ഇറാൻ വരൾച്ചയിലേക്ക്; വെള്ളം നൽകാമെന്ന് റഷ്യ
text_fieldsതെഹ്റാൻ: കാലാവസ്ഥാ വ്യതിയാനവും നീണ്ടുനിൽക്കുന്ന വരൾച്ചയും മൂലം രാജ്യത്തെ ജലസുരക്ഷയെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ ഇറാനിലേക്ക് വെള്ളം നൽകാൻ സന്നദ്ധത അറിയിച്ച് റഷ്യ. ജല ഇറക്കുമതി സംബന്ധിച്ച് ഇറാനിൽ നിന്ന് ഇതുവരെ ഒരു ഔദ്യോഗിക അഭ്യർഥനയും ലഭിച്ചിട്ടില്ലെന്നും, അങ്ങനെ ചെയ്യാൻ തീരുമാനിച്ചാൽ ചർച്ചകളിൽ ഏർപ്പെടാൻ തയ്യാറാണെന്നും തെഹ്‌റാനിലെ റഷ്യയുടെ വ്യാപാര പ്രതിനിധിയുടെ ആക്ടിങ് മേധാവി അലക്‌സി എഫിമോവ് പറഞ്ഞതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘കാലാവസ്ഥയുമായി ബന്ധപ്പെട്ട വെല്ലുവിളികളും രാജ്യത്തിന്റെ വലിയ ഭാഗങ്ങളിൽ വരൾച്ചയുടെ വ്യാപനവും കണക്കിലെടുത്ത്, ഇറാന് ജലസുരക്ഷ വർധിച്ചുവരുന്ന മുൻഗണനയായി മാറിയിരിക്കുന്നു’വെന്ന് എഫിമോവ് പറഞ്ഞു.
ജലസംഭരണികൾ നിറക്കുന്നതിനുള്ള വെള്ളം കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് ഇതുവരെ ഒരു നിർദേശവും റഷ്യക്ക് സമർപ്പിച്ചിട്ടില്ലെങ്കിലും, ഈ വിഷയത്തിൽ ഗൗരവതരമായ സംഭാഷണത്തിന് റഷ്യൻ പക്ഷം വാതിൽ തുറന്നിട്ടിരിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു അഭ്യർഥന സമർപ്പിച്ചാൽ അത്തരം സഹകരണവുമായി ബന്ധപ്പെട്ട സാങ്കേതിക, ലോജിസ്റ്റിക്കൽ, സാമ്പത്തിക വെല്ലുവിളികൾ പരിശോധിക്കാൻ റഷ്യ തയ്യാറാകും.
മഴക്കുറവ്, ഭൂഗർഭജല ഉപയോഗം, ജല മാനേജ്മെന്റിലെ പ്രശ്നങ്ങൾ, കൂടുന്ന ചൂട് എന്നിവ കാരണം ഇറാൻ സമീപ വർഷങ്ങളിൽ ജലക്ഷാമത്തിലെ വർധനവ് നേരിടുന്നു.
നിരവധി പ്രവിശ്യകളിൽ രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇത് കൃഷി, വ്യവസായം, നഗര ജലവിതരണം എന്നിവയെ ബാധിക്കുന്നു. കൂടാതെ അന്തർ തട കൈമാറ്റങ്ങൾ, ഡീസലൈനേഷൻ പദ്ധതികൾ എന്നിവയുൾപ്പെടെയുള്ള പാരമ്പര്യേതര പരിഹാരങ്ങൾ പര്യവേക്ഷണം ചെയ്യാനും അധികാരികളെ പ്രേരിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

