജനറലായ ഡോ. സുധാംശു കുമാർ ബാനർജി ആയിരുന്നു ആ ശാസ്ത്രജ്ഞൻ. അക്കാലത്ത് പലരും വെറും ഭാവന എന്ന് തള്ളിക്കളഞ്ഞ ഒരു ചോദ്യത്തിന് പിന്നാലെയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് സ്വന്തമായി മഴ പെയ്യിക്കാൻ ഒരു വഴി കണ്ടെത്താനാകുമോ?

പ്രസിഡൻസി കോളജിലും കൽക്കട്ട യൂണിവേഴ്സിറ്റിയിലും ഗണിതശാസ്ത്രം പഠിച്ച ബാനർജി, സയൻസ് കോളജിൽ അധ്യാപകനായാണ് കരിയർ ആരംഭിച്ചത്. പിന്നീട് പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ സി.വി. രാമന്റെ ആദ്യ റിസർച്ച് അസിസ്റ്റന്റായി അദ്ദേഹം ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസിൽ (IACS) ജോലി ചെയ്തു. ഈ കടുത്ത പരീക്ഷണ പശ്ചാത്തലമാണ് പിന്നീട് കൃത്രിമ മഴയെന്ന അദ്ദേഹത്തിന്റെ സ്വപ്നത്തിന് അടിത്തറയിട്ടത്.

1940കളുടെ അവസാനത്തിൽ അമേരിക്കയിലാണ് ക്ലൗഡ് സീഡിങ് സാങ്കേതികവിദ്യ ആദ്യമായി പരീക്ഷിക്കപ്പെടുന്നത്. മേഘങ്ങളിലേക്ക് ചില പ്രത്യേക കണികകൾ കടത്തിവിട്ട് മഴ പെയ്യിക്കാം എന്ന് ജനറൽ ഇലക്ട്രിക് ഗവേഷകർ തെളിയിച്ചു. 1950കളുടെ തുടക്കത്തിൽ യു.എസ് സന്ദർശിച്ച ബാനർജി ഈ പരീക്ഷണങ്ങൾ സൂക്ഷ്മമായി പഠിച്ചു. വിലകൂടിയ വിമാനങ്ങളെ ആശ്രയിക്കാതെ, ചെലവ് കുറഞ്ഞ രീതിയിൽ ഇത് ഇന്ത്യയിലും നടപ്പാക്കാമെന്ന് അദ്ദേഹം ഉറപ്പിച്ചു.

കൊൽക്കത്തയിൽ തിരിച്ചെത്തിയ അദ്ദേഹം ജാദവ്പൂരിലെ കോളജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിൽ ഒരു വലിയ ഗ്ലാസ് 'ക്ലൗഡ് ചേമ്പർ' നിർമിച്ച് കൃത്രിമ അന്തരീക്ഷം സൃഷ്ടിച്ചു. രണ്ട് വർഷത്തോളം സിൽവർ അയോഡൈഡ്, ഡ്രൈ ഐസ്, ഉപ്പ് എന്നിവ വിവിധ അളവിൽ കലർത്തി അദ്ദേഹം പരീക്ഷണങ്ങൾ നടത്തി.

1952ലെ മൺസൂൺ കാലത്താണ് ആ ചരിത്ര പരീക്ഷണം നടന്നത്. ബാനർജിയും സംഘവും ഹൈഡ്രജൻ നിറച്ച വലിയ ബലൂണുകളിൽ സിൽവർ അയോഡൈഡ് നീരാവി, ഡ്രൈ ഐസ്, ഒപ്പം കൃത്യമായ സമയത്ത് പൊട്ടാൻ പാകത്തിൽ ചെറിയ അളവിൽ വെടിമരുന്ന് എന്നിവ ഘടിപ്പിച്ചു. ബലൂണുകൾ മേഘങ്ങൾക്കിടയിൽ എത്തുമ്പോൾ വെടിമരുന്ന് പൊട്ടി ഈ രാസവസ്തുക്കൾ മേഘങ്ങളിൽ പടരുന്ന രീതിയിലായിരുന്നു ഇതിന്റെ ഘടന. കൊൽക്കത്തയിലെ മൈതാനത്തുനിന്ന് വാനിലേക്ക് ഉയർന്ന ഈ ബലൂണുകൾ വൻ വിജയമാണ് സമ്മാനിച്ചത്. പരീക്ഷണത്തിന് പിന്നാലെ കൊൽക്കത്തയിൽ മഴ പെയ്തു. ഇതോടെ ലോകം മുഴുവൻ പരീക്ഷണഘട്ടത്തിലായിരുന്ന ഈ ശാസ്ത്രശാഖയിലെ ഇന്ത്യയിലെ ആദ്യത്തെ മുൻഗാമായായി ഡോ. ബാനർജി മാറി.

പരീക്ഷണങ്ങളുടെ വൻ വിജയവും കൃത്യതയും കാരണം സഹപ്രവർത്തകർ അദ്ദേഹത്തെ സ്നേഹത്തോടെ മേഘ ബാനർജി (ബംഗാളിയിൽ മേഘം അല്ലെങ്കിൽ മഴ കൊണ്ടുവരുന്നയാൾ) എന്ന് വിളിച്ചു. എന്നാൽ ഈ അംഗീകാരത്തിലേക്കുള്ള വഴി എളുപ്പമായിരുന്നില്ല. വളരെ കുറഞ്ഞ ഫണ്ട് മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. പലപ്പോഴും ഇതൊരു പണം പാഴാക്കലാണെന്ന് പറഞ്ഞ് അധികൃതർ തള്ളിക്കളഞ്ഞു.

എങ്കിലും അദ്ദേഹത്തിന്റെ പരീക്ഷണങ്ങളുടെ വിജയം കണക്കിലെടുത്ത്, 1953ൽ കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ഇന്ത്യയിലുടനീളം ഈ പഠനം വ്യാപിപ്പിക്കുന്നതിനായി ഒരു പ്രത്യേക 'റെയിൻ ആൻഡ് ക്ലൗഡ് ഫിസിക്സ് റിസർച്ച്' യൂണിറ്റ് രൂപീകരിക്കാൻ ശിപാർശ ചെയ്തു. ഈ യൂണിറ്റ് പിന്നീട് 1950കളിലും 60കളിലും ഉത്തരേന്ത്യയിൽ നടത്തിയ പരീക്ഷണങ്ങളിൽ വലിയ തോതിൽ മഴ വർധിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്ത്യ കൃത്രിമ മഴയെക്കുറിച്ച് പരീക്ഷണങ്ങൾ നടത്തുകയാണ്. ഡൽഹിയിലെ ശീതകാലത്തെ വിഷപ്പുക ഇല്ലാതാക്കാൻ വിമാനങ്ങൾ ഉപയോഗിച്ചുള്ള ക്ലൗഡ് സീഡിങ്ങിനാണ് രാജ്യം ശ്രമിക്കുന്നത്. തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളും വരൾച്ചയെ നേരിടാൻ ഈ മാർഗം ഉപയോഗിച്ചിട്ടുണ്ട്.

സാങ്കേതികവിദ്യ മാറിയിട്ടുണ്ടാകാം, എന്നാൽ പരിമിതമായ സൗകര്യങ്ങളും അധികൃതരുടെ അവിശ്വാസവും നേരിട്ടുകൊണ്ട് ജാദവ്പൂരിലെ ഒരു ചെറിയ ലാബിലിരുന്ന് ഡോ. ബാനർജി കണ്ടെത്തിയ അതേ അടിസ്ഥാന തത്വത്തിലാണ് ഇന്നത്തെ ശാസ്ത്രവും പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ ശാസ്ത്ര നേട്ടങ്ങൾ പലതും വലിയ ഫണ്ടുകളുള്ള ലബോറട്ടറികളിൽ നിന്നല്ല, മറിച്ച് ആകാശത്തെപ്പോലും പെയ്യിക്കാൻ കഴിയും എന്ന് വിശ്വസിച്ച ഒരു ശാസ്ത്രജ്ഞന്റെ കഠിനാധ്വാനത്തിൽ നിന്നാണ് ഉണ്ടായതെന്ന് ഈ ചരിത്രം ഓർമിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkatacloud seedingartificial rainScience NewsIndia Meteorological Department
News Summary - The Forgotten Indian Scientist Who Conquered the Clouds
Next Story