Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയറിൽ നിറയെ പ്ലാസ്റ്റിക്: ഒരു പക്ഷിയുടെ ഉള്ളിൽ നിന്ന് കണ്ടെത്തിയത് 894 കഷ്ണങ്ങൾ; 75 ശതമാനത്തിലധികം കടൽപക്ഷികളും കടുത്ത ഭീഷണിയിൽ

text_fields
bookmark_border
seabird
cancel
camera_alt

കടൽപക്ഷി

സിഡ്നി: കഴിക്കാൻ ആഹാരമൊന്നുമില്ലാത്തതുകൊണ്ടല്ല, മറിച്ച് വയറുനിറയെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ് വിശപ്പടക്കാൻ പോലും സാധിക്കാതെ പതിനായിരക്കണക്കിന് കടൽപ്പക്ഷികൾ മരണത്തിലേക്ക്. ആസ്ട്രേലിയയിലെ ലോർഡ് ഹൗ ഐലൻഡിൽ ജീവിക്കുന്ന കടൽപ്പക്ഷികളാണ് സമുദ്ര മലിനീകരണത്തിന്റെ ഇരകളായി ദാരുണമായ അവസ്ഥയിലൂടെ കടന്നുപോകുന്നത്. ഈ പക്ഷികളുടെ വയറിൽ നൂറുകണക്കിന് പ്ലാസ്റ്റിക് കഷണങ്ങളാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

'എർത്സ് ഫ്യൂച്ചേഴ്സ്' ജേണലിൽ പ്രസിദ്ധീകരിച്ച സമീപകാല പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. കടൽപക്ഷികൾ വിഴുങ്ങുന്ന പ്ലാസ്റ്റിക്കിന്റെ അളവ് കഴിഞ്ഞ കുറേ വർഷങ്ങളായി വൻതോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇത് സമുദ്രജീവികളിൽ സമുദ്ര മലിനീകരണത്തിന്റെ ആഘാതം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ആസ്ട്രേലിയയിലെ ലോർഡ് ഹൗ ഐലൻഡിൽ കാണപ്പെടുന്ന 'ഫ്ലെഷ് ഫൂട്ട്ഡ് ഷിയർവാട്ടർ' എന്നയിനം പക്ഷികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. ഈ പക്ഷികളിൽ 75 ശതമാനത്തിലധികം വരുന്നവയുടെയും വയറിൽ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നതായി ഗവേഷകർ കണ്ടെത്തി.

കണക്കുകൾ ആശങ്കപ്പെടുത്തുന്നതാണ്. 2023ൽ ഒരു പക്ഷിയുടെ ഉള്ളിൽ നിന്ന് 403 പ്ലാസ്റ്റിക് കഷണങ്ങൾ ഗവേഷകർ കണ്ടെത്തിയിരുന്നു. എന്നാൽ 2025ൽ ഈ റെക്കോർഡ് ഭേദിച്ചുകൊണ്ട് മറ്റൊരു പക്ഷിയുടെ ഉള്ളിൽ നിന്ന് 894 പ്ലാസ്റ്റിക് കഷണങ്ങളാണ് കണ്ടെടുത്തത്. കുപ്പി മൂടികൾ, ബലൂൺ ക്ലിപ്പുകൾ, ടൂത്ത് ബ്രഷ് തലകൾ, പ്ലാസ്റ്റിക് സ്റ്റ്രോകൾ, ഭക്ഷണ പൊതികൾ, 'നർഡ്ല്‍സ്' എന്നറിയപ്പെടുന്ന ചെറിയ പ്ലാസ്റ്റിക് ഉരുളകൾ തുടങ്ങിയ ദൈനംദിന മാലിന്യങ്ങളാണ് ഇവയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്.

തങ്ങളുടെ ജീവിതത്തിന്റെ 90 ശതമാനത്തിലധികം കടലിൽ ചെലവഴിക്കുന്നവയാണ് ഈ ഷിയർവാട്ടർ പക്ഷികൾ. കടലിൽ ആഹാരം ലഭിക്കുക എന്നത് പലപ്പോഴും ദുർലഭമാണ്. ചെറിയ മീനുകളെയും കണവകളെയുമാണ് ഇവ പ്രധാനമായും ഭക്ഷിക്കുന്നത്. എന്ത് കിട്ടിയാലും കഴിക്കുന്ന ഒരു സ്വഭാവമാണ് ഈ പക്ഷികളുടേത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്ര ആവാസവ്യവസ്ഥയിലേക്ക് ഒഴുകിയെത്തുമ്പോൾ, പക്ഷികൾ അവയെ ഭക്ഷണമായി തെറ്റിദ്ധരിച്ച് സ്വാഭാവിക ഭക്ഷണത്തോടൊപ്പം വിഴുങ്ങുകയാണ് ചെയ്യുന്നത്.

പക്ഷികളുടെ വയരിൽ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നു എന്നത് മാത്രമല്ല യഥാർത്ഥ പ്രശ്നം. ചില പക്ഷികളുടെ ദഹനവ്യവസ്ഥയിൽ ഇത്രയധികം പ്ലാസ്റ്റിക് അടിഞ്ഞുകൂടിയിട്ടുണ്ട്, യഥാർത്ഥ ആഹാരം കഴിക്കാൻ അവിടെ യാതൊരു ഇടവുമില്ല. ഇത് കാരണം വയറുനിറയെ പ്ലാസ്റ്റിക് ഉണ്ടെങ്കിലും യഥാർത്ഥത്തിൽ അവ കടുത്ത പട്ടിണിയിലാണ്. മാത്രമല്ല, ഈ പ്ലാസ്റ്റിക് ശേഖരണം അവയുടെ ആന്തരിക അവയവങ്ങളെ സാരമായി ബാധിക്കുകയും, ഹൃദയം, കരൾ തുടങ്ങിയ പ്രധാന അവയവങ്ങളുടെ സ്ഥാനം തെറ്റിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 15 വർഷമായി ഗവേഷക സംഘം ചത്തുവീണ പക്ഷികളെയും ജീവിച്ചിരിക്കുന്ന പക്ഷികളെയും നിരീക്ഷിച്ചാണ് ഈ പ്രതിസന്ധിയുടെ വ്യാപ്തി മനസ്സിലാക്കിയത്.

പ്ലാസ്റ്റിക് മലിനീകരണം മാത്രമല്ല ഈ കടൽപ്പക്ഷികൾ നേരിടുന്ന ഭീഷണി. സമുദ്രത്തിലെ ജലനിരപ്പും താപനിലയും ഉയരുന്നത് ഈ പക്ഷികൾ ആശ്രയിക്കുന്ന മീനുകളെയും കണവകളെയും കൂടുതൽ ആഴങ്ങളിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നു. ഇത് അവക്ക് ആഹാരം കണ്ടെത്തുന്നത് കൂടുതൽ ദുഷ്കരമാക്കുന്നു. കൂടാതെ, വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടുതൽ പ്ലാസ്റ്റിക് സമുദ്രത്തിലേക്ക് എത്തിക്കുകയും സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്യുന്നു.

ഈ പക്ഷികൾ ആഗോളതലത്തിൽ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽ ഉൾപ്പെടുന്നില്ലെങ്കിലും, ലോർഡ് ഹൗ ഐലൻഡിലെ സ്ഥിതി അതീവ ഗൗരവകരമാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. പ്ലാസ്റ്റിക് ഉത്പാദനം കുറക്കുന്നതിനും സമുദ്രത്തിലേക്ക് മാലിന്യങ്ങൾ എത്തുന്നതു തടയുന്നതിനും അന്താരാഷ്ട്രതലത്തിൽ രാജ്യങ്ങളുടെ കൂട്ടായ ഇടപെടലുകളും മികച്ച മാലിന്യ സംസ്കരണ സംവിധാനങ്ങളും അത്യന്താപേക്ഷിതമാണെന്ന് ഗവേഷകർ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Over 75% of Seabirds Found With Plastic
Next Story