സെൻസർ ബോർഡ് തടസ്സങ്ങൾ നീങ്ങി: ഓസ്‌കർ നോമിനേറ്റഡ് ചിത്രം'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' ഇന്ത്യയിൽ റിലീസിനൊരുങ്ങുന്നു
text_fieldsദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്
ഗസ്സയിൽ ഇസ്രായേൽ സൈന്യം വധിച്ച അഞ്ച് വയസ്സുകാരി ഹിന്ദ് റജബിന്റെ ജീവിതകഥ പറയുന്ന 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' ഇന്ത്യയിൽ റിലീസിനൊരുങ്ങുന്നു. മാസങ്ങളോളം സെൻസർ ബോർഡിന്റെ കുരുക്കിൽപ്പെട്ടു കിടന്ന ചിത്രത്തിന് ഒടുവിൽ പ്രദർശനാനുമതി ലഭിച്ചു. ജൂൺ 19ന് ചിത്രം തിയറ്ററുകളിൽ എത്തും.
ഈ വർഷം മാർച്ച് മാസത്തിൽ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ, ചിത്രം ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ആദ്യം ഇതിന് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, വലിയ പ്രതിഷേധങ്ങൾക്കും നിയമപരമായ നടപടികൾക്കും ശേഷം, ഒരു വെട്ടും കൂടാതെ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിക്കുകയായിരുന്നു.
ടുണീഷ്യൻ സംവിധായിക കൗതർ ബെൻ ഹനിയയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വെനീഷ്യൻ ചലച്ചിത്രമേളയിലടക്കം വലിയ നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ഡോക്യുമെന്ററിയും ഫിക്ഷനും ചേർത്തുവെച്ചുള്ള ഒരു ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്.
2024 ജനുവരിയിൽ ഗസ്സയിൽ നിന്ന് കുടുംബത്തോടൊപ്പം പലായനം ചെയ്യുന്നതിനിടെയാണ് ഹിന്ദ് റജബ് സഞ്ചരിച്ചിരുന്ന കാറിന് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തത്. കുടുംബാംഗങ്ങളും അവരെ രക്ഷിക്കാൻ വന്ന പാരാമെഡിക്കൽ ജീവനക്കാരും ഇസ്രായേല്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടു. താൻ ഒറ്റക്കാണെന്നും ഭയമാകുന്നുവെന്നും പറഞ്ഞ് റെഡ് ക്രസന്റിന് ഹിന്ദ് നടത്തിയ ഫോൺ കോളുകളെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പ്രദർശന സമയത്ത് കാണികൾ 23 മിനിറ്റോളം എഴുന്നേറ്റുനിന്ന് കൈയടിച്ചിരുന്നു. ‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് മുദ്രാവാക്യവും മുഴക്കിയിരുന്നു. ഹിന്ദിന്‍റെ ഹൃദയഭേദകമായ ഫോൺ വിളിയും രക്ഷാപ്രവർത്തകർ അവളോട് സംസാരിക്കുന്നതിന്റെ ഓഡിയോ റെക്കോർഡിങ്ങുകളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിനിമ കേവലം ഒരു കഥയല്ലെന്നും, യുദ്ധത്തിന്റെ ഭീകരതയും മനുഷ്യദുരന്തവും നേരിട്ട് അനുഭവപ്പെടുന്ന ഒരു അനുഭവമാണെന്നും അണിയറപ്രവർത്തകർ പറയുന്നു. ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുന്നതിലൂടെ വലിയൊരു വിഭാഗം ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കാൻ സാധിക്കുമെന്ന് സംവിധായിക കൗതർ ബെൻ ഹനിയ അഭിപ്രായപ്പെട്ടു.
ജയ് വിരാത്ര എന്റർടൈൻമെന്റ് ലിമിറ്റഡിന്റെ ബാനറിൽ മനോജ് നദ്‌വാനയാണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ഇന്ത്യക്ക് പുറമെ പാകിസ്താൻ, ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സെൻസർ ബോർഡിന്റെ തീരുമാനത്തിൽ നന്ദി അറിയിക്കുന്നതായും, സിനിമയെന്ന മാധ്യമം കഥകൾ പറയുന്നതിനും ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും വളരെ ശക്തമാണെന്നും മനോജ് നദ്‌വാന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

