Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒറ്റരാത്രികൊണ്ട് പിങ്ക് നിറമായ വെള്ളം; ലോണാർ തടാകത്തിന് ആഗോള ഭൗമശാസ്ത്ര പൈതൃക പദവി

text_fields
bookmark_border
Lonar Lake
cancel
camera_alt

ലോണാർ തടാകം

ഉൽക്കാവീഴ്ചയിലൂടെ രൂപപ്പെട്ട ഭീമൻ ഗർത്തം, ഒറ്റരാത്രികൊണ്ട് പിങ്ക് നിറമായി മാറിയ വെള്ളം, ചന്ദ്രനിലെ പാറകളോട് സാമ്യമുള്ള ഘടനകൾ മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലുള്ള ലോണാർ തടാകത്തെ മറ്റു തടാകങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന നിരവധി സവിശേഷതകളുണ്ട്. ഇപ്പോഴിതാ ഇന്റർനാഷണൽ യൂണിയൻ ഓഫ് ജിയോളജിക്കൽ സയൻസസിന്റെ (IUGS) 'തേർഡ് 100' ആഗോള ഭൗമശാസ്ത്ര പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലും ലോണാർ തടാകം ഇടംനേടിയിരിക്കുകയാണ്.

സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടമാണിതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എക്സിൽ കുറിച്ചു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് കൂറ്റൻ ഉൽക്ക പതിച്ചുണ്ടായ ഈ അസാധാരണ തടാകം വലിയ ശാസ്ത്രീയ പ്രാധാന്യമുള്ള ഭൗമവിസ്മയമാണെന്നും, ഈ അന്താരാഷ്ട്ര അംഗീകാരം സംരക്ഷണത്തിനും ശാസ്ത്രീയ ഗവേഷണത്തിനും ടൂറിസത്തിനും പുതിയ അവസരങ്ങൾ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ദേശീയ ഭൗമശാസ്ത്ര സ്മാരകവും റാംസർ തണ്ണീർത്തട കേന്ദ്രവുമാണ് ലോണാർ.

ലോണാർ നഗരത്തിന് സമീപം ഏകദേശം 1.8 കിലോമീറ്റർ വ്യാസത്തിലും 150 മീറ്റർ ആഴത്തിലുമുള്ള, ഏറെക്കുറെ പൂർണ്ണവൃത്താകൃതിയിലുള്ള ഭീമൻ ഗർത്തത്തിനുള്ളിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ചുറ്റുമുള്ള പ്രദേശത്തേക്കാൾ ഏകദേശം 20 മീറ്റർ ഉയരത്തിലാണ് ഗർത്തത്തിന്റെ വക്കുകൾ. ഏകദേശം 20 ലക്ഷം ടൺ ഭാരമുള്ള ഉൽക്ക അതിവേഗത്തിൽ പതിച്ചപ്പോഴുണ്ടായ കൂറ്റൻ കുഴിയിൽ വെള്ളം നിറഞ്ഞാണ് ലോണാർ തടാകം രൂപപ്പെട്ടതെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

എന്നാൽ തുടക്കത്തിൽ ഇത് അഗ്നിപർവ്വത പ്രവർത്തനത്തിലൂടെ രൂപപ്പെട്ടതാണെന്നായിരുന്നു നിഗമനം. ഏകദേശം 6.6 കോടി വർഷം മുൻപ് രൂപപ്പെട്ട അഗ്നിപർവ്വത ശിലാമേഖലയായ ഡെക്കാൻ ട്രാപ്പിലാണ് ഇത് സ്ഥിതി ചെയ്യുന്നതിനാലായിരുന്നു ഈ ധാരണ. പിന്നീട് അതിവേഗ ആഘാതങ്ങളിൽ ഉയർന്ന മർദ്ദത്തിൽ ധാതുക്കൾ രൂപാന്തരപ്പെട്ടുണ്ടാകുന്ന 'മാസ്കെലിനൈറ്റ്' എന്ന സ്വാഭാവിക ഗ്ലാസ് കണ്ടെത്തിയതോടെയാണ് ഉൽക്കാവീഴ്ച എന്ന നിഗമനം ഉറപ്പിച്ചത്.

ഉൽക്ക പതിച്ച കൃത്യമായ കാലഘട്ടത്തെക്കുറിച്ച് ശാസ്ത്രജ്ഞർക്കിടയിൽ ഇപ്പോഴും ചർച്ചകൾ തുടരുന്നുണ്ട്. ഏകദേശം 52,000 വർഷം പഴക്കമുള്ളതാണ് ഗർത്തമെന്ന് ആദ്യകാല പഠനങ്ങൾ പറയുമ്പോൾ, പിന്നീടുള്ള ചില പഠനങ്ങൾ ഇത് 5,70,000 വർഷം വരെ പഴക്കമുള്ളതാവാമെന്ന് സൂചിപ്പിക്കുന്നു. കാലപ്പഴക്കം നിർണ്ണയിക്കുന്ന രീതിയിൽ പാറകളുടെ പ്രായം അമിതമായി കണക്കാക്കപ്പെട്ടിരിക്കാമെന്നതിനാൽ ഈ രണ്ടാമത്തെ കണക്കിൽ തർക്കങ്ങൾ നിലനിൽക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉൽക്കാഗർത്തങ്ങൾ ഉണ്ടെങ്കിലും, പൂർണ്ണമായും ബസാൾട്ട് (Basalt) പാറകളിൽ രൂപപ്പെട്ട ഏക ഭൗമ ഉൽക്കാഗർത്തമായി ലോണാർ കണക്കാക്കപ്പെടുന്നു. ചന്ദ്രനിലും ചൊവ്വയിലും ബസാൾട്ട് പാറകൾ വ്യാപകമായതിനാൽ, ഈ ഗ്രഹങ്ങളിലെ ഉൽക്കാവീഴ്ചകൾ ബസാൾട്ട് പ്രതലങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാൻ ലോണാർ ഗവേഷകർക്ക് സഹായകമാകുന്നു. ഉൽക്ക പതിച്ചപ്പോൾ തെറിച്ചുവീണ പാറക്കഷണങ്ങളും അവശിഷ്ടങ്ങളും ഗർത്തത്തിന്റെ കേന്ദ്രത്തിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്നുണ്ട്. ഗ്ലാസ് രൂപത്തിലുള്ള വസ്തുക്കളും ചൊവ്വയിൽ കാണപ്പെടുന്ന ഘടനകളോട് സാമ്യമുള്ള ചില രൂപങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

സാധാരണ തടാകങ്ങളിൽ നിന്ന് വ്യത്യസ്തമായി ലവണാംശവും ഉയർന്ന ക്ഷാരഗുണവും ഉള്ളതാണ് ലോണാറിലെ വെള്ളം. സാധാരണയായി 9 മുതൽ 10.5 വരെയാണ് ഇവിടുത്തെ ജലത്തിന്റെ പി.എച്ച് മൂല്യം. വെള്ളം ഒഴുകിപ്പോകാൻ സ്വാഭാവിക മാർഗ്ഗങ്ങളില്ലാത്ത അടഞ്ഞ തടമായതിനാൽ, വെള്ളം ബാഷ്പീകരിക്കപ്പെടുമ്പോൾ ലവണങ്ങളും ധാതുക്കളും കൂടുതൽ സാന്ദ്രതയുള്ളതാകുന്നു.

2020 ജൂണിലാണ് ലോണാർ തടാകം ലോകശ്രദ്ധ വീണ്ടും ആകർഷിച്ചത്. സാധാരണ പച്ചനിറത്തിൽ കാണപ്പെടുന്ന തടാകത്തിലെ വെള്ളം രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ചുവപ്പുകലർന്ന പിങ്ക് നിറമായി മാറുകയായിരുന്നു. ജലനിരപ്പ് താഴ്ന്നത് ലവണാംശം കൂട്ടുകയും, 'ഹാലോബാക്ടീരിയ' ഉൾപ്പെടെയുള്ള ഉപ്പുരസത്തിൽ വളരുന്ന സൂക്ഷ്മജീവികളുടെ വളർച്ചക്ക് കാരണമാവുകയും ചെയ്തു. ഇവ ഉത്പാദിപ്പിക്കുന്ന 'കരോട്ടിനോയിഡുകൾ' എന്ന വർണ്ണവസ്തുക്കളാണ് വെള്ളത്തിന് പിങ്ക് നിറം നൽകിയതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഭൗമശാസ്ത്ര സവിശേഷതകൾക്കൊപ്പം പ്രകൃതിഭംഗിയും ചരിത്രവും ഒത്തുചേരുന്ന ഇടമാണ് ലോണാർ. ഏകദേശം 160 ഇനം പക്ഷികൾ, 12 ഇനം സസ്തനികൾ, 46 ഇനം ഉരഗങ്ങൾ എന്നിവ ഈ മേഖലയിലുണ്ട്. കമൽജാ ദേവി ക്ഷേത്രം, രാം ഗയ ക്ഷേത്രം, സീതാ നഹാനി ക്ഷേത്രം, ഭാഗികമായി വെള്ളത്തിനടിയിലായ ശങ്കർ ഗണേശ ക്ഷേത്രം തുടങ്ങി നിരവധി പുരാതന ഹൈന്ദവ ക്ഷേത്രങ്ങൾ ഗർത്തത്തിന് ചുറ്റുമുണ്ട്. ഹേമാദ്പന്തി വാസ്തുവിദ്യക്ക് പേരുകേട്ട ദൈത്യ സൂദന ക്ഷേത്രമാണ് ഇതിൽ പ്രധാനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lonar Lake Earns Global Geological Heritage Status
Next Story