ഒടിടിയിലും തരംഗമായി ബത്ത: കുട്ടിതാരത്തിന് കയ്യടിച്ച് വിജയ് സേതുപതി; ‘ഇവനാണ് നായകൻ’
text_fieldsബത്ത സിനിമയിൽ നിന്ന്
ബാലാജി തരണീതരൻ സംവിധാനം ചെയ്ത് വിജയ് സേതുപതി പ്രധാന വേഷത്തിൽ എത്തിയ 'ബത്ത' തിയറ്ററുകളിൽ ഒക്ടോബർ 1ന് ആണ് റിലീസ് ചെയ്തത്. തിയറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയതോടെ വലിയ ചർച്ചയായിരിക്കുകയാണ്. ഹ്യൂമറും ഇമോഷനും കഥയും ഒത്തുചേർന്ന ചിത്രം പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുത്തു കഴിഞ്ഞു.
ഒക്ടോബർ 29ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. മെലോഡ്രാമ ഇല്ല, ഫീൽ ഗുഡ് ചിത്രം എന്നാണ് സിനിമ കണ്ട ഒരു ആരാധകൻ കുറിച്ചത്. തമിഴ്നാട്ടുകാർ ഇടക്ക് വന്ന് ചില പടങ്ങൾ ഇറക്കിയിട്ട് പോവും. അതൊക്കെ മനസിൽ പതിയുന്നവയാണെന്നായിരുന്നു മറ്റൊരു കമന്‍റ്.
ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് വിജയ് സേതുപതിയും ബാലതാരം സായി പൃഥ്വിരാജും തമ്മിലുള്ള കെമിസ്ട്രിയാണ്. 'ബത്ത' എന്ന ചിത്രത്തിലെ യഥാർത്ഥ താരം സായി പൃഥ്വിരാജ് തന്നെയാണെന്നും ആരാധകർ പറയുന്നു. ശബരി എന്ന കഥാപാത്രത്തിലേക്ക് പൂർണ്ണമായും ഇഴുകിച്ചേരാൻ സായിക്ക് കഴിഞ്ഞു എന്നതാണ് എടുത്തുപറയേണ്ടത്, ഇത് തമിഴ് പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
‘വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാന്‍ ഭയം തോന്നിയില്ലേ?’ എന്ന ചോദ്യത്തിന് ‘നല്ല ഭയമുണ്ടായിരുന്നു മനസില്‍. പക്ഷേ അത് അവിടെ തന്നെ പൂട്ടിയിട്ടു. മനസിലെ ഭയം മുഖത്ത് വന്നാല്‍ പിന്നെ നമുക്ക് അഭിനയിക്കാന്‍ പറ്റുമോ?’ എന്നായിരുന്നു സായിയുടെ മറുപടി. അഭിനയത്തിന്റെ അടിസ്ഥാനപരമായ പല കാര്യങ്ങളും തനിക്ക് പറഞ്ഞു തന്നത് വിജയ് സേതുപതിയാണെന്നും സായി പറയുന്നു.
‘നന്നായി പഠിക്കുന്ന കുട്ടിയാണ് സായി. ക്ലാസില്‍ ഫസ്റ്റാണ്. ലൊക്കേഷനില്‍ വന്നിട്ട് ആദ്യമായി അഭിനയിക്കുന്നതിന്റെ ഒരു പരിഭ്രമവും അവനിലുണ്ടായിരുന്നില്ല. ഇത്രയും പടങ്ങള്‍ ചെയ്ത എനിക്കും ലിജാ മോള്‍ക്കും ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ 9 വയസ്സ് മാത്രമുളള സായി ഓരോ സീനും കൂളായി അഭിനയിച്ചിട്ട് പോയി. ഇവനാണ് ബത്തയിലെ നായകൻ’ എന്നാണ് സായിയെ കുറിച്ച് വിജയ് സേതുപതി പറഞ്ഞത്.

