Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴ 576.9 മില്ലിമീറ്റർ; എന്നിട്ടും ഡൽഹിയിൽ ‘നല്ല’ വായു ഒരു ദിവസം മാത്രം

text_fields
bookmark_border
മഴ 576.9 മില്ലിമീറ്റർ; എന്നിട്ടും ഡൽഹിയിൽ ‘നല്ല’ വായു ഒരു ദിവസം മാത്രം
cancel

ന്യൂഡൽഹി: ശക്തമായ മൺസൂൺ മഴ ലഭിച്ചിട്ടും ഡൽഹിയിൽ വായുമലിനീകരണത്തിന് കാര്യമായ കുറവുണ്ടായില്ലെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സി.എസ്.ഇ) പഠനം. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള 92 ദിവസങ്ങളിൽ ഒരു ദിവസം മാത്രമാണ് വായു ഗുണനിലവാരം ‘നല്ലത്' വിഭാഗത്തിലെത്തിയത്. 576.9 മില്ലിമീറ്റർ മഴ ലഭിച്ച കാലയളവിലാണ് ഈ സ്ഥിതിയെന്നും സെപ്റ്റംബർ 30ന് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ജൂലൈ 9നാണ് മൺസൂൺ കാലത്തെ ഏക ‘നല്ലത്’ എ.ക്യു.ഐ (വായു ഗുണനിലവാര സൂചിക) ദിനം രേഖപ്പെടുത്തിയത്. അന്ന് സഫ്ദർജംഗ്, പാലം സ്റ്റേഷനുകളിലെ ശരാശരി മഴ 67.75 മില്ലിമീറ്ററായിരുന്നു. അതേസമയം ഓഗസ്റ്റ് 8ന് 101.05 മില്ലിമീറ്റർ മഴ ലഭിച്ചപ്പോഴും വായു ഗുണനിലവാരം ‘തൃപ്തികരമായ’ വിഭാഗത്തിൽ മാത്രമായിരുന്നു.

മഴ മൂലം വായുവിലെ PM2.5 മലിനീകരണം താൽക്കാലികമായി കുറയുന്നുണ്ടെങ്കിലും 48 മണിക്കൂറിനുള്ളിൽ മലിനീകരണം വീണ്ടും ഉയർന്നതായി പഠനം കണ്ടെത്തി. മൺസൂൺ കാലത്തെ ശരാശരി PM2.5 തോത് 40.2 മൈക്രോഗ്രാം/ഘനമീറ്ററായിരുന്നു. വേനൽക്കാലത്ത് ഇത് 60.2 മൈക്രോഗ്രാം/ഘനമീറ്ററായിരുന്നു. മൺസൂണിൽ ഏകദേശം 33.2 ശതമാനം കുറവുണ്ടായെങ്കിലും വായു ‘നല്ലത്’ വിഭാഗത്തിലെത്താൻ ഇത് പര്യാപ്തമായില്ല.

മഴക്ക് മുമ്പ് PM2.5 ശരാശരി 40.6 മൈക്രോഗ്രാം/ഘനമീറ്ററായിരുന്നത് മഴക്കിടെ 32.7 ആയി കുറഞ്ഞു. എന്നാൽ 24 മണിക്കൂറിന് ശേഷം 36.2ലേക്കും 48 മണിക്കൂറിന് ശേഷം 45.1ലേക്കും ഉയർന്നു. വാഹനങ്ങൾ, വ്യവസായങ്ങൾ, മാലിന്യം കത്തിക്കൽ, വൈദ്യുതി ഉൽപാദനം തുടങ്ങിയ ഉറവിടങ്ങളിൽ നിന്നുള്ള മലിനീകരണം തുടരുന്നതാണ് മഴക്ക് ശേഷമുള്ള വേഗത്തിലുള്ള തിരിച്ചുവരവിന് കാരണമെന്നാണ് സി.എസ്.ഇയുടെ വിലയിരുത്തൽ.

മൺസൂണിലെ 92 ദിവസങ്ങളിൽ 53 ദിവസം ‘ മിതമായതും' 35 ദിവസം 'തൃപ്തികരമായതും', മൂന്ന് ദിവസം ‘മോശം’, ഒരു ദിവസം ‘നല്ലത്’ വിഭാഗങ്ങളിലായിരുന്നു. വേനൽക്കാലത്തെ 61 ദിവസങ്ങളിൽ 38 ദിവസം ‘മിതമായത്’ ആയിരുന്നു. 17 ദിവസം ‘മോശം’, ആറ് ദിവസം ‘തൃപ്തികരമായത്’ വിഭാഗത്തിലുമായിരുന്നു. ‘നല’ വിഭാഗത്തിൽ ഒരു ദിവസവും ഉണ്ടായിരുന്നില്ല.

ശീതകാലത്തേക്ക് കടക്കുന്നതോടെ താപനിലാ വിപരീതാവസ്ഥ, കാറ്റിന്റെ വേഗം കുറയൽ തുടങ്ങിയ സാഹചര്യങ്ങൾ മലിനീകരണം അന്തരീക്ഷത്തിൽ കെട്ടിക്കിടക്കാൻ ഇടയാക്കുമെന്ന് സി.എസ്.ഇ മുന്നറിയിപ്പ് നൽകി. അടിയന്തര ശീതകാല നിയന്ത്രണങ്ങളിൽ മാത്രം ആശ്രയിക്കാതെ ഡൽഹി-എൻസിആറിൽ വർഷം മുഴുവൻ മലിനീകരണത്തിന്റെ ഉറവിടങ്ങളിൽ നിയന്ത്രണം കൊണ്ടുവരണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക, പൊതുഗതാഗതം വിപുലീകരിക്കുക, വ്യവസായങ്ങളിൽ ശുദ്ധ ഇന്ധനം ഉപയോഗിക്കുക, തുറന്ന സ്ഥലത്തെ മാലിന്യം കത്തിക്കുന്നത് തടയുക, നിർമാണ മാലിന്യങ്ങളുടെ പുനരുപയോഗം ഉറപ്പാക്കുക തുടങ്ങിയ നടപടികളും സി.എസ്.ഇ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rainfall 576.9 mm; yet Delhi had a 'good' air quality day only once
Next Story