Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ വീണ്ടും പുകമഞ്ഞ് കാലം; പുതിയ മലിനീകരണ നിയന്ത്രണങ്ങൾ ഫലം കാണുമോ?

text_fields
bookmark_border
ഡൽഹിയിൽ വീണ്ടും പുകമഞ്ഞ് കാലം; പുതിയ മലിനീകരണ നിയന്ത്രണങ്ങൾ ഫലം കാണുമോ?
cancel

ന്യൂഡൽഹി: ശൈത്യകാല മലിനീകരണം രൂക്ഷമാകുന്നതിന് മുമ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഡൽഹിയിലെ വായുഗുണനിലവാരം മെച്ചപ്പെടുത്താൻ പുതിയ നടപടികളുമായി അധികൃതർ. ഒക്ടോബർ ഒന്നിന് ആരംഭിച്ച ആദ്യഘട്ടത്തിൽ സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് വിലക്കി. ഓട്ടോമേറ്റഡ് കാമറകളുടെ സഹായത്തോടെയാണ് പരിശോധന.

നവംബർ ഒന്നിന് രണ്ടാംഘട്ട നിയന്ത്രണങ്ങൾ നിലവിൽ വരും. BS-VI നിലവാരമില്ലാത്ത മറ്റ് സംസ്ഥാനങ്ങളിലെ വാഹനങ്ങൾക്ക് ഡൽഹിയിലേക്കുള്ള പ്രവേശനത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ഓഫീസുകളിൽ 50 ശതമാനം വർക്ക് ഫ്രം ഹോം നടപ്പാക്കുകയും പാർക്കിങ് ഫീസ് ഇരട്ടിയാക്കുകയും ചെയ്യും. നവംബർ ഒന്നുമുതൽ ജനുവരി 31 വരെ നിർമാണ, പൊളിക്കൽ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ടാകും. ഡിസംബർ 10 മുതൽ ജനുവരി 20 വരെ പ്രവർത്തനങ്ങൾക്ക് പൂർണ നിരോധനവും ഏർപ്പെടുത്തും.

തുറസ്സായ സ്ഥലങ്ങളിലെ മാലിന്യം കത്തിക്കൽ തടയുന്നതിനും മലിനീകരണ ഹോട്ട്സ്പോട്ടുകളിൽ നടപടി ശക്തമാക്കുന്നതിനും കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. എ.ഐ അധിഷ്ഠിത കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും 334 എൻഫോഴ്സ്മെന്റ് സംഘങ്ങളും പ്രവർത്തനത്തിന്റെ ഭാഗമാകും.

അതേസമയം, ഡൽഹിയിലെ മലിനീകരണം ഇതിനകം ഉയരുന്നതായാണ് കണക്കുകൾ. ഒക്ടോബർ നാലിന് ശരാശരി AQI 187 ആയി. ദുർബലമായ കാറ്റാണ് മലിനീകരണം അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ കാരണമായത്. ഒക്ടോബർ ഒന്നിന് AQI 166 ആയിരുന്നു. സെപ്റ്റംബറിലെ ശരാശരി AQI 102 ആയിരുന്നെങ്കിലും ശൈത്യകാലത്ത് മലിനീകരണം സാധാരണയായി വർധിക്കുന്നതിനാൽ വരും മാസങ്ങളിലെ സാഹചര്യം നിർണായകമാണ്.

കഴിഞ്ഞ ശൈത്യകാലത്ത് ഒക്ടോബർ 13ന് ശേഷം ഡൽഹിയിൽ 26 ദിവസം ‘മോശം’, 66 ദിവസം ‘വളരെ മോശം’, 10 ദിവസം ‘ഗുരുതര’ വിഭാഗത്തിലായിരുന്നു വായുഗുണനിലവാരം. ഡിസംബർ 14ന് AQI 461ലെത്തി.

ഡൽഹിയിലെ ശൈത്യകാല പുകമഞ്ഞിന് കാരണം, വായു ഗുണനിലവാര മാനേജ്മെന്റ് കമ്മീഷൻ കണക്കുകൾ പ്രകാരം PM2.5 മലിനീകരണത്തിൽ 27 ശതമാനം ദ്വിതീയ കണികകളും 23 ശതമാനം ഗതാഗതവും 20 ശതമാനം ജൈവ ഇന്ധനം കത്തിക്കുന്നതും 15 ശതമാനം പൊടിയും 9 ശതമാനം വ്യവസായങ്ങളും സംഭാവന ചെയ്യുന്നുവെന്നാണ്.

മലിനീകരണം രൂക്ഷമായതിന് ശേഷം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം നേരത്തേ നടപടിയെടുക്കുന്നത് ഫലപ്രദമാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ നടപടികൾ പ്രഖ്യാപിക്കുന്നതിനു പുറമെ അവ കൃത്യമായി നടപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടത് നിർണായകമാണ്.

ഡൽഹി-എൻസിആറിലെ മലിനീകരണം അതിർത്തികൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും വിദഗ്ധർ പറയുന്നു. ഡൽഹിക്കൊപ്പം ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് മേഖലകളിലും വായുഗുണനിലവാര നിരീക്ഷണം ശക്തമാക്കാൻ കമ്മീഷൻ പദ്ധതിയിടുന്നുണ്ട്. 46 പുതിയ നിരീക്ഷണ കേന്ദ്രങ്ങളാണ് മേഖലയിലാകെ സ്ഥാപിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi enters another smog season; will new pollution curbs work?
Next Story