കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ സിനിമയിലേക്ക്
text_fieldsമൊണാലിസ സംവിധായകനൊപ്പം
ഭോപാൽ: കുംഭമേളക്കിടെ വൈറലായ 16കാരി മൊണാലിസ ബോൺസ്ലെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ചലച്ചിത്ര സംവിധായകൻ സനോജ് മിശ്രയാണ് വിവരം പങ്കുവെച്ചത്. "ഡയറി ഓഫ് വെസ്റ്റ് ബംഗാൾ" എന്ന ചിത്രത്തിൽ മൊണാലിസ ബോൺസ്ലെ അഭിനയിക്കുമെന്ന് സംവിധാകൻ സനോജ് മിശ്ര പ്രഖ്യാപിച്ചു.
ചിത്രം ഒരു പ്രണയകഥയാണെന്നും നായിക വേഷങ്ങളിൽ ഒന്ന് മൊണാലിസ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൊണാലിസയെയും കുടുംബത്തെയും അവരുടെ വീട്ടിൽ വെച്ചാണ് കണ്ടതെന്നും സിനിമയിൽ മൊണാലിസ അഭിനയിക്കാൻ അവർ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുംഭമേളയിൽ മാലകൾ വിൽക്കുന്നതിടെയാണ് മൊണാലിസ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് കുടുംബത്തോടൊപ്പം മേളയിൽ മാല വിൽപനക്കെത്തിയതായിരുന്നു പെൺകുട്ടി. വിദേശചാനലുകളും പ്രാദേശിക ചാനലുകളും ഇന്റർവ്യൂ നടത്തിയതോടെ മൊണാലിസ പ്രശസ്തയായി. ഇവരെ ഇൻറർവ്യൂ ചെയ്യുന്ന വിഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉണ്ടായത്.
യൂട്യൂബർമാരും ചാനലുകളും കുംഭമേളക്കെത്തിയ കാണികളും സെൽഫികൾക്കും വിഡിയോകൾക്കുമായി അവരുടെ അടുത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെ ബിസിനസ് തടസ്സപ്പെട്ടതായി കുടുംബം പറഞ്ഞു. തുടർന്ന് പിതാവ് പെൺകുട്ടിയെ വീട്ടിലേക്ക് തിരിച്ചയക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. മൊണാലിസ മേളയിൽ തുടരുന്നത് നല്ലതല്ലെന്നും ഇൻഡോറിലേക്ക് മടങ്ങുന്നതാണ് അവളുടെ ക്ഷേമത്തിനും ഉപജീവനത്തിനുമുള്ള ഏറ്റവും നല്ല നടപടിയെന്നും പിതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

