അറബിക്കടലിൽ പുതിയയിനം നീരാളി കൂന്തൽ
text_fieldsസി.എം.എഫ്.ആർ.ഐ ഗവേഷകർ കണ്ടെത്തിയ പുതിയയിനം നീരാളി കൂന്തൽ ടനിൻജിയ സൈലാസി
കൊച്ചി: അറബിക്കടലിൽനിന്ന് പുതിയ ഇനം ആഴക്കടൽ നീരാളി കൂന്തലിനെ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) ശാസ്ത്ര സംഘം. ആഗോളതലത്തിൽതന്നെ അപൂർവമായ ടനിൻജിയ എന്ന ജെനുസ്സിൽ (വർഗം) പെട്ടതാണ് ഈ ആഴക്കടൽ കൂന്തൽ. ഇതുവരെ, അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന ടനിൻജിയ ഡാനേ മാത്രമാണ് ഈ വർഗത്തിലെ ഒരേയൊരു കൂന്തൽ ഇനം. രണ്ടാമത്തെ ഇനം കൂന്തലിനെയാണ് സി.എം.എഫ്.ആർ.ഐ സംഘം കണ്ടെത്തിയത്.
കൊല്ലം പുറംകടലിൽ ഏകദേശം 390 മീ. ആഴത്തിൽനിന്നാണ് ഒക്ടോപോട്യൂത്തിഡേ കുടുംബത്തിൽപെട്ട ഈ കൂന്തലിനെ ലഭിച്ചത്. ഇവക്ക് കൂന്തലുകളെപ്പോലെ നീളമുള്ള രണ്ട് സ്പർശിനികൾ (ടെന്റക്കിൾ) ഇല്ല. നീരാളികളെപ്പോലെ എട്ട് കൈകൾ മാത്രമാണുള്ളത്. ഇക്കാരണത്താൽ നീരാളി കൂന്തൽ എന്നാണ് ഇവയെ വിളിക്കുന്നത്. സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഗീത ശശികുമാറും ടെക്നിക്കൽ ഓഫിസർ ഡോ. കെ.കെ. സജികുമാറും ചേർന്ന ഗവേഷണ സംഘമാണ് ഈ നേട്ടത്തിനുപിന്നിൽ.
പുതിയ കൂന്തലിനെ ടനിൻജിയ സൈലാസി എന്ന് നാമകരണംചെയ്തു. സി.എം.എഫ്.ആർ.ഐ മുൻ ഡയറക്ടറും കേരള കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറുമായ പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞൻ ഡോ. ഇ.ജി. സൈലാസിന് ആദരമായാണ് ഈ പേര് നൽകിയത്. ഇന്ത്യയിലെ കണവ ഗവേഷണ രംഗത്ത് മുൻനിരക്കാരനായിരുന്നു ഡോ. സൈലാസ്. ആദ്യമായാണ് അറബിക്കടലിൽ ടനിൻജിയ വർഗത്തിലെ നീരാളി കൂന്തലിനെ കണ്ടെത്തുന്നത്. ഗവേഷണ വിദ്യാർഥികളായ ഡോ. ഷിജിൻ അമേരി, ടോജി തോമസ് എന്നിവരും പഠനസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

