'പ്രിയപ്പെട്ട മമ്മൂട്ടി, താങ്കൾ ഇനി അങ്ങോട്ട് മാറി നിൽക്കണം, യേശുദാസിന്റെ പാത പിന്തുടരണം'; എൻ.ഇ.സുധീർ
text_fieldsനടൻ മമ്മൂട്ടി, എഴുത്തുകാരൻ എൻ.ഇ.സുധീർ
തിരുവനന്തപുരം: മമ്മൂട്ടി സംസ്ഥാന അവാർഡുകൾ വേണ്ടെന്ന് വെക്കണമെന്ന് എഴുത്തുകാരനും കോളമിസ്റ്റുമായ എൻ. ഇ. സുധീർ. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് മമ്മൂട്ടി ഏഴാം തവണയും സ്വന്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
ദയവായി പുരസ്കാരവഴിയിൽ നിന്നും ഇനിയങ്ങോട്ട് മാറി നിൽക്കണമെന്നും പുതിയ തലമുറയിലെ മിടുക്കരായ നടന്മാർ താങ്കളോട് മത്സരിച്ചു പരാജയപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും എൻ.ഇ.സുധീർ ഫേസ്ബുക്ക് പോസ്റ്റിലൂടെ മമ്മൂട്ടിയോട് അഭ്യർഥിച്ചു.
ഇക്കാര്യത്തിൽ യേശുദാസിന്റെ പാത പിന്തുടരണമെന്നും ദേശീയ അംഗീകാരങ്ങൾ നേടി കേരളത്തിന്റെ അഭിമാനമായി തുടരുകയും ചെയ്യാമെന്നും അദ്ദേഹം കുറിക്കുന്നു.
എന്നാൽ, എൻ. ഇ. സുധീറിന്റെ അഭിപ്രായത്തോട് വളരെ കുറച്ച് പേർ മാത്രമാണ് യോജിക്കുന്നത്. കൂടുതൽ പേരും ശക്തമായ വിയോജിപ്പാണ് കമന്റിലൂടെ പ്രകടിപ്പിച്ചത്. ചലച്ചിത്ര പുരസ്കാരം എന്നത് പ്രോത്സാഹനസമ്മാനമല്ല, മികവിനുള്ള ആദരമാണെന്നും ആരെങ്കിലും ഒരു കസേര ഒഴിഞ്ഞു കൊടുത്തിട്ട് അതിൽ ഓടിക്കയറി ഇരിക്കേണ്ടവരല്ല പുതിയ അഭിനയ പ്രതിഭകളെന്നൊക്കെയുള്ള വിമർശനങ്ങളാണ് ഉയർന്നത്.
എൻ. ഇ. സുധീറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
"പ്രിയപ്പെട്ട മമ്മൂട്ടി, താങ്കൾ എനിക്കേറെ ഇഷ്ടപ്പെട്ട നടനാണ്. ആദരവോടെ നോക്കിക്കാണുന്ന വ്യക്തിയുമാണ്. ഞാനൊക്കെ സിനിമ കണ്ടുതുടങ്ങുന്ന പ്രായമായപ്പോഴേക്കും മികച്ചനടനുള്ള അവാർഡുകൾ താങ്കൾ നേടിത്തുടങ്ങിയിരുന്നു. 1981-ലാണ് അഹിംസ എന്ന സിനിമയിലൂടെ സഹനടനുള്ള ആദ്യത്തെ പുരസ്കാരം താങ്കൾ നേടുന്നത്. പിന്നീട് 1984, 1985, 1989, 1994, 2004, 2009, 2022 എന്നീ വർഷങ്ങളിൽ അഭിനയ മികവിനുള്ള സംസ്ഥാന പുരസ്കാരങ്ങൾ താങ്കൾ കരസ്ഥമാക്കി. ഇന്നലെയിതാ, 2024 ലെ മികച്ച നടനുള്ള പുരസ്കാരം വീണ്ടും നേടിയിരിക്കുന്നു.
സ്നേഹാദരങ്ങളോടെ താങ്കളോട് ഇപ്പോൾ പറയാനുള്ളത്, ഇനിയങ്ങോട്ട് താങ്കൾ സംസ്ഥാന അവാർഡുകൾ വേണ്ടെന്നു വെക്കണം. യേശുദാസിൻ്റെ പാത പിന്തുടരണം. പുതിയ തലമുറയിലെ മിടുക്കരായ നടന്മാർ താങ്കളോട് മത്സരിച്ചു പരാജയപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. താങ്കളുടെ പ്രതിഭ എത്രയോ തവണ തെളിയിക്കപ്പെട്ടതാണ്. ഇനിയും താങ്കൾ നമ്മളെയൊക്കെ വിസ്മയിപ്പിക്കും എന്ന കാര്യത്തിൽ സംശയവുമില്ല. അഭിനയത്തിൻ്റെ വഴിയിൽ പുതുതായി വരുന്നവരുടെ പാഠപുസ്തകമാണ് താങ്കളെന്ന നടൻ.
ദയവായി താങ്കൾ പുരസ്കാരവഴിയിൽ നിന്നും ഇനിയങ്ങോട്ട് മാറി നിൽക്കുക. ദേശീയതലത്തിൽ അംഗീകാരങ്ങൾ നേടി കേരളത്തിൻ്റെ അഭിമാനമായി തുടരുകയും ചെയ്യാം. താങ്കളുടെ അഭിനയത്തിൽ നിന്നും പ്രചോദനം നേടി മുന്നേറുന്ന പുതിയ തലമുറയിലെ പ്രതിഭകൾക്കായ് അവസരങ്ങൾക്ക് വഴിയൊരുക്കുക. അത്തരമൊരു തീരുമാനം താങ്കളിലെ കലാകാരൻ്റെ യശസ്സ് കൂടുതൽ തിളക്കമാർന്നതാക്കും."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

