ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം; മോഹൻലാലിനെ ആദരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
text_fieldsമോഹൻലാൽ
തിരുവനന്തപുരം: ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഒക്ടോബർ നാലിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദരവ് അർപ്പിക്കും. ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. പരിപാടിയുടെ ലോഗോ പ്രകാശനം തിങ്കളാഴ്ച ഒരു മണിക്ക് നിയമസഭ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിൽ സജി ചെറിയാൻ നിർവഹിക്കും.
ദാദാ സാഹെബ് ഫാൽക്കെ അവാർഡ് മലയാള സിനിമയെത്തേടി എത്തുന്നത് ഇത് രണ്ടാംതവണയാണ്. 2004ൽ അടൂർ ഗോപാലകൃഷ്ണനാണ് ആദ്യമായി പുരസ്കാരം ലഭിച്ചത്. 21 വർഷങ്ങൾക്കുശേഷം പ്രിയ നടൻ മോഹൻലാലിലൂടെ പുരസ്കാരം വീണ്ടും മലയാളമണ്ണിലെത്തിയ സന്തോഷത്തിലാണ് മലയാളികൾ. മോഹൻലാൽ ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്രസംഭാവനക്കാണ് പുരസ്കാരം. തിരനോട്ടത്തിലൂടെ അഭിനയത്തിന് തുടക്കംകുറിച്ച മോഹൻലാൽ നടനായും നിർമാതാവായും സംവിധായകനായും ഗായകനായും 47 വർഷമായി സിനിമയുടെ അവിഭാജ്യഘടകമാണ്.
മലയാള സിനിമയിലെ മഹാരഥന്മാർക്കും സിനിമാലോകത്തിനും ഈ പുരസ്കാരം സമർപ്പിക്കുന്നതായി മോഹൻലാൽ പറഞ്ഞു. തന്‍റെ ആത്മാവിന്‍റെ സ്പന്ദനമാണ് സിനിമയെന്നും കൂടുതൽ ഉത്തരവാദത്തോടെ സിനിമാപ്രവർത്തനം തുടരുമെന്നും മോഹൻലാൽ പുസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്നാണ് മോഹന്‍ലാല്‍ പുരസ്കാരം ഏറ്റുവാങ്ങിയത്.
'വലിയ അഭിമനത്തോടെയും സന്തോഷത്തോടെയുമാണ് ഇന്നിവിടെ നിൽക്കുന്നത്. ഇന്ത്യൻ സിനിമയുടെ പിതാവിന്‍റെ പേരിലുള്ള ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം നേടാനായത് വലിയ അഭിമാനമാണ്' -എന്ന് മോഹൻലാൽ അവാർഡ് സ്വീകരിച്ചുകൊണ്ട് പറഞ്ഞു. 'ഈ നിമിഷം എന്‍റേത് മാത്രമല്ല, മുഴുവൻ മലയാള സിനിമാ ലോകത്തിന്‍റേതുമാണ്. ഈ പുരസ്കാരം മലയാള സിനിമയുടെ പാരമ്പര്യത്തിനും സൃഷ്ടിപരതക്കും പുരോഗതിക്കുമുള്ള കൃതജ്ഞതയായി കാണുന്നു' -എന്നും താരം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

