പകുതി സീറ്റുകളും ഒഴിഞ്ഞു കിടന്നു, നിർജീവമായ ആരാധകരും; ട്രാവിസ് സ്കോട്ടിന്റെ ഇന്ത്യയിലെ ആദ്യ സംഗീത പരിപാടിക്ക് വിമർശനം
text_fieldsന്യുഡൽഹി: ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന അമേരിക്കൻ റാപ്പർ ട്രാവിസ് സ്കോട്ടിന്റെ പരിപാടിക്ക് സമൂഹ മാധ്യമങ്ങളിൽ ആരാധകരുടെ വിമർശന ശരം. ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച പരിപാടി ഒഴിഞ്ഞ സീറ്റുകളാലും ‘ജീവനറ്റ’ ആരാധകരാലും അടയാളപ്പെടുത്തുന്നതായി.
‘ടിക്കറ്റുകൾ വിറ്റുതീർന്നു’ എന്ന് ഔദ്യോഗിക അറിയിപ്പുവന്നിരുന്നുവെങ്കിലും സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകർ പങ്കിട്ട വിഡിയോകളിൽ ഒഴിഞ്ഞ സീറ്റുകളും ജനങ്ങളുടെ നിരാശയും എടുത്തുകാണിക്കുന്നു.
‘അവൻ ഇനി ഒരിക്കലും തിരിച്ചുവരില്ല... മരിച്ച ജനക്കൂട്ടം, പകുതി ശൂന്യമായ വേദി, പാടിയതിൽ രണ്ടോ മൂന്നോ പാട്ടുകൾ മാത്രമേ ആളുകൾക്ക് അറിയൂ....ആൾക്കൂട്ടത്തിന്റെ ഭൂരിഭാഗവും പോപ്പ് സംസ്കാരവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന യൂനിവേഴ്സിറ്റി വിദ്യാർഥികളാണ്. അവർ സ്നാപ്പുകളും റീലുകളും നിർമിക്കാൻ മാത്രമാണ് അവിടെയെത്തിയത്’ -ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വിഡിയോക്കു കീഴിൽ ഒരു ആരാധകൻ അഭിപ്രായപ്പെട്ടു.
ട്രാവിസിന്റെ പ്രകടനത്തിന് മുമ്പ് നാല് മണിക്കൂർ വരെ കാത്തിരിക്കേണ്ടി വന്നതിൽ നിരവധി കാണികൾ നിരാശ പ്രകടിപ്പിച്ചു. മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവ് പങ്കിട്ട വിഡിയോയിൽ പരിപാടി നടക്കുന്ന സമയത്ത് ഒരാൾ ഒഴിഞ്ഞ സീറ്റുകളിൽ ഇരുന്ന് ഉറങ്ങുന്നത് കാണിച്ചു. സിൽവർ വിഭാഗത്തിൽ വെള്ളം പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലായിരുന്നു. ‘സത്യം പറഞ്ഞാൽ, അവർ ഞങ്ങളെ 4 മണിക്കൂർ കാത്തിരിക്കാൻ നിർബന്ധിച്ചു. സിൽവർ വിഭാഗത്തിൽ ഞങ്ങൾക്ക് വെള്ളം കിട്ടിയില്ല. കാണികളിൽ ഭൂരിഭാഗവും ഇരിപ്പിടത്തിലില്ലാതിരുന്നത് നന്നായി’ എന്ന് മറ്റൊരാൾ എഴുതി. എങ്കിലും നിരവധി ആരാധകർ വിഡിയോകൾ പങ്കിട്ടു. ട്രാവിസ് സ്കോട്ടിന്റെ ഡി.എ, വിസാർഡ് തുടങ്ങിയ ഗാനങ്ങളിൽ കാണികൾ ഹരം കൊള്ളുന്നതും കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

