സിനിമാറ്റിക് വിദ്യകളും ട്രിക്ക് ഫോട്ടോഗ്രഫിയും; അക്കാലത്തെ സ്റ്റേജ് നാടകങ്ങളെക്കാൾ വലിയ ഹിറ്റായി മാറിയ 'രാജ ഹരിശ്ചന്ദ്ര'യുടെ കഥ
text_fieldsനിശബ്ദവും കറുപ്പും വെളുപ്പും മുതൽ നിറങ്ങൾ നിറഞ്ഞത് വരെ സീറോ ഗ്രാഫിക്സിൽ നിന്ന് ആനിമേഷൻ വരെ എത്തി നിൽക്കുന്ന ഇന്ത്യൻ സിനിമ. ഇതെല്ലാം ആരംഭിച്ചത് വർഷങ്ങൾക്ക് മുമ്പുള്ള 'രാജ ഹരിശ്ചന്ദ്ര' എന്ന ചിത്രത്തിൽ നിന്നാണ്. ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കെ എന്നറിയപ്പെടുന്ന ധുണ്ടിരാജ് ഗോവിന്ദ് ഫാൽക്കെ സംവിധാനം ചെയ്ത് നിർമിച്ച ഈ നിശബ്ദ ചിത്രം ആദ്യത്തെ ഇന്ത്യൻ ഫീച്ചർ ഫിലിം എന്ന് പരക്കെ കണക്കാക്കപ്പെടുന്നു. 40 മിനിറ്റായിരുന്നു ചിത്രത്തിന്‍റെ ദൈർഘ്യം.
ഹൈന്ദവ പുരാണത്തിലെ രാജാവായ ഹരിശ്ചന്ദ്രന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ഈ നിശബ്ദ ചിത്രം നിർമിച്ചത്. ഇന്ത്യയിൽ പൂർണ്ണമായും തദ്ദേശീയമായി നിർമിച്ച ആദ്യത്തെ മുഴുനീള സിനിമയാണിത്. ഈ ചിത്രമാണ് ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന് അടിത്തറ പാകിയത്. ഇതിൽ സംഭാഷണങ്ങൾക്ക് പകരം ഇംഗ്ലീഷ്, മറാത്തി, ഹിന്ദി ഭാഷകളിൽ എഴുതിയ ഇന്റർടൈറ്റിലുകൾ (Intertitles) ഉപയോഗിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ, അവസാന റീലുകൾ മാത്രമേ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയിൽ സൂക്ഷിച്ചിട്ടുള്ളൂ. എന്നാൽ ഇത് ഈ ചിത്രമാണോ അതോ 1917ലെ ഇതിന്റെ റീമേക്കാണോ എന്ന് വ്യക്തമല്ല.
സിനിമയിൽ സ്ത്രീകൾ അഭിനയിക്കുന്നത് സാമൂഹികമായി അംഗീകരിക്കപ്പെട്ടിരുന്നില്ലാത്തതിനാൽ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പുരുഷന്മാരാണ്. രാജാ ഹരിശ്ചന്ദ്രന്റെ ഭാര്യയായ താരാമതി രാജ്ഞിയുടെ വേഷം ചെയ്തത് അണ്ണാ സാലുങ്കെ എന്ന പുരുഷ നടനായിരുന്നു. ബോംബെ കൊറോണേഷൻ തിയറ്ററിൽ 1913 മേയ് മൂന്നിനാണ് ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്ത്. ഈ ചിത്രത്തിലൂടെ ഡബിൾ എക്‌സ്‌പോഷർ, സ്പെഷ്യൽ ഇഫക്‌റ്റുകൾ തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകളും ഫാൽക്കെ പരീക്ഷിച്ചു. ഇന്ത്യൻ സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ ചലച്ചിത്ര സംഗീതത്തിന്റെ ആശയവും അദ്ദേഹം അവതരിപ്പിച്ചു. സിനിമാറ്റിക് വിദ്യകളും, ട്രിക്ക് ഫോട്ടോഗ്രഫിയും, മനോഹരമായ സെറ്റുകളും അക്കാലത്തെ സ്റ്റേജ് നാടകങ്ങളെക്കാൾ വലിയ ആകർഷണമായി മാറി.
രാജാ ഹരിശ്ചന്ദ്ര എന്ന സിനിമയുടെ വിജയത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. അക്കാലത്ത് ഇന്ത്യയിൽ വിദേശ സിനിമകൾ മാത്രം പ്രദർശിപ്പിച്ചിരുന്ന ഒരു സാഹചര്യത്തിലാണ് ഈ സ്വദേശീയ ചിത്രം വലിയ വിജയമായി മാറിയത്. രാജാ ഹരിശ്ചന്ദ്രന്റെ കഥ ഭാരതീയ പുരാണങ്ങളിൽ വളരെ പ്രശസ്തമായിരുന്നു. ഇത് അക്കാലത്തെ ജനങ്ങൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്കും മധ്യവർഗ്ഗക്കാർക്കും, പെട്ടെന്ന് തിരിച്ചറിയാനും വൈകാരികമായി ബന്ധപ്പെടാനും സാധിച്ചു. സ്റ്റേജ് നാടകങ്ങളിലും ഈ കഥ ജനപ്രിയമായിരുന്നു.
ചിത്രം ഒരു നിശ്ശബ്ദ സിനിമ ആയിരുന്നത് കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള, പല ഭാഷ സംസാരിക്കുന്ന പ്രേക്ഷകർക്കും അത് കാണാൻ സാധിച്ചു. സബ്‌ടൈറ്റിലുകൾ ഉണ്ടായിരുന്നുവെങ്കിലും പ്രധാനമായും ദൃശ്യങ്ങളിലൂടെയാണ് കഥ പറഞ്ഞത്. വിഷ്വൽ സ്റ്റോറിടെല്ലിങ്ങിന് പ്രാധാന്യം നൽകിയതിലൂടെ സിനിമക്ക് ദേശീയതലത്തിൽ സ്വീകാര്യത ലഭിച്ചു. സംവിധായകൻ ദാദാസാഹിബ് ഫാൽക്കെ ഒരു മികച്ച വിപണന തന്ത്രജ്ഞൻ കൂടിയായിരുന്നു. '57,000 ഫോട്ടോഗ്രാഫുകൾ ഉപയോഗിച്ചുള്ള പ്രകടനം', 'രണ്ട് മൈൽ നീളമുള്ള ചിത്രം' എന്നിങ്ങനെയുള്ള പരസ്യ വാചകങ്ങൾ ഉപയോഗിച്ച് അദ്ദേഹം പ്രേക്ഷകരെ ആകർഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

