മനോജ് ജോർജിന്‍റെ 'ശോഭിതം കേരളം' ഗാനം റിലീസ് ചെയ്ത് മോഹൻലാൽ
text_fieldsപ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ മനോജ് ജോർജിന്‍റെ 'ശോഭിതം കേരളം' എന്ന ഗാനം പുറത്തിറങ്ങി. മോഹൻലാലാണ് ഈ ഗാനം ഔദ്യോഗികമായി റിലീസ് ചെയ്തത്. നിരവധി ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ച മനോജിന് 2010ൽ പുറത്തിറങ്ങിയ കന്നഡ സിനിമയായ ഹെജ്ജെഗലുവിലെ സംഗീതസംവിധാനത്തിന് മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ സംഗീതത്തിലെ പല പ്രമുഖരുമായി അദ്ദേഹം സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത സംഗീതജ്ഞനായ വൈൽഡ്ചൈൽഡ് എന്നറിയപ്പെടുന്ന സ്റ്റീഫൻ വോഗനോടൊപ്പം ചേർന്ന് പ്രവർത്തിച്ചത് അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന നേട്ടമാണ്. ഇന്ത്യയിലും വിദേശത്തും നിരവധി സ്റ്റേജ് പരിപാടികളിൽ വയലിൻ സോളോ അവതരിപ്പിച്ച് അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്.
‘വാക്കുകളാൽ വർണ്ണിക്കാനാവാത്തത്ര സന്തോഷം! മലയാളത്തിന്‍റെ അഭിമാനമായ, നമ്മുടെ സ്വന്തം മോഹൻലാൽ സാർ എന്‍റെ പുതിയ ഗാനം, 'ശോഭിതം കേരളം' ഇന്ന് ഔദ്യോഗികമായി റിലീസ് ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ ഈ വലിയ പിന്തുണക്കും ഈ പ്രത്യേക നിമിഷത്തിൽ പങ്കുചേർന്നതിനും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി! കേരളപ്പിറവിയോടനുബന്ധിച്ച് ഒരുക്കിയ ഈ ഗാനം, നമ്മുടെ സംസ്ഥാനത്തിന് നൽകുന്ന ഒരു സംഗീതാർച്ചനയാണ്. കേരളത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, വൈവിധ്യം, പുരാതന കലാരൂപങ്ങൾ എന്നിവക്കായുള്ള ആദരം അർപ്പിച്ചുകൊണ്ടാണ് ഈ ഗാനം നിർമിച്ചിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടിന് ഒരു കലാപരമായ അഭിവാദ്യമായി ഞാൻ ഈ ഗാനം സമർപ്പിക്കുന്നു. ഈ ഗാനം കേരളത്തിലെ ജനങ്ങൾക്ക് സമർപ്പിക്കാൻ പിന്തുണ നൽകിയ ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിനും പ്രത്യേക നന്ദി’. എന്നാണ് മനോജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കേരളത്തിന്‍റെ പച്ചപ്പ് നിറഞ്ഞ കായലുകൾ, തെങ്ങിൻതോപ്പുകൾ, മലനിരകൾ, തീരദേശ ഭംഗി തുടങ്ങിയ പ്രകൃതിദൃശ്യങ്ങളും കഥകളി, മോഹിനിയാട്ടം, കളരിപ്പയറ്റ്, തെയ്യം തുടങ്ങിയ കേരളത്തിന്‍റെ പുരാതനമായതും തനതുമായ കലാരൂപങ്ങളും വിവിധ സംസ്കാരങ്ങളും ആഘോഷങ്ങളും ഉൾപ്പെടുത്തിയതാണ് വിഡിയോ. സെന്റ് ജോസഫ് ട്രേഡേഴ്‌സും മനോജ് ജോർജും ചേർന്നാണ് വിഡിയോ നിർമിച്ചത്. ഇതിനോടകം തന്നെ 'ശോഭിതം കേരളം' യൂടൂബിൽ എഴുപതിനായിരം കാഴ്ചക്കാരായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

