Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമകളേ ഹിന്ദ് റജബ്,...

മകളേ ഹിന്ദ് റജബ്, നിന്റെ ശബ്ദം അവരുടെ ഉറക്കം കെടുത്തട്ടെ

text_fields
bookmark_border
മകളേ ഹിന്ദ് റജബ്, നിന്റെ ശബ്ദം അവരുടെ ഉറക്കം കെടുത്തട്ടെ
cancel

‘മോളേ, നീ ഇപ്പോൾ എവിടെയാണ്?’

‘‘ഞാൻ കാറിനുള്ളിൽ... ബാക്കി എല്ലാവരും ഉറങ്ങുകയാണ്’’.

‘അവർ ഉറങ്ങിക്കോട്ടെ മോളേ, നീ ശബ്ദമുണ്ടാക്കല്ലേ’

‘‘ഇല്ല... അവർ എല്ലാവരും മരിച്ചു. ഇവിടെ ചുറ്റിലും രക്തമുണ്ട്. എന്നെ തനിച്ചാക്കല്ലേ

ടാങ്ക് എനിക്കരികിലേക്ക് വരുന്നു... ദയവായി എന്നെ വന്ന് രക്ഷിക്കൂ....’’ -2023 ഒക്ടോബർ ഏഴുമുതൽ ഗസ്സയിൽ നിന്നുമാത്രം ഇസ്രായേലി സൈന്യം കൊലപ്പെടുത്തിയ 20,000ത്തിലേറെ കുഞ്ഞുമക്കളിൽ ഒരുവളുടെ അന്ത്യനിമിഷത്തിലെ വാക്കുകളാണിത്. ഹിന്ദ് റജബ് എന്ന അവളുടെ പേരും കിന്റർഗാർട്ടനിലെ അവസാന ദിവസമെടുത്ത കിന്നരിത്തൊപ്പി ധരിച്ചു നിൽക്കുന്ന ആ ആറ് വയസ്സുകാരിയുടെ ചിത്രവും ആരുടെയും മനസ്സിൽനിന്ന് മാഞ്ഞിട്ടുണ്ടാവില്ല ഇപ്പോഴും.

ഗസ്സയിലെ തൽ അൽഹവയിൽ ഇസ്രായേലി സൈനിക ടാങ്കുകളാൽ ആക്രമിക്കപ്പെട്ട കാറിനുള്ളിൽ മരിച്ചുകിടന്ന ബന്ധുക്കൾക്കരികിൽ ഏകദേശം മൂന്നു മണിക്കൂറോളം ഒറ്റപ്പെട്ടുപോയ ഹിന്ദ് റജബിനെയും രക്ഷിക്കാനെത്തിയ സന്നദ്ധപ്രവർത്തകരായ യൂസുഫ് സൈനോ, അഹ്മദ് അൽ മദ്‌ഹൂൻ എന്നിവരെയും 2024 ജനുവരി 29ന് ഇസ്രായേല്‍ പ്രതിരോധസേന കൊലപ്പെടുത്തുകയായിരുന്നു. സയണിസ്റ്റ് പട്ടാളം സൃഷ്ടിച്ച പ്രതിബന്ധങ്ങൾ മൂലം ദിവസങ്ങൾക്ക് ശേഷമാണ് അവരുടെ ഉയിരറ്റ ഉടലുകൾ പോലും കണ്ടെടുക്കാനായത്. കുഞ്ഞുജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ ഹിന്ദ് റജബിനോട് ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ റാമല്ല എമർജൻസി കോൾ സെന്ററിലെ റാനാ ഫഖീഹും ഉമർ അൽഖമും നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ കേട്ട തുനീഷ്യൻ സംവിധായിക കൗസർ ബിൻ ഹനിയയാണ് ഈ ശബ്ദം ലോകമൊട്ടാകെ കേൾപ്പിക്കണമെന്നും അതിക്രമങ്ങൾക്കും അനീതികൾക്കുമെതിരായ നിശ്ശബ്ദത വെടിയാൻ ലോകത്തെ പ്രേരിപ്പിക്കണമെന്നും തീരുമാനിച്ചത്. യഥാർഥ ശബ്ദരേഖ ഉപയോഗിച്ചും എമർജൻസി കോൾ സെന്ററിലെ സംഭവങ്ങൾ പുനർചിത്രീകരിച്ചും തയാറാക്കിയ ‘ദ വോയ്സ് ഓഫ് ഹിന്ദ് റജബ്’ എന്ന ഡോക്യുഡ്രാമയിലൂടെ അവർ ആ ദൗത്യം നിർവഹിക്കുകയും ചെയ്തു. ആദ്യമായി പ്രദർശിപ്പിച്ച വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗ്രാൻഡ് ജൂറി പുരസ്കാരത്തിനർഹമായ ചിത്രം അവിടെ അതിലും വലിയൊരു ബഹുമതിയും സ്വന്തമാക്കിയിരുന്നു-ഹിന്ദിന്റെ ശബ്ദം കരളിൽ പതിഞ്ഞ ചലച്ചിത്ര പ്രേമികളും വിഖ്യാത ചലച്ചിത്ര പ്രവർത്തകരുമടങ്ങുന്ന പ്രേക്ഷകർ 23 മിനിറ്റ് 50 സെക്കൻഡ് നേരമാണ് എഴുന്നേറ്റുനിന്ന് കൈയടിച്ച് ആദരവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചത്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേള ഉൾപ്പെടെ ഒട്ടനവധി വേദികളിൽ ഏറെ സ്വീകാര്യത നേടിയ ചിത്രം ഓസ്‌കര്‍ പുരസ്‌കാരത്തിനും നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.

ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിന് മുമ്പായി മാർച്ച് ആദ്യവാരം ഇന്ത്യയിലും ചിത്രം പ്രദർശനത്തിനെത്തിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും വിഫലമായി. സിനിമക്ക് പ്രദർശനാനുമതി നൽകാൻ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് വിസമ്മതിക്കുകയായിരുന്നു. രാജ്യത്ത് നടന്ന വിവിധ ചലച്ചിത്ര മേളകളിലും നേരത്തേ സിനിമക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. സർക്കാറിന്റെ അനുമതിക്കായി കാത്തുനിൽക്കാതെ കൊൽക്കത്ത ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

സിനിമക്ക് അനുമതി നിഷേധിക്കാൻ അധികൃതർ മുന്നോട്ടുവെച്ച വാദം ശ്രദ്ധിക്കേണ്ടതുണ്ട്: വൈകാരികതയുയര്‍ത്തുന്ന ഈ സിനിമക്ക് രാജ്യത്ത് പ്രദർശനാനുമതി നൽകുന്നത് ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ ബാധിച്ചേക്കുമെന്നാണ് സെന്‍സര്‍ ബോര്‍ഡിലെ ഒരംഗം വിതരണക്കാരെ അനൗദ്യോഗികമായി അറിയിച്ചത്. സെൻസർ ബോർഡിന്റെ ആ ‘കരുതൽ’ ഇന്ത്യ- ഇസ്രായേൽ ബന്ധത്തിന്റെ കാര്യത്തിൽ മാത്രമേയുള്ളൂ എന്നുവേണം നാം മനസ്സിലാക്കാൻ. മുസ്‍ലിം സമുദായത്തെ പൈശാചികവത്കരിക്കാനും കേരള സംസ്ഥാനത്തെ അവമതിക്കാനും ലക്ഷ്യമിട്ട് വിദ്വേഷത്തിന്റെ സ്റ്റുഡിയോകളിൽനിന്ന് പടച്ചുവിട്ട പച്ചക്കള്ളങ്ങളുടെ കേരള സ്റ്റോറികൾക്ക് അനുമതി ഒപ്പിട്ടുനൽകുന്നതിൽ ഇപ്പറഞ്ഞ സെൻസർ ബോർഡിന് ഒരുവിധ കൈവിറച്ചിലോ മനസ്താപമോ ഇല്ലെന്ന് മറക്കരുത്. ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുപ്പ് സീസണോടനുബന്ധിച്ച് പുറത്തിറക്കാനായി വിദ്വേഷ സിനിമകൾ പലതും ഒരുങ്ങുന്നുമുണ്ട്.

ആവിഷ്കാര-അഭിപ്രായ സ്വാതന്ത്ര്യങ്ങളെ ഞെരിച്ചില്ലാതാക്കുകയും വിദ്വേഷ പ്രസംഗകർക്കും വർഗീയ പ്രോപഗണ്ട ചലച്ചിത്രങ്ങൾക്കും അനുമതിയും അംഗീകാരങ്ങളും നൽകുകയും ചെയ്യുന്ന വർത്തമാനകാല ഇന്ത്യയിൽ ഇതുപോലൊരു ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചാലാണ് അത്ഭുതം എന്ന് വന്നിരിക്കുന്നു. സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയാലും ഇല്ലെങ്കിലും ഹിന്ദ് റജബിന്റെ ശബ്ദം എക്കാലവും ഇവിടെ മുഴങ്ങിക്കൊണ്ടേയിരിക്കും... ക്ലാസ് മുറികളിലും എന്തിനേറെ ഗർഭലോകത്തുപോലും സ്വൈരം അനുവദിക്കാതെ കുഞ്ഞുങ്ങളെ അറുകൊല ചെയ്യുന്ന, അതിന് കൂട്ടുനിൽക്കുന്ന അധികാര കേന്ദ്രങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും. മകളേ ഹിന്ദ് റജബ്, നിന്റെ ശബ്ദം നിലക്കാതിരിക്കട്ടെ; ഓർമകൾ മരിക്കാതിരിക്കട്ടെ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineGazaIndian Censor BoardHind Rajab
News Summary - Hind Rajab, May Your Voice Haunt Their Sleep
Next Story