തിരക്കേറിയ പാതയിൽ ഒരു കാർ മാത്രം വിപരീത ദിശയിൽ സഞ്ചരിക്കുന്നു; ആകാംക്ഷയുണർത്തി വിഷ്ണു മോഹൻ-മോഹൻലാൽ ചിത്രം 'L367'
text_fieldsതരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'L366' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതിന് പിന്നാലെ, തന്റെ അടുത്ത പ്രോജക്റ്റും പ്രഖ്യാപിച്ച് മോഹൻലാൽ. 'മേപ്പടിയാൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന 'L367' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രമാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് മോഹൻലാൽ ഈ വാർത്ത പങ്കുവെച്ചത്.
‘വളരെയധികം സന്തോഷത്തോടെ എന്റെ അടുത്ത പ്രോജക്റ്റ് ആയ 'L367' ഞാൻ പ്രഖ്യാപിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഈ ചിത്രത്തിൽ സംവിധായകൻ വിഷ്ണു മോഹനൊപ്പം ഒന്നിക്കുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഈ പുതിയ യാത്രയിൽ നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു’ എന്നാണ് മോഹൻലാൽ കുറിച്ചത്. സിനിമയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ആകാംക്ഷയുണർത്തുന്ന ഒരു പോസ്റ്ററും താരം പങ്കുവെച്ചു. തിരക്കേറിയ ഒരു പാതയിൽ കാറുകൾ ഒരേ ദിശയിലേക്ക് നീങ്ങുമ്പോൾ, ഒരു കാർ മാത്രം വിപരീത ദിശയിൽ സഞ്ചരിക്കുന്നതാണ് പോസ്റ്ററിലുള്ളത്. നിരവധി പേരാണ് കമന്‍റുമായി എത്തിയിട്ടുള്ളത്.
വമ്പൻ കാൻവാസിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ അണിനിരക്കുന്ന ചിത്രം, ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുങ്ങുക. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ താരനിര, സാങ്കേതിക സംഘം എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.
വിഷ്ണു മോഹന്റെ മൂന്നാമത്തെ ചിത്രമാണിത്. ഉണ്ണി മുകുന്ദൻ നായകനായ 'മേപ്പടിയാൻ' ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ബിജു മേനോനും മേതിൽ ദേവികയും ഒന്നിച്ച 'കഥ ഇന്നുവരെ' എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. മോഹൻലാൽ ആരാധകർക്ക് വരും വർഷം വലിയ ആഘോഷങ്ങളാണ് കാത്തിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3 2026 ഏപ്രിൽ 2ന് തിയറ്ററുകളിലെത്തും. മീര ജാസ്മിൻ നായികയായി എത്തുന്ന തരുൺ മൂർത്തി ചിത്രം L366 ഉം പണിപ്പുരയിലാണ്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയ വൻതാരനിര അണിനിരക്കുന്ന സ്പൈ ആക്ഷൻ ഡ്രാമ പേട്രിയറ്റ് 2026 ഏപ്രിൽ 23ന് റിലീസ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

